മുംബൈ: നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് പിന്നാലെ രണ്ട് ദിവസംകൊണ്ട് സ്വർണക്കടകളിൽനിന്ന് വിറ്റുപോയത് 15 ടൺ സ്വർണം. നവംബർ എട്ടിനും ഒമ്പതിനുമായാണ് 5000 കോടി മൂല്യമുള്ള സ്വർണം വിറ്റഴിഞ്ഞത്. 500, 1000 ന്റെയും നോട്ടുകൾ കൈമാറിയാണ് ഇത്രയും തുകയുടെ സ്വർണം ജനങ്ങൾ വാങ്ങിക്കൂട്ടിയതെന്ന് ഇന്ത്യ ബുള്ളറ്റിൻ ആൻഡ് ജൂവലേഴ്‌സ് അസോസിയേഷൻ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത വ്യക്തമാക്കി.

അസോസിയേഷന് കീഴിൽ 2,500 ജൂവലറികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നവംബർ എട്ടിന് രാത്രി എട്ടുമണിക്കും ഒമ്പതിന് പുലർച്ചെ മൂന്ന് മണിക്കും ഇടയിലാണ് 15 ടൺ അതായത് 15,000 കിലോഗ്രാം സ്വർണം വിറ്റുപോയത്. ഇതിൽതന്നെ പകുതിയിലധികം സ്വർണവും വിറ്റത് ഡൽഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിലാണ്. ആറ് ലക്ഷം ജൂവലറികളുള്ള രാജ്യത്ത് 1000ത്തോളം ജൂവലറികൾ മാത്രമാണ് അസാധുവാക്കിയ നോട്ടുകൾ നവംബർ എട്ടിന് രാത്രി സ്വീകരിച്ചതെന്നും മേത്ത പറയുന്നു.

കള്ളപ്പണം വെളുപ്പിക്കാൻ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന്റെ ദിവസം വൻ തോതിൽ സ്വർണം പലരും വാങ്ങിക്കൂട്ടിയെന്ന് സൂചനയുണ്ടായിരുന്നു. ഇത് ശരിവയ്ക്കും വിദമാണ് പുതിയ വിശദീകരണം. ഇങ്ങനെ സ്വർണം വിറ്റഴിച്ച ജൂലറികളില്ലാം ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലുമാണ്. രാജ്യത്തുടനീളം റെയ്ഡും നടക്കുന്നു. ഇതിനിടെയാണ് ജൂലറി ഉടമകളുടെ സംഘടനാ പ്രതിനിധി തന്നെ കോടികളുടെ കച്ചവടം നടന്നുവെന്ന് സ്ഥിരീകരിക്കുന്നത്.

നോട്ട് അസാധുവാക്കൽ ദിനം പല ജൂലറിയിലും സ്വർണ്ണത്തിന് പതിന്മടങ്ങ് വിലയ്ക്കാണ് വിൽപ്പന നടന്നത്. കള്ളപ്പണം സ്വർണ്ണമായി പലരും മാറ്റിയെന്ന സൂചന എത്തിയതോടെയാണ് സ്വർണ്ണത്തിലും നിലപാട് കടുപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.