- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിലെ സ്വർണ്ണക്കടത്ത് അനായാസം തുടരുന്നു; ക്യാപ്സ്യൂളാക്കി കടത്താൻ ശ്രമിച്ച 49 ലക്ഷത്തിന്റെ സ്വർണം പിടികൂടി; ഷാർജയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി കസ്റ്റംസ്
കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് യഥേഷ്ടം തുടരുന്നു. കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് ഇന്ന് പിടികൂടിയത്. 1030 ഗ്രാം സ്വർണ മിശ്രിതവും, ഷാർജയിലേക്ക് അനധികൃതമായി കൊണ്ടുപോകാൻ ശ്രമിച്ച 8 ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ വിദേശ കറൻസികളും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.
28ന് വൈകിട്ട് 5.30ന് ദുബായിൽനിന്നു സ്പൈസ് ജെറ്റ് (എസ്ജി703) വിമാനത്തിൽ കോഴിക്കോട് വന്നിറങ്ങിയ കാസർകോട് സ്വദേശിയിൽനിന്ന് 427 ഗ്രാം സ്വർണ മിശ്രിതവും, 6.55ന് ഷാർജയിൽനിന്ന് ഇൻഡിഗോ (6ഇ1849) വിമാനത്തിൽ വന്ന കുറ്റ്യാടി സ്വദേശിയിൽനിന്ന് 603 ഗ്രാം സ്വർണ മിശ്രിതവും ആണ് പിടികൂടിയത്.
ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇരുവരും ശ്രമിച്ചത്. വിപണിയിൽ ഇതിന് ഏകദേശം 49 ലക്ഷം രൂപ വിലവരും. 29ന് 12.30ന് ഷാർജയിലേക്കു പോകാനിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ചെക്ക് ഇൻ ചെയ്ത കൊയിലാണ്ടി സ്വദേശിയിൽ നിന്നാണ് ഏകദേശം 8 ലക്ഷത്തോളം രൂപയ്ക്കു തുല്യമായ 39,950 സൗദി റിയാലും 100 ഒമാൻ റിയാലും പിടിച്ചെടുത്തത്.
അസിസ്റ്റന്റ് കമ്മിഷണർ സിനോയ് കെ.മാത്യുവിന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവീൺ കുമാർ, കെ.കെ.പ്രകാശ്, ഇൻസ്പെക്ടർമാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസൽ, കപിൽ സുറീറ എന്നിവർ ചേർന്നാണ് സ്വർണമിശ്രിതവും കറൻസിയും പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ