- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ ഡിമാൻഡ് കുറയുന്നതു മുന്നിൽക്കണ്ട് കൂടുതൽ വരുമാനമുണ്ടാക്കാൻ അധിക നികുതി; കള്ളക്കടത്തുകാർക്ക് കൊയ്തു കാലം നൽകുന്ന വർദ്ധന; അടിസ്ഥാന ഇറക്കുമതി തീരുവ കൂട്ടിയത് സ്വർണ്ണ വിലയേയും ഉയർത്തും; ഇത് തീർത്തും അപ്രതീക്ഷിത തീരുമാനം
കൊച്ചി: സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 7.5 ൽ നിന്നും 12.5 ആയി കേന്ദ്ര സർക്കാർ ഉയർത്തുന്നത് പണപ്പെരുപ്പം പിടിച്ചു നിർത്തുകയെന്ന ലക്ഷ്യത്തോടെ. നിക്ഷേപത്തിന് സ്വർണം കൂടുതലായി വാങ്ങുന്നത് തടയാൻ കൂടിയാണ് ഇത്. ഇറക്കുമതി കൂടുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നു. ഈ സാഹചര്യത്തിൽ രൂപയുടെ വിപണനം കുറയ്ക്കുക കൂടി ഇതിന്റെ ലക്ഷ്യമാണ്. വിലക്കയറ്റം കാരണം റിസർവ്വ് ബാങ്ക് ഈ മാസം പലിശ നിരക്കുയർത്തിയിരുന്നു. പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ ഡിമാൻഡ് കുറയുന്നതു മുന്നിൽക്കണ്ട് കൂടുതൽ വരുമാനമുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ ഉപഭോഗത്തിനായി ഭൂരിഭാഗവും സ്വർണം ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ വില നിലതെറ്റി താഴോട്ട് പോകുന്നു. അതുകൊണ്ട് കടുത്ത നടപടികൾ അനിവാര്യതയാണ്. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ധന വിലയെ പോലും ബാധിക്കും. ഇത് മനസ്സിലാക്കിയാണ് ഇറക്കുമതി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. തീരുവ വർധിപ്പിച്ചതോടെ മൾട്ടി കമ്മോദിറ്റി എക്‌സ് ചേഞ്ചിൽ 3 ശതമാനം ഉയർന്നാണ് സ്വർണ വ്യാപാരം നടക്കുന്നത്.
അതുകൊണ്ട് തന്നെ ഇനിയും സ്വർണ വില കൂടും. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു കള്ളക്കടത്തു തടയുമെന്ന ഒരു തീരുമാനത്തിലായിരുന്നു മുൻപ് കേന്ദ്ര സർക്കാർ. എന്നാൽ അതിവേഗം തീരുമാനം മാറ്റി. ഇതോടെ സ്വർണ്ണ കള്ളക്കടത്തുകാർ കൂടുതൽ സജീവമാകും. ഇത് മനസ്സിലാക്കി വിമാനത്താവളത്തിലും മറ്റും നിരീക്ഷണവും കരുതലും ശക്തമാക്കും.
കുറച്ചു ദിവസങ്ങളായി കുറഞ്ഞു നിന്നിരുന്ന സ്വർണ വില പെട്ടെന്ന് ഉയരുന്നത് കല്യാണ, ഉൽസവ സീസണുകളിൽ പ്രതിസന്ധിയാകും. തീരുവ ഉയർത്തിയതോടെ സംസ്ഥാനത്തും സ്വർണ വില കുത്തനെ ഉയർന്നു. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഇതോടെ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് യഥാക്രമം 4,665 രൂപയിലും പവന് 37,320 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ജൂൺ മാസത്തിന്റെ അവസാന ദിവസങ്ങളിൽ സ്വർണ്ണവില കുത്തനെ ഇടിയുന്ന കാഴ്ചയാണ് വിപണി കണ്ടത്. 800 രൂപയാണ് മൂന്നു ദിവസത്തിനുള്ളിൽ മാത്രം കുറഞ്ഞത്.
ജൂൺ 11 മുതൽ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് കഴിഞ്ഞ മാസത്തെ എറ്റവും ഉയർന്ന വില. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് വീഴുന്നത് സ്വർണത്തിന് അനുകൂലമായേക്കാം. അമേരിക്കൻ ബോണ്ട് യീൽഡ് 3% ൽ താഴെയായാണ് വ്യാപാരം തുടരുന്നത്. 1800 ലേക്ക് വീണ രാജ്യാന്തര സ്വർണ വില ഇവിടെ പിന്തുണ പ്രതീക്ഷിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ