തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കസ്റ്റംസ് ഒത്താശയോടെ ട്രാവൽ ഏജൻസി ഉടമ ഒരു കിലോ സ്വർണം കള്ളക്കടത്ത് നടത്തിയ കേസിൽ വനിതാ കസ്റ്റംസ് സൂപ്രണ്ടിനും കസ്റ്റംസ് ഹവിൽദാറിനും ജാമ്യം. ഒന്നാം പ്രതി കസ്റ്റംസ് ഹവിൽദാർ ജി. റാണി മോൾ , മൂന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് ആൻസി ഫിലിപ്പ് എന്നിവർക്കാണ് തിരുവനന്തപുരം സിബിഐ കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവ് നശിപ്പിക്കരുത്. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യ ബോണ്ട് കണ്ടു കെട്ടി പ്രതികളെ കൽതുറുങ്കിലിട്ട് വിചാരണ ചെയ്യുമെന്നും സിബിഐ സ്‌പെഷ്യൽ ജഡ്ജി കെ. സനിൽകുമാർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കി. രണ്ടാം പ്രതി ട്രാവൽസ് ഉടമ സബീർ അബ്ദുൾ കരീം മാർച്ച് 15 ന് ഹാജരാകാൻ കോടതി അന്ത്യശാസനം നൽകി.

2018 മാർച്ചിലാണ് കേസിനാധാരമായ സംഭവം നടന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഹവിൽദാറായിരുന്ന ജി. റാണി മോൾ , ട്രാവൽ ഏജൻസി ഉടമ സബീർ അബ്ദുൾ കരീം , കസ്റ്റംസ് സൂപ്രണ്ട് ആൻസി ഫിലിപ്പ് എന്നിവരാണ് സ്വർണ്ണ കള്ളക്കടത്ത് കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ. നാലാം പ്രതി കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിനെ പ്രോസിക്യൂഷൻ കേസ് ബലപ്പെടുത്താൻ കുറ്റ പത്രത്തിൽ മാപ്പു സാക്ഷിയാക്കി.

ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് (ഡി.ആർ.ഐ) ആണ് പ്രതികളെ തൊണ്ടി മുതലായ 35 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണം സഹിതം കൈയോടെ പിടികൂടിയത്. മെറ്റൽ ഡിറ്റക്ടർ പരിശോധന ഹാളിന്റെ സമീപത്ത് വച്ച് ട്രാവൽ ഏജൻസി ഉടമ സബീർ സ്വർണ്ണമടങ്ങിയ ബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥക്ക് കൈമാറുകയായിരുന്നു. നിയമവിരുദ്ധ കടത്ത് സാധൂകരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കളവായ കസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഔദ്യോഗിക റെക്കോർഡുകളും വ്യാജ രേഖകളും കള്ള തെളിവുകളും നിർമ്മിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കള്ളക്കടത്തായതിനാൽ തുടരന്വേഷണം സിബിഐ ഏറ്റെടുത്തു.

അഴിമതി കേസിലെ എഫ് ഐആറിൽ നാലാം പ്രതിയും കൃത്യത്തിൽ കുറഞ്ഞ പങ്കും പങ്കാളിത്തവുമുള്ള കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിനെ കോടതി മാപ്പുസാക്ഷിയാക്കി. സഞ്ജീവ് താൻ ചെയ്ത കൃത്യവും മറ്റു പ്രതികൾ ചെയ്ത കൃത്യവും ജുഡീഷ്യൽ മജിസ്‌ട്രേട്ട് മുമ്പാകെ സ്വമേധയാ രഹസ്യമൊഴി നൽകി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് മജിസ്ട്രേട്ട് കോടതി രഹസ്യ മൊഴിയെടുത്തത്. നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും വിചാരണയിൽ മൊഴി നൽകാമെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചു. മൊഴിപ്പകർപ്പ് ലഭിച്ച സി ബി ഐ സഞ്ജീവിനെ മാപ്പു സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സി ജെ എം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

പ്രതിയെ വരുത്തിക്കേട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പ്രതിയോട് വ്യവസ്ഥയിന്മേൽ മാപ്പ് സ്വീകരിക്കാൻ തയ്യാറാണോയെന്ന് ആരാഞ്ഞു. നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും വെളിപ്പെടുത്തി വിചാരണയിൽ സാക്ഷിമൊഴി നൽകണമെന്ന വ്യവസ്ഥയിലാണ് മാപ്പ് നൽകുന്നതെന്നും വ്യവസ്ഥ ലംഘിച്ചാൽ വീണ്ടും പ്രതിയാക്കി വിചാരണ ചെയ്യുമെന്ന മുന്നറിയിപ്പും നൽകി. വ്യവസ്ഥകൾ സമ്മതിച്ച് മാപ്പ് സ്വീകരിക്കാൻ തയ്യാറാണെന്ന് സഞ്ജീവ് സി ജെ എം കോടതിയിൽ ബോധിപ്പിച്ച് സത്യവാങ്മൂലം ഒപ്പിട്ട് നൽകി. തുടർന്ന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരം കോടതി പ്രതിക്ക് മാപ്പു നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവു ചെയ്ത് മാപ്പു സാക്ഷിയാക്കുകയായിരുന്നു. അപ്രകാരം നാലാം പ്രതി സഞ്ജീവ് കുറ്റപത്രം വന്നപ്പോൾ പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലെ രണ്ടാം സാക്ഷിയായി മാറി.

കള്ളക്കടത്തു സംബന്ധിച്ച് വിവരം നൽകുന്ന ഇൻഫോർമർക്ക് കസ്റ്റംസ് നിയമപ്രകാരം ഒരു കിലോ സ്വർണ്ണത്തിന് 1.5 ലക്ഷം രൂപ എന്ന നിരക്കിലാണ് ഡി ആർ ഐ വഴി റിവാർഡ് തുക ലഭിക്കുന്നത്. പിടിക്കപ്പെട്ട ഉടൻ 50% ആദ്യം അഡ്വാൻസായി നൽകും. സ്വർണം ഖജനാവിലേക്ക് മുതൽ കൂട്ടാനുള്ള കണ്ടുകെട്ടൽ നടപടി ക്രമങ്ങൾക്ക് ശേഷം ബാക്കി തുക നൽകും. വിവരം അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ഇത് കേസിന്റെ വിചാരണയിലടക്കം ഒരു ഘട്ടത്തിലും വെളിപ്പെടുത്തരുതെന്ന നിയമ തടസ്സവുമുണ്ട്. അതിനാൽ തന്നെ ഇൻഫോർമറുടെ ജീവനോ സ്വത്തിലോ യാതൊരു അപായവും സംഭവിക്കില്ല.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (ക്രിമിനൽ ഗൂഢാലോചന , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ), 167 (പൊതുസേവകർ കളവായ സർട്ടിഫിക്കറ്റ് നൽകൽ), 193 (കള്ളത്തെളിവ് നൽകൽ), 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ തെളിവ് അപ്രത്യക്ഷമാക്കുകയും കളവായ വിവരം നൽകുകയും ചെയ്യൽ) എന്നിവയോടൊപ്പം അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (1) (ഡി) (പൊതുസേവകർ തങ്ങളുടെ ഔദ്യേഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായും അഴിമതി മാർഗ്ഗത്തിലൂടെയും മൂന്നാം കക്ഷിക്ക് അനർഹമായ നേട്ടമുണ്ടാക്കി നൽകൽ) എന്നിവ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.