- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റാഷെയുടെ പേരിൽ 30 കിലോ സ്വർണം അയച്ചത് ഫൈസൽ ഫരീദ്; ഒന്നാം പ്രതിയേയും രണ്ടാം പ്രതിയേയും കാണാനോ ചോദ്യം ചോദിക്കാനോ പോലും കഴിയാത്ത അന്വേഷണ സംഘങ്ങൾ; നയതന്ത്ര പാഴ്സൽ സ്വർണ്ണ കടത്ത് കേസിൽ എല്ലാ പ്രതികളും രക്ഷപ്പെട്ടേക്കും; യുഎഇ ബന്ധത്തിൽ വീമ്പു പറയുന്നവർക്ക് ഈ കേസിൽ ചുവട് പിഴയ്ക്കുമ്പോൾ
കൊച്ചി: നയതന്ത്ര സ്വർണ്ണ കടത്തിലെ പ്രതികൾ എല്ലാം രക്ഷപ്പെടാൻ സാധ്യത. കേസ് അന്വേഷണം എല്ലാ അർത്ഥത്തിലും മുമ്പോട്ട് പോകാത്ത അവസ്ഥയിലാണ്. ദുബായിൽനിന്ന് മലയാളിയായ ഫൈസൽ ഫരീദാണ് തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ അഡ്‌മിൻ അറ്റാഷെയുടെ പേരിൽ 30 കിലോ സ്വർണം ഗൃഹോപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് അയച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. ഈ രണ്ടുപേരെയും ചോദ്യംചെയ്യാൻ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണസംഘങ്ങൾക്കു സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ കേസിന് മുമ്പോട്ട് പോയാലും തിരിച്ചടിയാകും ഫലം.
യുഎഇയുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണുള്ളത്. പ്രതികളെ കൈമാറാനുള്ള കരാറുമുണ്ട്. പലരേയും അങ്ങനെ ഇന്ത്യയിലെത്തിക്കുകയും ചെയ്തു. എന്നാൽ സ്വർണ്ണ കടത്തിലൂടെ ഇന്ത്യയുടെ രാജ്യരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചു എന്ന് ആരോപിക്കുന്നവർക്ക് എല്ലാ പരിരക്ഷയും കിട്ടുന്നു. ഫൈസൽ ഫരീദിനെ പോലും ഇന്ത്യയിലേക്ക് കൊണ്ടു വരാൻ കഴിയാത്തതിൽ നിന്നു തന്നെ ദുബായ് കേന്ദ്രീകരിച്ചുള്ള അട്ടിമറിക്കാരുടെ സ്വാധീന ശക്തി വ്യക്തമാണ്.
തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ, മുൻ അഡ്‌മിൻ അറ്റാഷെ എന്നിവരെ ചോദ്യംചെയ്യാൻ പോലും അന്വേഷണസംഘങ്ങൾക്ക് രണ്ടുവർഷമായിട്ടും കഴിഞ്ഞിട്ടില്ല. ഇരുവരുടെയും മൊഴിയെങ്കിലും ശേഖരിക്കാൻ അവസരമൊരുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണസംഘങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. യുഎഇ സര്ക്കാരിന്റെ അനുമതി കിട്ടാത്തതാണ് ഇതിന് കാരണം. കോൺസുൽ ജനറൽമാർക്ക് നയതന്ത്രപരിരക്ഷ ഇല്ലെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. എന്നാൽ ദുബായിൽ ഉന്നത ബന്ധമുള്ളവരെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാൻ അവിടെയുള്ള ഭരണാധികാരികൾക്ക് താൽപ്പര്യമില്ലെന്നതാണ് വസ്തുത.
നയതന്ത്ര സ്വർണക്കടത്ത് കേസിന് ആധാരമായ 30 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിൽനിന്ന് എയർ കാർഗോയായി എത്തിയത് അന്നത്തെ അഡ്‌മിൻ അറ്റാഷെയായിരുന്ന റാഷിദ് ഖാമിസ് അലിയുടെ പേരിലായിരുന്നു. ഈ വ്യക്തിയുടെ മൊഴിയില്ലാതെ കേസു പോലും നിലനിൽക്കില്ല. അങ്ങനെ വ്ന്നാൽ എല്ലാ പ്രതികളും രക്ഷപ്പെടും. ഈ സാഹചര്യത്തിലാണ് സ്വപ്‌നാ സുരേഷ് അടക്കമുള്ളവർ കരുതലോടെ പ്രതികരണങ്ങൾ നടത്തുന്നത്. ഈ കേസ് അട്ടിമറിക്കപ്പെട്ടാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പ്രതിസന്ധിയിലാകും.
കോൺസുലേറ്റിലെ ചാർജ് 'ഡി' അഫയേഴ്സ് ചുമതലയുള്ള നയതന്ത്രപ്രതിനിധികൂടിയായിരുന്നു റാഷിദ്. നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് സംഘം ജമാൽ ഹുസൈൻ അൽ സാബിയെയും അന്നത്തെ കോൺസുൽ ജനറൽ ജമാൽഹുസൈൻ അൽസാബിയെയും കുറ്റാരോപിതരുടെ പട്ടികയിൽ ചേർത്തിരുന്നു. ഇരുവർക്കും കാരണംകാണിക്കൽ നോട്ടീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുഖാന്തരം അയച്ചിരുന്നു. പക്ഷേ, ഇതിന് മറുപടി ലഭിച്ചിച്ചില്ല. വിദേശത്തുള്ള ഈ സംശയ നിഴലിലുള്ള വ്യക്തികളെ ഒന്നും ഇനി കേസ് അന്വേഷണത്തിന് കിട്ടാൻ സാധ്യത കുറവാണ്. സ്വർണം പിടിച്ച ശേഷം ഇവരെ ഇന്ത്യ വിടാൻ അനുവദിച്ചതാണ് എല്ലാ അട്ടിമറിക്കും കാരണം.
കേസ് അന്വേഷിച്ച മറ്റൊരു കേന്ദ്രാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുൻ അറ്റാഷെ റാഷിദ് ഖാമിസ് അലിയെ എതിർകക്ഷിയാക്കി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിന്റെ വിലാസത്തിൽ അയച്ച നോട്ടീസ് റാഷിദ് വിദേശത്താണെന്ന കാരണത്താൽ മടക്കി. ഇതേത്തുടർന്ന് ഇ.ഡി. നോട്ടീസ് പരസ്യമായാണ് പ്രസിദ്ധീകരിച്ചത്. സ്വർണവുമായി വന്ന കാർഗോ തുറക്കാൻ അഡ്‌മിൻ അറ്റാഷെയുടെ സമ്മതം കസ്റ്റംസ് തേടിയിരുന്നു.
അപ്പോൾ മാത്രമാണ് റാഷിദിന്റെ മൊഴിയെടുത്തത്. എന്നാൽ, സ്വർണം കണ്ടെത്തി കേസെടുത്തശേഷം മൊഴിയെടുത്തിട്ടില്ല. ഇതാണ് കേസിനെ പ്രതികൂലമായി ബാധിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ