കണ്ണൂർ: കേരളത്തിലെ സ്വർണ്ണക്കടത്ത് മാഫിയകൾ കേന്ദ്രീകരിക്കുന്നത് മലബാറിലാണ്. കോഴിക്കോടും കണ്ണൂരും കാസർഗോഡുമായി പരന്ന് കിടക്കുന്ന മാഫിയ. കോഴിക്കോട് കരിപ്പൂർ വിമാനത്താവളമായിരുന്നു സ്വർണം ഒഴുക്കാനുള്ള പ്രധാന എൻട്രി പോയിന്റ്. എന്നാൽ പലവിധ വിവാദങ്ങൾ ഉണ്ടായതോടെ കരിപ്പൂരിൽ കസ്റ്റംസ് നിരീക്ഷണം ശക്തമായി. ഇതോടെ കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം മാഫിയ സജീവമായി. അതുകൊണ്ട് തന്നെ മലബാർ കേന്ദ്രമായി പ്രവർത്തിക്കുന്ന അധോലോകത്തിന് കണ്ണൂരിലെ പുതിയ വിമാനത്താവളം പ്രിയപ്പെട്ടതാകുമെന്ന വിലയിരുത്തലെത്തി. മൂർഖൻപറമ്പിലെ വിമാനത്താവളത്തിലൂടെ കടത്ത് വ്യാപകവുമായിരുന്നു. ഇതിനിടെ ഉദ്ഘാടനം നിർവ്വഹിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ഈ മാഫിയ സംഘത്തിന് കണ്ണൂരിൽ പടി വീഴാനും തുടങ്ങി.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ആദ്യ സ്വർണക്കടത്ത് ഡിആർഐ പിടികൂടുന്നത് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ്. രണ്ടുകിലോ സ്വർണമാണു പിടിച്ചെടുത്തത്. അബുദാബിയിൽനിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റർ കോയിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു കടത്ത്. മുഹമ്മദ് ഷാനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു. എങ്കിലും നിർണ്ണായക വിവരങ്ങളൊന്നും ലഭിച്ചില്ല. കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളെയും കസ്റ്റഡിയിലെടുത്തു. ദുബായിൽ നിന്ന് വന്ന മുഹമ്മദ് ഷാൻ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. രാത്രി 9 മണിയോടുകൂടിയാണ് ഇയാളെ പിടികൂടിയത്.

ഈ മാസം 9ന് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കണ്ണൂർ വിമാനത്താവളത്തിൽ കള്ളക്കടത്ത് പിടികൂടിയിരിക്കുന്നത്. വിമാനത്താവളം ഉദ്ഘാടനത്തോടടുക്കുന്ന വേളയിൽ ജില്ലയിലെ പ്രവർത്തനം ശക്തമാക്കിയ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗമാണ് കള്ളക്കടത്ത് പിടികൂടിയത്. കഴിഞ്ഞ ഏപ്രിലിൽ ഓഫിസ് ഔദ്യോഗികമായി ഉദ്ഘാടനം തുടങ്ങിയിരുന്നെങ്കിലും പ്രവർത്തനം പൂർണതോതിൽ ആരംഭിച്ചിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കള്ളക്കടത്ത് കേസിൽ പിടിയിലാകുന്ന പകുതിയിലേറെപ്പേരും കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരാണ്. കാസർകോട് ഗാങ് എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച കള്ളക്കടത്തുകാർ പ്രധാനമായും സ്വർണം, സിഗരറ്റ്, ഹവാലപ്പണം എന്നിവയാണു പ്രധാനമായും കടത്തുന്നത്.

വിമാനത്താവളം സജ്ജമാകുന്നതോടെ ലഹരിമരുന്ന്, വിദേശ കറൻസി എന്നിവയുടെ കടത്തും വർധിക്കുമെന്ന സൂചന ഡിആർഐയ്ക്കുണ്ടായിരുന്നു. ഇതേ തുടർന്നാണു ഡിആർഐ കണ്ണൂരിൽ ഓഫിസ് ആരംഭിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ കേരളത്തിലെ ഏക സോണൽ ഓഫിസ് കൊച്ചിയിലാണ്. കൊച്ചി സോണൽ ഓഫിസിനു കീഴിലാണു തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റീജനൽ ഓഫിസുകൾ പ്രവർത്തിക്കുന്നത്. വിദേശത്ത് നിന്നും വിമാനത്താവളങ്ങൾ വഴി അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ച് കടത്തുന്ന സ്വർണം തങ്കമാക്കിമാറ്റുന്ന കേന്ദ്രങ്ങൾ കോഴിക്കോട് കൊടുവള്ളിയിൽ സജീവമാണ്. മിശ്രിത രൂപത്തിൽ കടത്തുന്ന സ്വർണം ഇവിടെയെത്തിച്ച് രൂപാന്തരം വരുത്തുകയാണ് പതിവ്. ഇത്തരം മാഫിയകളും കണ്ണൂരിനെ താവളമാക്കുമെന്നാണ് വിലയിരുത്തൽ.

അനധികൃത സ്വർണം കടത്തുന്നത് തടയാൻ വിമാനത്താവളങ്ങളിൽ അതിനൂതന സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും സ്വർണ്ണക്കടത്ത് കുതിക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. നിയമനടപടികളും പരിശോധനാ സംവിധാനങ്ങളും കർശനമാക്കിയിട്ടും വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണം കള്ളക്കടത്ത് എന്തുകൊണ്ട് വർദ്ധിക്കുന്നു എന്നതിനെ സംബന്ധിച്ച് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് തൃപ്തികരമായ മറുപടിയില്ല. പഴയ രീതിയിൽ നിന്നു വ്യത്യസ്തമായി കടത്തിക്കൊണ്ടു വരുന്ന സ്വർണ്ണത്തിന്റെ അളവ് അടുത്തകാലത്തായി കുറഞ്ഞിട്ടുണ്ട്. ഗൾഫിൽ നിന്നു വാങ്ങുന്ന ഒരു കിലോ സ്വർണം കേരളത്തിലെത്തുമ്പോൾ മാറ്റിന്റെ തോതനുസരിച്ച് മൂന്നുലക്ഷം, അഞ്ചുലക്ഷം എന്ന വിധത്തിൽ ലാഭം കിട്ടും. ഇടനിലക്കാരനു വേണ്ടി വിമാനടിക്കറ്റും പ്രതിഫലവുമടക്കം ചെലവാകുന്ന അരലക്ഷമോ മറ്റോ കുറച്ചാലും ലക്ഷങ്ങളുടെ ആദായം.

വിദേശത്തു നിന്നും സ്വർണ്ണമടക്കമുള്ള വസ്തുക്കളുടെ കള്ളക്കടത്തിനെതിരെ സിനിമാതാരങ്ങളെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് ബോധവത്കരണ പ്രചാരണങ്ങൾ കസ്റ്റംസ് നടത്തുന്നുണ്ട്. തെറ്റായ ഭൂപടം, വ്യാജകറൻസി, ലഹരി മരുന്ന്, വിലക്കുള്ള പദാർത്ഥങ്ങൾ, ഡ്രോമുകൾ അനുവദനീയതിൽ കൂടുതൽ സ്വർണം, പണം തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ നിന്ന് വിമാന യാത്രക്കാരെ തടയുകയാണ് ഉദ്ദേശ്യം. ഇവയൊന്നും ഉദ്ദേശിച്ചിടത്തുകൊള്ളുന്നില്ലെന്ന് സ്വർണം, ലഹരിമരുന്നുകൾ തുടങ്ങിയവയുടെ കള്ളക്കടത്ത് വർദ്ധിക്കുന്നതിൽ നിന്നു വ്യക്തം.

നിലവിൽ ആറുമാസത്തിൽ കുറയാതെ വിദേശത്ത് തങ്ങുന്നവർക്കാണ് നിയമം അനുശാസിക്കും വിധം സ്വർണംകൊണ്ടുവരാൻ അനുമതിയുള്ളത്. നികുതിയില്ലാതെ സ്ത്രീകൾക്ക് ഒരുലക്ഷം രൂപയുടെയും പുരുഷന്മാർക്ക് അരലക്ഷം രൂപയുടെയും സ്വർണം കൊണ്ടുവരാം. അതിൽ കൂടുതലാണെങ്കിൽ സ്വർണ്ണ ബിസ്‌ക്കറ്റിന് 10 ശതമാനവും ആഭരണത്തിന് 15 ശതമാനവും നികുതിയടക്കണം. 20 ലക്ഷത്തിനു മുകളിലാണ് കൈവശമുള്ള സ്വർണ്ണത്തിന്റെ വിലയെങ്കിൽ കടത്തുന്നയാളെ ഇപ്പോൾ അറസ്റ്റ് ചെയ്യുന്നുണ്ട്. നേരത്തെ ഒരു കോടിയുടെ സ്വർണം പിടിച്ചാലേ അറസ്റ്റുണ്ടായിരുന്നുള്ളൂ. സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് ഹവാല സംഘങ്ങളാണെന്ന് റവന്യു ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.