റാന്നി: ഒരേ സമയം അതിബുദ്ധിമാനും മരമണ്ടനുമാണ് ഒരു ശരാശരി മലയാളി. കച്ചവടക്കണ്ണോടെ കൊള്ളലാഭം കൊയ്യാൻ ബുദ്ധിയുള്ളവനെയാണ് ഒരു സാദാ കള്ളൻ കൂളായി പറ്റിക്കുന്നത്. അത്തരത്തിലൊരുവന്റെ മരമണ്ടത്തരത്തിന്റെ ഈ കഥ റാന്നിയിൽ നിന്നാണ്. ബുദ്ധിമാനായ ജൂവലറി ഉടമയിൽനിന്ന് 3.78 ലക്ഷം കൂളായി തട്ടിയെടുത്ത ഒരു പഠിച്ച കള്ളന്റെ കഥ.

ഇനി മറ്റൊരാളിൽനിന്ന് 11 ലക്ഷം തട്ടാനുള്ള വർക്കിന്റെ പേപ്പർ വർക്കിനിടെ ഈ കള്ളൻ പൊലീസിന്റെ പിടിയിലായി. പണം തട്ടാൻ കാണിച്ച ബുദ്ധി ഒളിവിൽ താമസിക്കുന്നിടത്ത് കാണിക്കാതെ പോയതാണ് മുണ്ടക്കയം പുഞ്ചവയൽ വേങ്ങപ്പാറ സോമനാഥനാചാരി (58) എന്ന തട്ടിപ്പുകാരൻ പൊലീസ് പിടിയിലാകാൻ കാരണം. മൂന്നുമാസം മുമ്പ് റാന്നി ഇട്ടിയപ്പാറ അയ്യപ്പ ജൂവലറി ഉടമയെ കബളിപ്പിച്ച് 3.71 ലക്ഷം രൂപയാണ് ഇയാൾ കൊണ്ടുപോയത്. ബാങ്കിൽ പണയം വച്ച സ്വർണ ഉരുപ്പടികൾ തിരിച്ചെടുക്കാൻ സഹായിക്കണമെന്നു പറഞ്ഞാണ് ഇയാൾ ജൂവലറി ഉടമയെ സമീപിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റാന്നി ശാഖയിൽ പണയം വച്ചിട്ടുള്ള തന്റെ സ്വർണ ഉരുപ്പടികൾ തിരികെ എടുക്കാൻ സാമ്പത്തികമായി സഹായിച്ചാൽ പകരം ആ സ്വർണം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് സോമനാഥനാചാരി ജൂവലറി ഉടമയെ വശീകരിച്ചത്. ബാങ്കിൽ പണയം വച്ചതിന്റേതായ വ്യാജരേഖകളും ഇയാൾ കാണിച്ചിരുന്നു.

പണയരസീത് വ്യാജമാണോ യഥാർഥമാണോ എന്നൊന്നും നോക്കി നിൽക്കാൻ മിനക്കെടാതെ കിട്ടുന്ന കൊള്ളലാഭം മനസിലോർത്ത് സ്വർണം എടുത്തു നൽകാൻ പണവുമായി ജൂവലറി ഉടമയുടെ മകനും സുഹൃത്തുമാണ് തട്ടിപ്പുകാരനോടൊത്ത് ബാങ്കിൽ ചെന്നത്. എന്നാൽ ഇവരെ അതിവിദഗ്ധമായി കബളിപ്പിച്ച് 3,78,000 രൂപയുമായി സോമനാഥനാചാരി ബാങ്കിൽനിന്നും മുങ്ങി.

റവന്യു സ്റ്റാമ്പ് വാങ്ങിവരാമെന്നു പറഞ്ഞാണ് ഇയാർ പുറത്തിറങ്ങിയത്. തുടർന്ന് മൂന്ന് ഓട്ടോറിക്ഷകൾ മാറിക്കയറി സോമനാഥനാചാരി പത്തനംതിട്ടയിലെത്തി അവിടെ ഒരു ജൂവലറിയിൽ കയറി 20,000 രൂപ നൽകി ഒരു പവൻ മോതിരം വാങ്ങി കോട്ടയത്തേക്കു രക്ഷപെട്ടു. പിന്നീട് തേനിയിലേക്കു പോയ ഇയാൾ ഏതാനും ദിവസത്തിനു ശേഷം ഇടുക്കിയിലെ സുഹൃത്തിനെ കാണാനെത്തി. രണ്ടു ദിവസം സുഹൃത്തിനോടൊപ്പം കഴിഞ്ഞ ഇയാൾ ഇതിനിടയിൽ പുതിയ മൊബൈൽ ഫോണും വാങ്ങി.

റാന്നിയിൽ തട്ടിപ്പു നടത്തി പ്രതി മുങ്ങിയെങ്കിലും സമാന കേസുകൾ പരിശോധിച്ച പൊലീസിന് വൈകാതെ തന്നെ പ്രതിയെപ്പറ്റി സൂചന ലഭിച്ചു. മുളന്തുരുത്തി ആമ്പല്ലൂരിൽ ചേരിപ്പറമ്പിൽ വീട്ടിൽ ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം കഴിഞ്ഞു വരുമ്പോഴാണ് സോമനാഥനാചാരി റാന്നിയിൽ തട്ടിപ്പിന് ചെന്നത്. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ആമ്പല്ലൂരിലെ വാടകവീട്ടിലെത്തി ഭാര്യയേയും മക്കളേയും ചോദ്യം ചെയ്തിരുന്നു. പൊലീസ് അനേ്വഷിക്കുന്നുണ്ടെന്ന വിവരം വീട്ടുകാരിൽനിന്നാണ് പ്രതി മനസിലാക്കിയത്. ഇതോടെ ഇടുക്കിയിൽ നിന്നും തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക് കടന്ന പ്രതി അവിടെ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുകയായിരുന്നു. എല്ലാ ദിവസവും ഇയാൾ ഭാര്യയെ ലാൻഡ് ഫോണിൽ നിന്നും വിളിക്കുന്നുവെന്നു മനസിലാക്കിയ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അനേ്വഷണത്തിലാണ് ഇയാളുടെ താമസസ്ഥലം കണ്ടെത്തിയത്.

താമസസ്ഥലത്തു നിന്നും കുറേ അകലെ ആഹാരം കഴിക്കുന്ന ഹോട്ടലിനോടു ചേർന്നുള്ള കോയിൻ ബോക്‌സിൽ നിന്നാണ് പ്രതി ഭാര്യയെ വിളിച്ചിരുന്നത്. ഇതിനു സമീപം തക്കം പാർത്തിരുന്ന പൊലീസ് കഴിഞ്ഞ ദിവസം രാത്രി ഫോൺ ചെയ്യാൻ പ്രതി എത്തിയതോടെ പിടികൂടുകയായിരുന്നു. ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ അടുത്ത തട്ടിപ്പിനുള്ള ഒരുക്കങ്ങൾ വ്യക്തമാക്കുന്ന രേഖകളും എസ്.ബി.ഐ യുടെ സീലും കണ്ടെടുത്തു. ബാങ്കിൽ പണയം വച്ചിട്ടുള്ള വിവിധ സ്വർണ ഉരുപ്പടികളുടെ പട്ടികയും ഇത് തിരിച്ചെടുക്കാൻ 10,90,000 രൂപ വേണമെന്നു കാണിക്കുന്ന രേഖകളുമാണ് കണ്ടെടുത്തത്. റാന്നിയിൽ നിന്നും തട്ടിച്ച തുകയിൽ മൂന്നു ലക്ഷം മാർവാഡിക്കു നൽകിയതായാണ് ആദ്യ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്. ജൂവലറി ഉടമകളെ കബളിപ്പിച്ച സമാനമായ പത്തോളം കേസുകൾ പ്രതിക്കുള്ളതായാണ് പൊലീസിനു ലഭിച്ച വിവരം.