- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണീയർക്ക് ഒരു നേട്ടവും ലഭിച്ചിട്ടില്ല; എസ്.എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളിയും കുടുംബവും മോഷ്ടിക്കുന്നത് ശതകോടികൾ; ഹൈക്കോടതി വിധി അട്ടിമറിക്കാൻ ശ്രമമെന്നും ഗോകുലം ഗോപാലൻ; എസ്.എൻ.ഡി.പി സംയുക്ത സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ അണിനിരന്നത് ആയിരങ്ങൾ
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഗോകുലം ഗോപാൻ. എസ്എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളി ശതകോടികൾ മോഷ്ടിച്ചു. എസ്എൻഡിപിയിലെ വെള്ളാപ്പള്ളിയുടെ ഗുണ്ടായിസവും കുടുംബാധിപത്യവും ഇനിയും അനുവദിച്ചു നൽകേണ്ടതില്ല. അല്പമെങ്കിലും നാണമുണ്ടെങ്കിൽ വെള്ളാപ്പള്ളി സ്ഥാനമൊഴിയണമെന്നും ഗോകുലം ഗോപാലൻ ആവശ്യപ്പെട്ടു.
എസ്.എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളിയും കുടുംബവും മോഷ്ടിക്കുന്നത് ശതകോടികളാണെന്നും വാർഷിക വരുമാനം ഏറെയുള്ള എസ്.എൻ.ഡി.പി യോഗത്തിലൂടെ ശ്രീനാരായണീയർക്ക് ഒരു നേട്ടവും ലഭിച്ചിട്ടില്ലെന്നും ഗോകുലം ഗോപാലൻ ആരോപിച്ചു. ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി സംയുക്ത സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാത്തിനും വെള്ളാപ്പള്ളിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.ജനറൽ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി ഒഴിയണം. എസ്എൻഡിപിയിൽ തെരെഞ്ഞെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കണം. ധൈര്യമുണ്ടെങ്കിൽ വെള്ളാപ്പള്ളി തെരെഞ്ഞെടുപ്പ് നേരിടണമെന്നും ഗോകുലം ഗോപാലൻ വെല്ലുവിളിച്ചു.
ഹൈക്കോടതി വിധി അട്ടിമറിക്കാനാണ് ശ്രമം. ആരാണ് വെള്ളാപ്പള്ളിയെ തെരഞ്ഞെടുത്തതും നേതാവാക്കിയതും. ബന്ധുക്കളും ജോലിക്കാരും മാത്രം പങ്കെടുക്കുന്ന തെരഞ്ഞെടുപ്പിലൂടെയാണോ കേരളത്തിലെ ഈഴവരുടെ നേതാവിനെ കണ്ടത്തേണ്ടത്. ഈഴവരുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം കേരളത്തിലെ എല്ലാ ശ്രീനാരായണീയർക്കും നേടിക്കൊടുക്കാനായാണ് ഈ സമരം നടത്തുന്നതെന്നും മാർച്ചിൽ ഗോകുലം ഗോപാലൻ പ്രതികരിച്ചു.
കേരളത്തിലെ ശ്രീനാരായണീയർക്ക് കാൽനൂറ്റാണ്ടായി അവരുടെ ശബ്ദം നഷ്ടപ്പെട്ടിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ ഗുണ്ടായിസത്തെ ഭയന്ന് ഇനിയും മിണ്ടാതിരിക്കാൻ തനിക്കാവില്ല. വെള്ളാപ്പള്ളി കുടുംബാധിപത്യം അവസാനിപ്പിച്ചില്ലെങ്കിൽ അത് ഗുരുനിന്ദയാകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ കൈയിൽ നിന്ന് എസ്.എൻ.ഡി.പി യോഗത്തെ തിരിച്ചു പിടിക്കണം.
വെള്ളാപ്പള്ളി ഒരു അഴിമതിക്കാരനാണെന്ന് കൊച്ച് കുഞ്ഞുങ്ങൾക്ക് വരെ അറിയാം. പക്ഷേ അദ്ദേഹം അതിനെ ഒരു പുരസ്‌കാരമായാണ് കാണുന്നത്. തോൽക്കുമെന്ന ഭീതി മൂലമാണ് വെള്ളാപ്പള്ളി ജനാധിപത്യ തെരഞ്ഞെടുപ്പിനെ എതിർക്കുന്നത്. ജീവൻ നഷ്ടപ്പെട്ടാലും എസ്.എൻ.ഡി.പിയെ വെള്ളാപ്പള്ളിയിൽ നിന്ന് മോചിപ്പിക്കുമെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കി.
എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ട് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഹൈക്കോടതി വിധിയനുസരിച്ച്, അംഗങ്ങൾക്കെല്ലാം വോട്ടവകാശം നൽകി എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എസ്.എൻ.ഡി.പി യോഗം സംയുക്ത സമരസമിതിയുടെ ആവശ്യം. വാർഷിക റിട്ടേണും ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റും തുടർച്ചയായി ആറുവർഷം ഫയൽ ചെയ്യാതിരുന്നതുമൂലം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ അയോഗ്യരായിരിക്കുകയാണെന്ന് സംയുക്ത സമരസമിതി ചെയർമാൻ ഗോകുലം ഗോപാലൻ വ്യക്തമാക്കിയിരുന്നു.
ഇതിന് മുമ്പും വെള്ളാപ്പള്ളി നടേശനെതിരെ ഗോകുലം ഗോപാലൻ രംഗത്തെത്തിയിരുന്നു. അഴിമതിയും കൊള്ളയും കുടുംബാധിപത്യവും മുഖമുദ്രയാക്കിയ വെള്ളാപ്പള്ളി നടേശൻ നേതാവായി വന്നത് മുതൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പൂർണരൂപം മറ്റൊന്നായി തീർന്നോയെന്ന് തനിക്കറിയില്ലെന്നായിരുന്നു ഗോകുലം ഗോപാലന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
നേരത്തെ ഗോകുലം ഗോപാലനെതിരെ ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നിരുന്നു. ഗോകുലം ഗോപാലൻ ശകുനിമാരെ മുന്നിൽനിർത്തി കളിക്കുന്നയാളാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. ഗോപാലനെ വീട്ടിൽ കയറ്റാൻ കൊള്ളില്ല. ഗോപാലൻ എവിടെ ഒട്ടിയാലും അവിടം പറിച്ചോണ്ട് പോകുന്നയാളാണ്. മറ്റുള്ളവരെ ചതിച്ച് സ്വത്തുണ്ടാക്കിയ ചരിത്രമാണ് ഗോപാലന്റേതെന്നും എസ്എൻഡിപി എന്നതിന്റെ പൂർണ്ണ രൂപം പോലും അക്ഷരം തെറ്റാതെ പറയാൻ ഗോകുലം ഗോപാലന് അറിയില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു
ശ്രീനാരായണ ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലനാണെന്ന സുഭാഷ് വാസുവിന്റെ ആരോപണതോടെയാണ് ഇരു വ്യക്തികളും തമ്മിൽ പരസ്യമായ വാഗദ്വത്തിലേക്ക് നീങ്ങിയത്. അഭിപ്രായ ഭിന്നതയെ തുടർന്ന് സുഭാഷ് വാസു വെള്ളാപ്പള്ളിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. പിന്നീട് സകലതും ഏറ്റുപറഞ്ഞാണ് തിരിച്ച് വെള്ളാപ്പള്ളി നടേശന്റെ പാളയത്തിലെത്തിയത്.
മാവേലിക്കരയിലെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളെ തുടർന്ന് ഒന്നരവർഷം മുൻപാണ് സുഭാഷ് വാസു, വെള്ളാപ്പള്ളിയുമായി അകന്നത്. എന്നാൽ ഗോകുലം ഗോപാലന്റെ തന്ത്രങ്ങളിൽ അകപ്പെട്ടാണ് താൻ ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് ഇപ്പോൾ സുഭാഷ് വാസു പറഞ്ഞത്. തനിക്കെതിരെ ആരോപണമുന്നയിച്ച സുഭാഷ് വാസുവിന് ഏകാധിപത്യ സ്വഭാവമാണെന്നും കട്ടച്ചിറ എഞ്ചിനിയറിങ് കോളേജ് ഏറ്റെടുത്ത ശേഷം കണ്ടത് സുഭാഷ് വാസുവിന്റെ ധാർഷ്ട്യമാണെന്നും ഗോകുലം ഗോപാലൻ പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ