- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ വൻ സ്വർണ്ണക്കവർച്ച; ജൂവലറിയുടെ ഭിത്തി തുരന്നു, ലോക്കർ തകർത്ത് കവർന്നത് ഒന്നേ മുക്കാൽ കോടിയുടെ സ്വർണം; മോഷണം കയ്പമംഗലം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജൂവലറിയിൽ; സംഭവം ശ്രദ്ധയിൽ പെട്ടത് രാവിലെ ജീവനക്കാർ ജൂവലറി തുറന്നപ്പോൾ; മോഷണം നടത്തിയതിന് ശേഷം ജൂവലറിക്കകത്ത് മോഷ്ടാക്കൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറി; അന്വേഷണം തുടങ്ങി പൊലീസ്
തൃശൂർ: തൃശൂരിൽ വൻ സ്വർണ കവർച്ച. കയ്പമംഗലം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ജൂവലറിയിൽ നിന്നും മുന്നര കിലോ സ്വർണം കവർന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഗോൾഡ് ഹാർട്ട് ജൂവലറിയിലാണ് കവർച്ച നടന്നത്. ഭിത്തി തുരന്നാണ് കവർച്ചാ സംഘം അകത്തു കടന്നത്. തുടർന്ന് ലോക്കർ കുത്തിത്തുറന്ന് മൂന്നര കിലോ സ്വർണമാണ് സംഘം കവർന്നത്. ഇതിന് ഒന്നേ മൂക്കാൽ കോടി രൂപ മൂല്യം വരുമെന്ന് പൊലീസ് പറയുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ജീവനക്കാർ ജൂവലറി തുറന്നപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. ജൂവലറിയുടെ പിന്നിലാണ് ഭിത്തി തുരന്നത്. ഒരാൾക്ക് കടക്കാവുന്ന വലുപ്പത്തിൽ ഭിത്തി തുരന്നാണ് അകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു.
രാവിലെ 10 മണിയോടെ ജൂവലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണം വിവരം ആദ്യം അറിയുന്നത്. ജൂവലറിയുടെ ഒരു വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. ജൂവലറിക്കകത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ജൂവലറി ഉടമ സലിമും, ഒരു ജീവനക്കാരനും മാത്രമാണ് കടയിൽ ഉണ്ടാകാറുള്ളത്. ഇന്നലെ രാത്രി 9 മണിക്ക് ജൂവലറി പൂട്ടി ഇരുവരും വീട്ടിൽ പോകുകയായിരുന്നു.
മോഷണം നടത്തിയതിന് ശേഷം ജൂവലറിക്കകത്ത് മോഷ്ടാക്കൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറിയിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജൂവലറിയുടെ വലത് വശം പുല്ലുകൾ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. ഈ ഭാഗത്ത് കൂടെയാണ് മോഷ്ടാക്കൾ എത്തി ഭിത്തി തുരന്നിട്ടുള്ളത്. ഏകദേശം രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്.
ഇരിങ്ങാലക്കുട ഡി.വൈ.എസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മറുനാടന് മലയാളി ബ്യൂറോ