ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും കീഴിലുള്ള സ്‌കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങൾ പി.എസ്.സി.ക്കു വിടാൻ തയ്യാറാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുമ്പോൾ അതിലെ സമുദായ രാഷ്ട്രീയം ചർച്ചയാക്കുകയാണ് ഗോകുലം ഗോപാലൻ. ഇനി അതല്ല തന്റെ കീഴിൽ ഈഴവർക്ക് സാമൂഹ്യ നീതി വാങ്ങിക്കൊടുക്കാൻ കഴിയാത്തതുകൊണ്ട് ഇനി സർക്കാർ അത് ഏറ്റെടുത്ത് നടത്തട്ടെ എന്നാണോ? അത്രയും കൊള്ളരുതാത്തവനാണ് താനെന്ന തിരിച്ചറിവ് നടേശനുണ്ടാകുന്നത് ശുഭോതർക്കമാണെന്ന് പരിഹസിക്കുകയാണ് ഗോകുലം ഗോപാലൻ. ഏതായാലും വെള്ളാപ്പള്ളിയുടെ പ്രസ്താവന എസ് എൻ ഡി പിയിൽ പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്.

എസ്.എൻ.ഡി.പി. യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന മൈക്രോഫിനാൻസ് മൂന്നാംഘട്ട വായ്പവിതരണത്തിന്റെയും വിവിധ ക്ഷേമപദ്ധതികളുടെയും ഉദ്ഘാടനം പൂച്ചാക്കലിൽ നിർവഹിച്ചാണ് വെള്ളാപ്പള്ളി നിർണ്ണായക പ്രഖ്യാപനം നടത്തിയത്. വെള്ളാപ്പള്ളിയുടെ കാലത്തെ നിയമനങ്ങളിൽ വ്യാപക അഴിമതി ഉയർന്നിരുന്നു. വൻ തുക വാങ്ങിയാണ് മിക്കവർക്കും ജോലി നൽകിയതെന്നാണ് ഉയർന്ന ആക്ഷേപം. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. നിലവിൽ പ്രായമേറെയായ വെള്ളാപ്പള്ളിക്ക് താമസിയാതെ തന്നെ യോഗം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും. മകൻ തുഷാർ വെള്ളപ്പള്ളിയെ പകരം എത്തിക്കാനാണ് നീക്കം. എന്നാൽ പ്രതിബന്ധങ്ങൾ ഏറെയാണ്. ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ വിമതർ കരുത്തു കാട്ടുന്നു.

ഹൈക്കോടതിയിൽ നിന്നുള്ള വിധിയും അനുകൂലമല്ല. പിണറായി സർക്കാരും വേണ്ടത്ര താൽപ്പര്യം വെള്ളാപ്പള്ളിയുടെ ആവശ്യങ്ങളോട് കാട്ടുന്നില്ല. എസ് എൻ ഡി പി യോഗത്തിലെ അംഗങ്ങളെല്ലാം വോട്ട് ചെയ്യാനെത്തിയാൽ അട്ടിമറിക്ക് സാധ്യത കൂടും. ഇത് മനസ്സിലാക്കിയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്ന വിമർശനമാണ് പൊതുവേ ഉയരുന്നത്. വെള്ളാപ്പള്ളിയുടെ ആവശ്യം അംഗീക്കാൻ സർക്കാർ പ്രത്യേക നിയമ നിർമ്മാണം നടത്തണം. പല എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മത മാനേജ്മെന്റുകളുടേതാണ്. ഇവരെ പിണക്കി നിയമനങ്ങൾ പി എസ് സിക്ക് വിടാൻ സർക്കാരിന് മുന്നിൽ വെല്ലുവളി ഏറെയാണ്. ഇതും വെള്ളാപ്പള്ളിക്ക് അറിയാം. അങ്ങനെ നടക്കില്ലെന്ന് ഉറപ്പുള്ള കാര്യം ചർച്ചയാക്കി കൈയടി നേടുകയാണ് വെള്ളാപ്പള്ളിയെന്ന വാദവും ശക്തമാണ്.

ഗോകുലം ഗോപാലന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കാൽ നൂറ്റാണ്ടു കാലം എയ്ഡഡ് നിയമനങ്ങൾ വഴി ഈഴവ സമുദായത്തെ കൊള്ളയടിച്ചതിന് ശേഷം നിയമനം എല്ലാം സർക്കാറിന് വിട്ടുകൊടുക്കാം എന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കൊള്ളക്കാരന്റെ ജീർണിച്ച വേദോപദേശം പോലെ മലീമസമാണ്. പണമില്ലാത്ത ഈഴവർക്ക് സ്വന്തം സമുദായ സംഘടനയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിലും അഡ്‌മിഷനും ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയ ആളാണ് നടേശൻ.

മഹാനായ ആർ ശങ്കർ സ്ഥാപിച്ച എസ്എൻ ട്രസ്റ്റിലെ നിയമനങ്ങൾ വഴി ശതകോടികളാണ് വെള്ളാപ്പള്ളി നടേശനും കുടുംബവും ഇതിനോടകം സ്വന്തമാക്കിയത്. 5000 രൂപ കുറഞ്ഞതിന്റെ പേരിൽ അഡ്‌മിഷൻ നിഷേധിക്കപ്പെട്ട അഞ്ജു എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തത് ഇതേ വെള്ളാപ്പള്ളിയുടെ കീഴിലെ സ്ഥാപനത്തിന്റെ കൊള്ളകൊണ്ടല്ലേ? അങ്ങനെ എത്രയോ പാവപ്പെട്ടവരുടെ ജീവിതം നശിപ്പിച്ചുകളഞ്ഞിട്ട് അധികാരം നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ തന്റെ പൂർവകാല ചരിത്രത്തെയെല്ലാം വെള്ളപൂശാൻ നടത്തുന്ന ഇത്തരം പ്രസ്താവനകൾ ജനങ്ങൾ തള്ളിക്കളയും.

വെള്ളാപ്പള്ളി നടേശന് മുൻപ് മാതൃകപരമായി നിയമനങ്ങളുടെ കാര്യത്തിൽ ഇടപെട്ടിരുന്ന നേതൃത്വം എസ്എൻഡിപിക്കുണ്ടായിരുന്നു. എന്നാൽ വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രെട്ടറി ആയതിനു ശേഷം എസ് എൻ ട്രസ്റ്റിലെയും എസ്എൻഡിപി യോഗത്തിലെയും നിയമനങ്ങൾ സ്വന്തം കീശ വീർപ്പിക്കാനുള്ള ഉപാധിയാക്കി മാറ്റി. നിയമനം നടത്തുന്നത് മാനേജരും ശമ്പളം കൊടുക്കുന്നത് സർക്കാരും എന്ന സ്ഥിതി ജനാധിപത്യവിരുദ്ധമാണെങ്കിൽ കഴിഞ്ഞ 25 വർഷം താൻ പ്രവർത്തിച്ചത് ജനാധിപത്യവിരുദ്ധമായിട്ടാണ് എന്ന് കുറ്റസമ്മതം നടത്തുകയല്ലേ നടേശൻ ചെയ്തത്?

ഇനി അതല്ല തന്റെ കീഴിൽ ഈഴവർക്ക് സാമൂഹ്യ നീതി വാങ്ങിക്കൊടുക്കാൻ കഴിയാത്തതുകൊണ്ട് ഇനി സർക്കാർ അത് ഏറ്റെടുത്ത് നടത്തട്ടെ എന്നാണോ? അത്രയും കൊള്ളരുതാത്തവനാണ് താനെന്ന തിരിച്ചറിവ് നടേശനുണ്ടാകുന്നത് ശുഭോതർക്കമാണ്. പക്ഷെ അതിനൊരു സമുദായത്തെ കുരുതികൊടുക്കാൻ അനുവദിക്കില്ല. എസ്എൻഡിപി യോഗത്തിലെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം നൽകിക്കൊണ്ടുള്ള ചരിത്രവിധിയുടെ പശ്ചാത്തലത്തിൽ ഇനിയും ഇത്തരം പ്രലോഭനങ്ങളുമായി സർക്കാരിന് മുന്നിൽ നടേശൻ എത്തുമെന്ന് ഉറപ്പാണ്. പക്ഷെ അതൊക്കെ തിരിച്ചറിയാൻ സർക്കാരിന് വിവേകമുണ്ട് എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്.

വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം ഇങ്ങനെ

സ്വകാര്യ വിദ്യാലയങ്ങളിൽ നിയമനം നടത്തുന്നത് മാനേജരും ശമ്പളം നൽകുന്നതു സർക്കാരുമാണ്. ഇത് എന്തൊരു ജനാധിപത്യമാണ്? സ്വകാര്യ വിദ്യാലയങ്ങളിലെ എല്ലാ നിയമനങ്ങളും പി.എസ്.സി.ക്കു വിടണം. കേരളത്തിലെ ജനസംഖ്യയിൽ 17 ശതമാനം മാത്രമുള്ള ഒരു സമുദായം 3,500 സ്‌കൂളുകളാണ് കൈവശംവെച്ചിരിക്കുന്നത്. 33 ശതമാനമുണ്ടായിരുന്ന ഈഴവരിന്ന് 25 ശതമാനമായി കുറഞ്ഞു. മറ്റുള്ള സമുദായങ്ങൾ അതേസമയം 33-38 ശതമാനം വരെ അംഗസംഖ്യ ഉയർത്തുകയും ചെയ്തുവെന്നും വെള്ളാപ്പള്ളി പറയുന്നു.

ഈഴവരുടെ സംഖ്യ ഇനിയും കുറഞ്ഞാൽ ഇങ്ങനെയൊരു വിഭാഗം ജീവിച്ചിരുന്നുവെന്നത് ചരിത്രത്തിൽ മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ ഈഴവർ ചിഹ്നംനോക്കി കുത്തിയപ്പോൾ മറ്റു സമുദായങ്ങൾ സ്ഥാനാർത്ഥികളുടെ പേരുനോക്കി കുത്തി. മറ്റുള്ള സമുദായങ്ങൾ വോട്ടുബാങ്കായി മാറിയെന്നും സംവരണത്തിൽ അട്ടിമറി നടക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.