- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കുപണ്ടം പലപ്പോഴായി ബാങ്കിൽ പണയം വച്ച് തട്ടിയത് ഒരുകോടി 69 ലക്ഷം രൂപ; കോഴിക്കോട് നഗരത്തിലെ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ; 44 തവണ മുക്കുപ്പണ്ടം പണയം വച്ചിട്ടും പരിശോധിക്കാത്ത ബാങ്ക് ജീവനക്കാരും ഒത്താശ ചെയ്തെന്ന് സംശയം; തട്ടിപ്പിന്റെ വ്യാപ്തി വലുതെന്ന നിഗമനത്തിൽ അന്വേഷണം ഊർജ്ജിതം
കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം കേരളത്തിൽ ഇതാദ്യമായിട്ടല്ല. നിരവധി സംഭവങ്ങൾ ഇത്തരത്തിൽ ഉണ്ടായിട്ടും സമാനമായ തട്ടിപ്പികൾ ആവർത്തിക്കുകയാണ്. കോഴിക്കോട് മുക്കത്തുള്ള ബ്യൂട്ടിപാർലർ ഉടമയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ വലിയൊരു തട്ടിപ്പു തന്നെ നടത്തിയെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. യുവതി തട്ടിയെടുത്തിരിക്കുന്നത് ഒന്നര കോടിയിലേറെ രൂപയാണ്.
ഫെബ്രുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ അഞ്ചര കിലോ മുക്കുപണ്ടം പലപ്പോഴായി ബാങ്കിൽ പണയം വച്ചാണ് ഒരുകോടി 69 ലക്ഷം രൂപ തട്ടിയെടുത്ത്. കോഴിക്കോട് നഗരത്തിലെ ബ്യൂട്ടിപാർലർ ഉടമയായ വയനാട് പുൽപ്പള്ളി ഇരുളം സ്വദേശി ബിന്ദുവാണ് അറസ്റ്റിലായത്. യൂണിയൻ ബാങ്ക് നഗരത്തിലെ ശാഖയിലാണ് മുക്കുപണ്ട തട്ടിപ്പ് നടന്നത്.
ബ്യൂട്ടി പാർലർ കൂടാതെ നഗരത്തിൽ റെയ്മെയ്ഡ്, ടൈലറിങ് ഷോപ്പ് എന്നിവ നടത്തുന്ന ബിന്ദുവിനെ ടൗൺ പൊലീസാണ് അറസ്റ്റ് ചെയ്തു. ബിന്ദുവിന്റെ പേരിൽ ചിട്ടിത്തട്ടിപ്പിന്റെ പേരിലും വയനാട്ടിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. യൂണിയൻ ബാങ്കിലെ ഓഡിറ്റിംഗിനിടയിലാണ് മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയത്.
സ്വന്തം അക്കൗണ്ടിലും മറ്റുള്ള ഏഴ് പേരുടെ അക്കൗണ്ടുകളിലുമായി 44 തവണ മുക്കുപണ്ടം പണയം വച്ച് ബിന്ദു പണം തട്ടിയതായി ടൗൺ സിഐ എ.ഉമേഷ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിന്ദുവിന്റെ സ്ഥാപനത്തിലെ ജോലിക്കാരുടെ അക്കൗണ്ടിലും മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയതിനാൽ അവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ബിന്ദു താമസിക്കുന്ന നടക്കാവിലെ ഫ്ളാറ്റിലും ഷോപ്പുകളിലുമായി സൂക്ഷിച്ച മുക്കുപ്പണ്ടവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 44 തവണ മുക്കുപ്പണ്ടം പണയം വച്ചിട്ടും പരിശോധിക്കാത്ത ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നഗരത്തിൽ ഇത്തരം തട്ടിപ്പുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സമാനമായ തട്ടിപ്പുകൾ ഇവിടെ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ