- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺസുലിനേയും അറ്റാഷയേയും ഒരു വർഷം വീട്ടുതടങ്കലിലാക്കി യുഎഇ; ജോലിയിൽ നിന്ന് പുറത്താക്കിയതും സ്വർണ്ണ കടത്തിലെ തെളിവുകൾ അംഗീകരിച്ച്; ശിക്ഷ അനുഭവിച്ചവരെ ഇനി ഇന്ത്യയ്ക്ക് വിട്ടികിട്ടില്ല; ഫൈസൽ ഫരീദുള്ളത് ദുബായിലെ ജയിലിലും; രക്ഷപ്പെടുന്നത് കേരളത്തിലെ രാഷ്ട്രീയക്കാർ; സ്വർണ്ണകടത്ത് കേസിൽ ഇനി ചോദ്യം ചെയ്യലുകൾ ഉണ്ടാകില്ല
കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലേക്കു നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ യു.എ.ഇ. കോൺസൽ ജനറലിനെയും അറ്റാഷെയേയും കസ്റ്റംസിനു അറസ്റ്റു ചെയ്യാൻ കഴിയില്ല. ഇന്ത്യയിലെ കേസിൽ പ്രതികളായ ഇരുവരെയും യു.എ.ഇ. സർക്കാർ ജോലിയിൽനിന്നു പുറത്താക്കിയെന്നും ഒരുവർഷം വീട്ടുതടങ്കലിലാക്കിയെന്നുമാണു വിദേശകാര്യമന്ത്രാലയത്തിനു ലഭിച്ച വിവരം. ഈവിവരം കസ്റ്റംസിനു കൈമാറി. ഇരുവരെയും യു.എ.ഇതന്നെ ശിക്ഷിച്ചു എന്നാണ് വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചതെന്നാണ് സൂചന.
ഇനി ഇന്ത്യയിലെത്തിച്ചോ അല്ലാതെയോ ചോദ്യംചെയ്യലിന് അനുമതി ലഭിക്കില്ലെന്നാണു കസ്റ്റംസ് വിലയിരുത്തൽ. എംബസി മുഖേന ചോദ്യാവലി അയച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ കസ്റ്റംസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബി കോവിഡ് വ്യാപനത്തിനു തൊട്ടുമുമ്പും കോൺസൽ ജനറലിന്റെ ചുമതല വഹിച്ച അറ്റാഷെ റാഷിദ് ഖമീസ് അലി സ്വർണം പിടിച്ചതിനു പിന്നാലെയുമാണു സ്വദേശത്തേക്കു കടന്നത്. യു.എ.ഇയുമായുള്ള സൗഹൃദം ഇല്ലാതാക്കാൻ കേന്ദ്രസർക്കാരിനും താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ഇവരെ വിട്ടുകിട്ടാൻ ഇനി സമ്മർദ്ദം ചെലുത്തില്ല.
ദുബായിൽനിന്നു സ്വർണം കയറ്റിവിട്ട കൊടുങ്ങല്ലൂർ സ്വദേശി ഫൈസൽ ഫരീദിനെ തിരിച്ചെത്തിക്കാൻ കഴിഞ്ഞിട്ടില്ല. പ്രധാനമായും എൻ.ഐ.എ. കേസിലാണു ഫൈസലിനെ വിട്ടുകിട്ടേണ്ടത്. എന്നാൽ, മറ്റൊരു കേസിൽ ഇയാൾ ദുബായിൽ ശിക്ഷ അനുഭവിക്കുകയാണെന്നാണ് ഇന്ത്യൻ എംബസി വഴി ലഭിച്ച വിവരം. ശിക്ഷ പൂർത്തിയായശേഷമേ ഇയാളെ വിട്ടുകിട്ടാൻ വിദൂരസാധ്യതയെങ്കിലുമുള്ളൂ. ഇന്ത്യയ്ക്ക് കൈമാറാതിരിക്കാനാണ് ഇയാളെ ജയിലിൽ അടച്ചതെന്ന വാദവും ഉണ്ട്.
നയതന്ത്ര ബാഗേജിൽ പലതവണയായി കൊണ്ടുവന്ന സ്വർണം തമിഴ്‌നാട്ടിലെയും മംഗലാപുരത്തെയും ജൂവലറികളിൽനിന്നു കണ്ടെടുത്തിരുന്നു. ഇതോടെയാണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. പിടിയിലായ പ്രതികളുടെ മൊഴിയിൽ രാഷ്ട്രീയനേതാക്കളെപ്പറ്റി പരാമർശമുണ്ടെങ്കിലും നടപടിയെടുക്കാൻ തക്ക തെളിവില്ലെന്നാണു കസ്റ്റംസിനു ലഭിച്ച നിയമോപദേശം. കോൺസൽ ജനറലിനെയും അറ്റാഷെയേയും ചോദ്യംചെയ്യാൻ കഴിയാത്തതിനാലാണു കേസ് രാഷ്ട്രീയക്കാരിലേക്ക് എത്തിക്കാൻ കസ്റ്റംസിനു കഴിയാതിരുന്നത്.
2020 ജൂൺ 30-നു തിരുവനന്തപുരത്തെത്തിയ ബാഗേജിൽനിന്നാണു 14.5 കോടി രൂപയുടെ 30 കിലോയോളം സ്വർണം കസ്റ്റംസ് പിടിച്ചത്. കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ, കെ.ടി. റമീസ് എന്നിവരുൾപ്പെടെ 24 പ്രതികളാണുള്ളത്. യു.എ.ഇയിൽനിന്നു 2020 നവംബർ മുതൽ 21 തവണ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തി. ഓരോതവണയും കോൺസുലേറ്റ് അധികൃതർക്ക് 1500 ഡോളർ വീതം പ്രതിഫലം നൽകിയെന്നാണു സ്വപ്നയുടെ മൊഴി.
ദുബായിൽനിന്ന് മലയാളിയായ ഫൈസൽ ഫരീദാണ് തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ അഡ്‌മിൻ അറ്റാഷെയുടെ പേരിൽ 30 കിലോ സ്വർണം ഗൃഹോപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് അയച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. ഈ രണ്ടുപേരെയും ചോദ്യംചെയ്യാൻ കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണസംഘങ്ങൾക്കു സാധിച്ചിട്ടില്ലെന്നത് കേസിൽ തിരിച്ചടിയായേക്കും. നയതന്ത്ര സ്വർണക്കടത്ത് കേസിന് ആധാരമായ 30 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിൽനിന്ന് എയർ കാർഗോയായി എത്തിയത് അന്നത്തെ അഡ്‌മിൻ അറ്റാഷെയായിരുന്ന റാഷിദ് ഖാമിസ് അലിയുടെ പേരിലായിരുന്നു. ഈ വ്യക്തിയുടെ മൊഴിയില്ലാതെ കേസു പോലും നിലനിൽക്കില്ല.
അങ്ങനെ വന്നാൽ എല്ലാ പ്രതികളും രക്ഷപ്പെടും. ഈ സാഹചര്യത്തിലാണ് സ്വപ്നാ സുരേഷ് അടക്കമുള്ളവർ കരുതലോടെ പ്രതികരണങ്ങൾ നടത്തുന്നത്. ഈ കേസ് അട്ടിമറിക്കപ്പെട്ടാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പ്രതിസന്ധിയിലാകും. കോൺസുലേറ്റിലെ ചാർജ് 'ഡി' അഫയേഴ്‌സ് ചുമതലയുള്ള നയതന്ത്രപ്രതിനിധികൂടിയായിരുന്നു റാഷിദ്. നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് സംഘം ജമാൽ ഹുസൈൻ അൽ സാബിയെയും അന്നത്തെ കോൺസുൽ ജനറൽ ജമാൽഹുസൈൻ അൽസാബിയെയും കുറ്റാരോപിതരുടെ പട്ടികയിൽ ചേർത്തിരുന്നു. ഇരുവർക്കും കാരണംകാണിക്കൽ നോട്ടീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുഖാന്തരം അയച്ചിരുന്നു.
കേസ് അന്വേഷിച്ച മറ്റൊരു കേന്ദ്രാന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുൻ അറ്റാഷെ റാഷിദ് ഖാമിസ് അലിയെ എതിർകക്ഷിയാക്കി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിന്റെ വിലാസത്തിൽ അയച്ച നോട്ടീസ് റാഷിദ് വിദേശത്താണെന്ന കാരണത്താൽ മടക്കി. ഇതേത്തുടർന്ന് ഇ.ഡി. നോട്ടീസ് പരസ്യമായാണ് പ്രസിദ്ധീകരിച്ചത്. സ്വർണവുമായി വന്ന കാർഗോ തുറക്കാൻ അഡ്‌മിൻ അറ്റാഷെയുടെ സമ്മതം കസ്റ്റംസ് തേടിയിരുന്നു. അപ്പോൾ മാത്രമാണ് റാഷിദിന്റെ മൊഴിയെടുത്തത്. എന്നാൽ, സ്വർണം കണ്ടെത്തി കേസെടുത്തശേഷം മൊഴിയെടുത്തിട്ടില്ല. ഇതാണ് കേസിനെ പ്രതികൂലമായി ബാധിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ