കണ്ണൂർ: പഴയ തറവാടുകളിൽ നിധിയുണ്ട് എന്ന പ്രചരണങ്ങൾ കാലങ്ങളായുള്ളതാണ്. അത്തരമൊരു നിധി ആക്രിക്കടക്കാരന്റെ കൈയിൽപെട്ട കഥയാണ് കണ്ണൂരിൽ നിന്നും പുറത്തുവരുന്നത്. കാണാതായ ഏഴു വളകൾക്കു വേണ്ടി നടത്തിയ തിരച്ചിൽ നടത്തിയപ്പോൾ ലഭിച്ചത് പെട്ടിയിൽ സൂക്ഷിച്ച് ആക്രിക്കടയിൽ എത്തിച്ച 75 പവൻ സ്വർണമായിരുന്നു. മൂന്നു സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെ ഇരുമ്പു പെട്ടിയിൽ സൂക്ഷിച്ച സ്വർണമാണ് ആക്രിസാധനങ്ങളുടെ കൂട്ടത്തിൽ വിറ്റതും ഒടുവിൽ പൊലീസ് കണ്ടെത്തിയതും.

വീട്ടിൽ നിന്നു വളകൾ കാണുന്നില്ലെന്ന കാണിച്ച് പരാതി ലഭിച്ചപ്പോൾ അന്വേഷിച്ചു പോയ കണ്ണപുരം പൊലീസാണ് ആക്രിപ്പെട്ടിയിൽ നിന്നും സ്വർണം കണ്ടെത്തിയത്. പരിയാരത്തെ പുതിയ വീട്ടിലേക്കു താമസം മാറുന്നതിന്റെ ഭാഗമായി വീട്ടിലെ മിക്ക സാധനങ്ങളും അങ്ങോട്ടു മാറ്റിയിരുന്നു. മൂന്നു പേരിലൊരാൾ ഞായറാഴ്ച വൈകിട്ടു പഴയ വീട്ടിലെത്തി ബാക്കി സാധനങ്ങൾ ആക്രിക്കാരനു കൊടുത്തു. ആക്രിക്കാരൻ പോയ ശേഷമാണു വീട്ടിലുണ്ടായിരുന്ന ഏഴു സ്വർണവളകൾ കാണാനില്ലെന്നു മനസ്സിലായത്.

പ്രായമായ സ്ത്രീയാണു വളകൾ സൂക്ഷിച്ചിരുന്നത്. മൂന്നു പേരും കൂടി രാത്രി വീടു മുഴുവൻ തിരഞ്ഞിട്ടും കിട്ടിയില്ല. അതോടെ, ആക്രിക്കാരൻ മോഷ്ടിച്ചതാവാം എന്ന സംശയത്തിൽ ബന്ധു വഴി പൊലീസിനെ അറിയിച്ചു. കണ്ണപുരം റെയിൽവേ സ്റ്റേഷനു സമീപം തമിഴ്‌നാട് സ്വദേശിയുടെ ആക്രിക്കട ഉടൻ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല. തുടർന്നു പരിയാരത്തെ പുതിയ വീട്ടിലെത്തി പരിശോധിച്ചിട്ടും ഫലമുണ്ടായില്ല.

കണ്ണപുരത്തെ മറ്റ് ആക്രിക്കടകളിലും പുലർച്ചെ തന്നെ പരിശോധന നടത്തി. ഒരു കടയിൽ കുന്നുകൂടിക്കിടക്കുന്ന സാധനങ്ങളെല്ലാം പുറത്തെടുത്തിട്ടപ്പോൾ വീട്ടിലെ പഴയ ഇരുമ്പുപെട്ടി കണ്ടു. തുറന്നു നോക്കിയവർ ഞെട്ടിപ്പോയി: വളയും മാലയും പാദസരവും കമ്മലുമൊക്കെയായി ഇഷ്ടം പോലെ സ്വർണം. ഒപ്പം നാൽപതിനായിരം രൂപയും.

കൂട്ടത്തിലെ മുതിർന്ന സ്ത്രീ കള്ളന്മാരെ പേടിച്ചു പണ്ടു പെട്ടിയിലടച്ചു കട്ടിലിന്റെ ചുവട്ടിൽ സൂക്ഷിച്ച സ്വർണം. പണവും പണ്ടവും പെട്ടിയിലുള്ളതറിയാതെയാണു മറ്റു രണ്ടുപേരും ചേർന്ന് ഇരുമ്പുപെട്ടിയെടുത്ത് ആക്രിക്കാരനു വിറ്റത്. കണ്ണപുരം എസ്‌ഐ ടി.വി.ധനഞ്ജയദാസ്, എഎസ്‌ഐ പ്രേമൻ, സിപിഒമാരായ മഹേഷ്, ഉത്തമൻ എന്നിവരാണ് അന്വേഷണം നടത്തിയത്.