കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ആഗോള തലത്തിൽ സ്റ്റോക്കിസ്റ്റുകൾ സ്വർണം മറിച്ചു വിറ്റ് ലാഭമെടുപ്പ് നടത്തിയതാണ് വില താഴാൻ കാരണമായത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. പവന് 21,480 രൂപയിലാണ് ഇന്നലെ സംസ്ഥാനത്ത് വ്യാപാരം നടന്നത്.


ന്യൂയോർക്ക് വിപണിയിൽ ട്രോയ് ഔൺസിന് ഇന്നലെ 0.30 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,309 ഡോളറാണ് ന്യൂയോർക്ക് വിപണിയിൽ ട്രോയ് ഔൺസിന് വില. ന്യൂഡൽഹി വിപണിയിൽ ഇന്നലെ പത്ത് ഗ്രാമിന് 340 രൂപ കുറഞ്ഞ് വില 28,760 രൂപയിലെത്തി. ഇന്നലെ വെള്ളി വിലയിലും കനത്ത ഇടിവുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് 650 രൂപ താഴ്ന്ന് 44,050 രൂപയാണ് ന്യൂഡൽഹി വിപണിയിൽ ഇന്നലെ വെള്ളിവില. ഇന്ത്യയിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിൽ അനധികൃത സ്വർണ ഇറക്കുമതി കുത്തനെ കൂടിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം 2,419 കള്ളക്കടത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തത്. നടപ്പു വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിൽ മാത്രം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 1,264 കേസുകളാണെന്നും അവർ കൂട്ടിച്ചേർത്തു.