കണ്ണൂർ: കാസർകോട് ജില്ലയിൽ മുസ്ലിം ലീഗിനെ കുടുക്കിയതിനു സമാനമായി കണ്ണൂരിലും ഫാഷൻ ഗോൾഡ് ജൂവലറി മോഡൽ തട്ടിപ്പ്.രണ്ടുകോടിയോളം നഷ്ടപ്പെട്ടുവെന്ന നിക്ഷേപകരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ജൂവലറി ജനറൽ മാനേജരായ മുസ്ലിം ലീഗ് നേതാവിനെതിരെയാണ് പൊലിസ് അന്വേഷണം നടത്തുന്നത്. എന്നാൽ ഇയാൾ സ്ഥലത്തു നിന്നും മുങ്ങിയിരിക്കുകയാണ് കണ്ണൂർ ടൗൺ പൊലിസാണ് കേസെടുത്തത്. മുസ്ലിം ലീഗ് പുഴാതി മേഖലാപ്രസിഡന്റ് കെ.പി നൗഷാദിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. പണം നഷ്ടപ്പെട്ട ഏഴുപേരാണ് കണ്ണൂർ എ.സി.പിക്കു പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്. കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള അൻപതോളം പേരാണ് തട്ടിപ്പിനി്രയായത്. ഇതു സംബന്ധിച്ചു നിക്ഷേപകർ മുസ്ലിം ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട. കണ്ണൂർ ഫോർട്ട് റോഡിലെ സി.കെ ഗോൾഡിൽ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്നു മുസ്ലിം ലീഗ് നേതാവായ നൗഷാദ്. ജനറൽ മാനേജരെന്നു പറഞ്ഞാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്.

ഓരോ നിക്ഷേപകരിൽ നിന്നും കൂടുതൽ പലിശയും ലാഭവിഹിതവും നൽകാമെന്നു പറഞ്ഞാണ് നൗഷാദ് പണം വാങ്ങിയത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം മുതൽ 20 ലക്േം വരെ ജൂവലറിയിൽ നിക്ഷേപിച്ചവരുണ്ട്. ഒരു ലക്ഷത്തിന് പ്രതിമാസം മൂവായിരം മുതൽ ആറായിരം രൂപവരെ വാഗ്ദ്ധാനം ചെയ്താണ നിക്ഷേപം സ്വീകരിച്ചത്.

കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശവാഗ്ദ്ധാനം ചെയ്തിരുന്നു. പ്രവാസികളാണ് നൗഷാദിന്റെ തട്ടിപ്പിന്കൂടുതൽ ഇരയായത്. പണം നഷ്ടപ്പെട്ട ചിലർ നേരത്തെ മുസ്ലിം ലീഗ് നേതൃത്വത്തെ വിവരമറിയിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ചു അന്വേഷണം നടത്തുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. ഫാഷൻ ഗോൾഡ് മോഡൽ തട്ടിപ്പ് കണ്ണൂരിലും ആവർത്തിച്ചത് മുസ്ലിം ലീഗ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.