വൂഹാൻ: ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്കയ്ക്ക് സ്വർണം. അന്താരാഷ്ട്ര മീറ്റിൽ ടിന്റുവിന്റെ ആദ്യ വ്യക്തിഗത സ്വർണ്ണമാണ്. 800 മീറ്ററിൽ 2 മിനിറ്റ് 1.53 സെക്കന്റിൽ ഓടിയെത്തിയാണ് സ്വർണം നേടിയത്.

എന്നാൽ റിലെയിൽ സ്വർണ്ണമെന്ന ടിന്റുവിന്റ മോഹം നടന്നില്ല. 4x400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീമിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ടിന്റു ലൂക്ക, ജിസ്ത മാത്യു, പൂവമ്മ, ദേബശ്രീ മജുംദാർ എന്നിവരടങ്ങിയ ടീമാണ് രണ്ടാമത് ഓടിയെത്തിയത്. ആതിഥേയരായ ചൈനയാണ് സ്വർണം നേടിയത്. നിലവിൽ റിലേയിൽ ജേതാക്കളായിരുന്നു ഇന്ത്യ. മോശം കാലാവസ്ഥയാണ് ടീമിനത്തിലെ ഇന്ത്യൻ പ്രകടനത്തെ ബാധിച്ചത്.

അവസാന ലാപ്പിൽ കിതയ്ക്കുന്ന ഓട്ടക്കാരിയെന്ന പേരിനെ മറികടക്കുന്ന പ്രകടനമാണ് 800 മീറ്റർ വ്യക്തിഗത ഓട്ടത്തിൽ ടിന്റു നടത്തിയത്.  കരിയറിലെ മികച്ച സമയം കുറിക്കാൻ കഴിഞ്ഞില്ലെങ്കിലും സ്വർണ്ണ നേട്ടം ടിന്റുവിന്റെ കരിയറിൽ നിർണ്ണായകമാണ്. വളരെ പ്രതീക്ഷയോടെയാണ് ടിന്റുവിന്റെ നേട്ടത്തെ പരിശീലക പിടി ഉഷയും കാണുന്നത്.

വനിതകളുടെ 800 മീറ്ററിൽ ഹീറ്റ്‌സിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ടിന്റു ലൂക്ക ഫൈനലിലേക്ക് കുതിച്ചത്. 2 മിനിറ്റ് 06.33 സെക്കന്റിലാണ് ടിന്റു ഫിനിഷ് ലൈൻ കടന്നത്. മറ്റൊരു ഇന്ത്യൻ താരമായ എം. ഗോമതിയും രണ്ട് മിനിറ്റ് 11.14 സെക്കന്റിൽ ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. എന്നാൽ മെഡൽ നേട്ടത്തിന് കഴിഞ്ഞില്ല. ഒളിമ്പിക്‌സിൽ മെഡൽ എന്ന ലക്ഷ്യത്തോടെയാണ് ടിന്റുവിന്റെ പരിശീലനം. എന്നാൽ ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ പോലും സ്വർണം നേടാനാകാത്തത് വിമർശനങ്ങൾക്ക് ഇട നൽകിയിരുന്നു.

പ്രതികൂല കാലവസ്ഥയേയും തോൽപ്പിച്ചാണ് ടിന്റുവിന്റെ ഇന്നത്തെ സ്വർണം നേട്ടം. മഴയും മൂടിക്കെട്ടിയ കാലവസ്ഥയും കാരണം മികച്ച് വേഗത പുറത്തെടുത്തില്ല. എന്നിട്ടും സ്വർണം നേടാനായി. ടിന്റു മികച്ച ഫോമിലാണെന്നതിന്റെ തെളിവായി കോച്ച് പിടി ഉഷ ഇതിനെ കാണുന്നു. രാജ്യാന്തര തലത്തിൽ സ്വർണം നേടാനാകില്ലെന്ന് വിമർശിച്ചവർക്കുള്ള മറുപടിയാണിതെന്നും ഉഷ പ്രതികരിച്ചു. മോശം കാലാവസ്ഥയായിതിനാൽ ഒന്നാം സ്ഥാനം പ്രതീക്ഷിച്ചില്ല. രാവിലെ പരിശീലനം പോലും നടത്താതെയാണ് മത്സരത്തിന് ടിന്റു ഇറങ്ങിയതെന്നും ഉഷ കൂട്ടിച്ചേർത്തു.

കണ്ണൂർ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. പി.ടി. ഉഷയുടെ ഉഷ സ്‌കൂൾ ഓഫ് അതലറ്റിക്‌സിലാണ് (കൊയിലാണ്ടി) ടിന്റു പരിശീലനം നേടിയത്. 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. 2008ൽ, ജക്കാർത്തയിൽ വച്ച് നടന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്‌സ് ച്യാമ്പൻഷിപ്പിൽ വെള്ളിമെഡൽ നേടാൻ ടിന്റുവിന് കഴിഞ്ഞിരുന്നു.2010 ഡൽഹി കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 2:01.25 സെക്കന്റു കൊണ്ട് പൂർത്തിയാക്കി ടിന്റു ആറാം സ്ഥാനത്തെത്തി. 2010 ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ ടിന്റു വെങ്കല മെഡൽ നേടിയിട്ടുണ്ട്.

ഇത്തവണത്തെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം സ്വർണ്ണമാണ് ഇത്. പുരുഷന്മാരുടെ ഡിസ്‌ക്കസ് ത്രോയിൽ വികാസ് ഗൗഡയും വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചെയ്‌സിൽ ലളിതാ ബാബറുമാണ് മീറ്റിൽ സ്വർണം നേടിയ മറ്റ് താരങ്ങൾ. പുരുഷന്മാരുടെ 10,000 മീറ്ററിൽ ജി. ലക്ഷ്മൺ വെള്ളിയും സ്വന്തമാക്കി. ലക്ഷ്മണിന്റെ രണ്ടാം മെഡലാണിത്. പുതിയ ദേശീയ റെക്കോർഡോടെ സ്വർണ്ണമണിഞ്ഞ ലളിതാ ബാബർ 2016ലെ റിയോ ഒളിമ്പിക്‌സ് യോഗ്യതയും സ്വന്തമാക്കി.

9 മിനിറ്റ് 45 സെക്കന്റായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ സമയം. കഴിഞ്ഞ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ലളിത തന്നെ സ്ഥാപിച്ച ഒമ്പത് മിനിറ്റ് 35.37 സെക്കന്റിന്റെ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്.