കണ്ണൂർ: കേരളത്തിലേക്ക് നികുതി വെട്ടി സ്വർണം ഒഴുകുന്നത് തുടരുകയാണ്. സംസ്ഥാനത്തെ മിക്ക വിമാനത്താവളങ്ങൾ വഴിയും യധേഷ്ടം സ്വർണം കടത്തുന്നത് തുടരുകയാണ്. കണ്ണൂർ വിമാനത്താവളത്തലും ഇന്ന് വൻ സ്വർണ്ണവേട്ട തന്നെ നടന്നു. മിക്ക ദിവസങ്ങളിലും കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടുന്നത് പതിവായിട്ടുണ്ട്. കേരളത്തിലെ പ്രധാന സ്വർണക്കടത്ത് കേന്ദ്രമായി കണ്ണൂർ വിമാനത്താവളം മാറുന്ന കാഴ്‌ച്ചയാണിപ്പോൾ.

ഇന്നും കണ്ണൂർ എയർപോർട്ടിൽ സ്വർണ കള്ളക്കടത്തുമായി കൊണ്ടുവന്ന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാസർകോട് പെരിങ്ങളം സ്വദേശി അഹമ്മദാണ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്. 702 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇയാൾ നവജാത ശിശുവിന്റെ പാൽക്കുപ്പിയിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.

അഹമ്മദിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 34 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി. മാധവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അടുത്തകാലത്തായി കാസർകോട്, കണ്ണൂർ പ്രദേശങ്ങളിലേക്ക് വ്യാപകമായി സ്വർണം ഒഴുകുന്നത് ഈ വിമാനത്താവളം വഴിയാണ്. മലബാറിലെ സ്വർണ്ണക്കടത്തിന്റെ ഹബ്ബായി തന്നെ ഈ പ്രദേശം മാറിയിരിക്കുന്നു.

10 പേർ സ്വർണം അനധികൃതമായി കടത്തുമ്പോൾ രണ്ടു പേരെ മാത്രമാണ് പിടികൂടാൻ സാധിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ രഹസ്യമായെങ്കിലും സമ്മതിക്കുന്നു. കള്ളക്കടത്തുകാരുടെ കുശാഗ്രബുദ്ധിയിൽ പലപ്പോഴും തങ്ങൾ അമ്പരന്ന് പോകാറുണ്ടോന്ന് കുട്ടികളുടെ കുപ്പിപ്പാല് പോലും കുടിച്ചു നോക്കേണ്ട ഗതികേടിലാണ് ഞങ്ങൾ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.