നാവിൽ വെള്ളമൂറുന്ന ഭക്ഷണങ്ങൾ വിവിധ തത്സമയ തട്ടുകടകൾ ഒരുക്കി ജിദ്ദയിലെ സഹൃദ കൂട്ടായ്മയായ ഗോജ് (ഗയ്സ് ഓഫ് ജിദ്ദ) സംഘടിപ്പിച്ച ഫ്യൂച്ചർ ലൈറ്റ് മൽമൽ ഫുഡ് ഫെസ്റ്റിവൽ പരിപാടിയിലെ വ്യത്യസ്തത കൊണ്ടും ജനപ്രാതിനിത്യം കൊണ്ടും ശ്രദ്ധേയമായി. ഗോജ് വനിതാ അംഗങ്ങളുടെ സഹകരണത്തോട് കൂടിയാണ് പ്രവാസി കൂട്ടായ്മകളിൽ സുലഭമല്ലാത്ത ഇത്തരമൊരു വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്.

മുട്ട മാല, മുട്ട സിർക്ക, മസാല പുട്ട്, കക്കരോട്ടി, നെയ്പത്തിൽ, ചെമ്മീൻ ഉണ്ട, ചട്ടി പത്തിരി, മീൻ അട, മട്ടൺ സ്റ്റൂ, അടൽ ഒറോട്ടി, നെയ്പത്തിൽ, അരി ഒരോട്ടി, തുർക്കി പത്തിൽ തുടങ്ങിയ അഭിമാന വിഭവങ്ങളും കോഴി, മട്ടൺ, ബീഫ്, മീൻ അടങ്ങിയ മറ്റു വ്യത്യസ്ഥ വിഭവങ്ങളും ജിദ്ദ പ്രവാസികൾക്ക് രുചിക്കാനുള്ള അവസരമാണ് മേള ഒരുക്കിയത്. പരമ്പരാഗത വിഭവങ്ങൾ പുതിയ തലമുറയ്ക്കും മറ്റു പ്രദേശത്തുകാർക്കും പരിചയപ്പെടുത്തുകയും ഈ രംഗത്ത് പ്രോത്സാഹനം നൽകുക എന്നതുമായിരുന്നു ഈ മേളയിലൂടെ ലക്ഷ്യമിട്ടത്.

നാട്ടിലെ തട്ടുകടകളുടെ പ്രതീതി ഉണർത്തി സാമിർ കണ്ണൂർ നയിച്ച മൽമൽ തട്ടുകട, അബ്ദുൾ കാദർ മോചെരിയുടെ നേതൃത്വത്തിൽ പുട്ട് കട, ഫിറോസ് കണ്ണൂരും സംഘവും നയിച്ച ഉപ്പിലിട്ട കട, റാസിഖിന്റെ ബോഞ്ചി കട, ഷംസീർ കെ.എം ന്റെ നേതൃത്വത്തിൽ ഒരുക്കിയ മലബാർ വിഭവങ്ങളുടെ തട്ടുകട, നയീമും സംഘവും ഒരുക്കിയ ചെരണ്ടി ഐസ് കട എന്നിവ പരിപാടിയുടെ പ്രത്യേകതയാണ്.

ഗോജ് അംഗങ്ങൾ അവതരിപ്പിച്ച ബോണി M ഡാൻസ്, ജന്റ്‌സ് ഒപ്പന, കുട്ടികളുടെ സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാ പരിപാടികൾ മേളക്ക് കൊഴുപ്പ് കൂട്ടി. നറുക്കെടുപ്പിലൂടെ ഒരു പവൻ ഗോൾഡ് കോയിന് പ്രവീൺ തലശ്ശേരി അർഹനായി. എയർ ടിക്കറ്റ് അടക്കം മറ്റ് വിവിധ ആകർഷകമായ സമ്മാനങ്ങളും സന്ദർശകർക്ക് സമ്മാനിച്ചു.

ഗോജ് കോർ അംഗം മുബാഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ആശിർ, രിഫാസ് കെ.എം എന്നിവർ അവതാരകരായിരുന്നു. അബ്ദുൽ കാദർ മോചെരി നന്ദി പറഞ്ഞു. പരിപാടിക്ക് ചീഫ് കോർഡിനെറ്റർ ഫഹീമും ഗോജ് കോർ അംഗങ്ങളായ ഫിറോസ് കണ്ണൂർ, റഹൂഫ്, ഹിശാം മാഹി എന്നിവരും മറ്റ് ഗോജ് അംഗങ്ങളും നേതൃത്വം നൽകി.