- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ധനവകുപ്പ് കത്ത് ഗൗരവത്തോടെ കണ്ടപ്പോൾ മരവിച്ചത് സ്വർണ്ണ കടത്തിലേയും ഡോളർ കടത്തിലേയും അന്വേഷണം; അമിത് ഷായും പിണറായിയും ധാരണയിലോ? സ്പീക്കറെ വെറുതെ വിടുമോ?
തിരുവനന്തപുരം: സ്വർണ്ണ കടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നിർത്തിയതായി റിപ്പോർട്ട്. സ്വർണ്ണ കടത്ത് അന്വേഷിക്കുന്ന എൻഐഎ ഇപ്പോൾ കാര്യമായ അന്വേഷണമൊന്നും നടത്തുന്നില്ല. ആരേയും പുതുതായി ചോദ്യം ചെയ്യുന്നതായും റിപ്പോർട്ടില്ല. ഇതിനൊപ്പം ഡോളർ കടത്തിലും അന്വേഷണം ഇഴയുകയാണ്. സ്വർണ്ണ കടത്ത് കേസിൽ പി ശിവശങ്കറിന് ജാമ്യം കിട്ടിയതിന് ശേഷമുള്ള ചർച്ചകൾ പല സംശയങ്ങൾക്കും ഇട നൽകുന്നു. കോൺസുലേറ്റ് കടത്തിലെ അന്വേഷണം കേന്ദ്ര സർക്കാർ മരവിപ്പിക്കുന്നുവെന്ന സംശയമാണ് സജീവമാകുന്നത്.
ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണസംഘം കസ്റ്റംസ് ബോർഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനെയും സമീപിച്ചിട്ട് ഒരു മാസമായെങ്കിലും അനുമതി ലഭിച്ചില്ലെന്നാണു സൂചനയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. അതോടെ കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണങ്ങൾ ഏതാണ്ട് മരവിച്ചുവെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നാണ് സൂചന.
കേന്ദ്ര ഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. ഈ കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു ധനമന്ത്രിയുടെ ഓഫിസിനു കൈമാറി. കസ്റ്റംസും ഇഡിയും കേന്ദ്ര ധനവകുപ്പിന്റെ നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസികളോട് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ധനവകുപ്പു തേടിയെന്നാണു വിവരമെന്നും മനോരമ പറയുന്നു. ഇതാണ് അന്വേഷണ മരവിപ്പിന് കാരണം.
ഇഡി ഏറ്റവുമൊടുവിൽ മൊഴിയെടുത്തതു മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനിൽ നിന്നാണ്. പിന്നീട് അന്വേഷണം പുരോഗമിച്ചിട്ടില്ല. രവീന്ദ്രന് അപ്പുറത്തേക്ക് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതും വിവാദമായി. ഈ ഉദ്യോഗസ്ഥരിൽ ഒരാളെ കസ്റ്റംസ് കൈയേറ്റം ചെയ്തുവെന്നും ആരോപണമെത്തി. ഈ സാഹചര്യവും അന്വേഷണത്തെ മരവിപ്പിച്ചു. സ്പീക്കറെ ചോദ്യം ചെയ്യാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകില്ലെന്നും സൂചനയുണ്ട്.
ഡോളർ കടത്തു കേസിൽ ആരും പ്രതീക്ഷിക്കാത്ത വഴികളിലൂടെ കസ്റ്റംസ് നീങ്ങി. സ്വപ്നയും സരിത്തും കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 2 മലയാളികളെ ദുബായിൽനിന്നു വരുത്തി ചോദ്യം ചെയ്തിരുന്നു. പ്രധാന പ്രതികളായ സ്വപ്ന സുരേഷും സരിത്തും കോടതിയിൽ 164ാം വകുപ്പു പ്രകാരം നൽകിയ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടെന്നു കോടതി തന്നെ പരാമർശിച്ചിരുന്നു. ഇതിലും പിന്നീട് അന്വേഷണം നടന്നില്ല. ഈ മൊഴിയെ എൻഐഎയും ഗൗരവത്തോടെ കണ്ടില്ല.
കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നാണു കോൺഗ്രസ് ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുക്ത കേരളം എന്ന ആശയമാണ് ബിജെപിയും ചർച്ചയാക്കുന്നത്. ഇതെല്ലാം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷായുമായി പിണറായി വിജയൻ ഒത്തുതീർപ്പിൽ എത്തിയെന്ന സംശയമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. വരും ദിവസങ്ങളിൽ ഇതും കേരളാ രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ, ഡോളർ കടത്തിനെ കുറിച്ചു വ്യക്തമായ അറിവുണ്ടായിട്ടും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ അക്കാര്യം അധികാരികളെ അറിയിക്കാതിരുന്ന നടപടിയെ സാമ്പത്തിക കുറ്റവിചാരണക്കോടതി വിമർശിച്ചിരുന്നു. ഈ വീഴ്ചയെ അതീവ ഗൗരവത്തോടെയാണു ജാമ്യഉത്തരവിൽ കോടതി പരാമർശിച്ചിരിക്കുന്നത്. ശിവശങ്കറിനെതിരായ ആരോപണങ്ങളുടെ ഗൗരവം കണക്കാക്കി ആഴത്തിലുള്ള അന്വേഷണം വേണമെന്നും നിരീക്ഷണമുണ്ട്. ഈ കേസിൽ കേന്ദ്ര ഏജൻസികൾ എതിർക്കാത്തതു കൊണ്ടാണ് ശിവശങ്കറിന് ജാമ്യം കിട്ടിയതെന്നും വിലയിരുത്തലുണ്ട്.
സ്വർണക്കടത്തു കേസ് പ്രതികളോടൊപ്പം ചേർന്നു കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ച കേസിൽ ഹൈക്കോടതി ശിവശങ്കറിന് നേരത്തേ ജാമ്യം അനുവദിച്ചു. 5 ലക്ഷം രൂപയുടെ ബോണ്ടിലും സമാന തുകയ്ക്കുള്ള 2 പേരുടെ ഉറപ്പിലുമാണു ജാമ്യം. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായി 60 ദിവസത്തിനകം കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാൽ സാമ്പത്തിക കുറ്റവിചാരണക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സ്വർണക്കടത്തു കേസിൽ ശിവശങ്കറെ ആദ്യം ചോദ്യം ചെയ്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇദ്ദേഹത്തെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. യുഎപിഎ ചുമത്താവുന്ന കുറ്റങ്ങൾ ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ