- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലായിരുന്ന മുഹമ്മദ് ഷഫീഖിന്റെ കൈവശം 700 ഗ്രാം കാപ്‌സ്യൂൾ രൂപത്തിലാക്കിയ സ്വർണം അമീൻ കൊടുത്തയച്ചു; ഉടമസ്ഥന് സ്വർണം നൽകാതെ കണ്ണൂരിലെ 'പൊട്ടിക്കൽ' സംഘത്തിന്് കൈമാറി ഷഫീഖും റാഷിദും; പിന്നാലെ തട്ടിക്കൊണ്ടുപോയി പകതീർക്കലും; കോഴിക്കോട്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്ത് സംഘം
കോഴിക്കോട്: സ്വർണ്ണക്കടത്തു സംഘങ്ങൾ മലബാറിൽ അങ്ങോളമിങ്ങോളം കൊടികുത്തി വാഴുകയാണ്. സ്വർണം കടത്തുന്ന സംഘവും അത് പൊട്ടിക്കുന്ന മറ്റു സംഘങ്ങളും കൂടിയാകുമ്പോൾ ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും വിഷയം ചെന്നെത്തുന്നു. കോഴിക്കോട് യുവാക്കളെ തട്ടിക്കൊണ്ടുപോയതിനു പിന്നിലും സ്വർണക്കടത്ത് സംഘമാണെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവത്തിൽ നാദാപുരം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം കല്ലാച്ചിയിലെ മുഹമ്മദലിയാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അമീനെതിരെയും കേസെടുത്തിട്ടുണ്ട്.ഇയാളെ പിടികൂടാനായിട്ടില്ല. പ്രതികൾ തട്ടിക്കൊണ്ടുപോയ യുവാക്കളെ വേങ്ങരയിൽ ഇറക്കി വിടുകയായിരുന്നു.
കുനിങ്ങാട് മുതുവടത്തൂർ സ്വദേശി കാട്ടിൽ ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ഷഫീഖ്, കക്കം വെള്ളിയിലെ പുതിയോട്ടും താഴെ കുനി റാഷിദ് എന്നിവരെയാണ് വേങ്ങര സ്വദേശി അമീനും സംഘവും തട്ടിക്കൊണ്ടുപോയത്. ദുബായിലായിരുന്ന മുഹമ്മദ് ഷഫീഖിന്റെ കൈവശം 700 ഗ്രാം കാപ്‌സ്യൂൾ രൂപത്തിലാക്കിയ സ്വർണം അമീൻ കൊടുത്തയക്കുകയായിരുന്നു. എന്നാൽ ഉടമസ്ഥർക്കു നൽകാതെ സ്വർണം കണ്ണൂർ കേന്ദ്രീകരിച്ചുള്ള പൊട്ടിക്കൽ സംഘത്തിനു കൈമാറി ഷഫീഖും സുഹൃത്തായ റാഷിദും മുങ്ങി.ഇതിനിടെ അമീൻ സുഹൃത്തായ മുഹമ്മദലിയുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി.
റാഷിദിനെ വയനാട്ടിൽനിന്നും ഷഫീഖിനെ വടകരയിൽനിന്നും തട്ടിക്കൊണ്ടുപോയി മലപ്പുറത്തെ ഒളിത്താവളത്തിൽ തടവിലാക്കുകയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച വൈകുന്നേരം ഷഫീഖിന്റെ മാതാവ് സക്കീന മകനെ കാണാനില്ലെന്നും നാദാപുരം സ്വദേശിയായ യുവാവ് കൂട്ടിക്കൊണ്ടു പോയതായും കാണിച്ചു നാദാപുരം പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദലി പിടിയിലായത്.
കസ്റ്റഡിയിലെടുത്ത മുഹമ്മദലിയെയുംകൊണ്ട് മലപ്പുറം വേങ്ങരയിലെത്തി അമീനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും മൊബൈൽ ഫോണുകൾ ഓഫ് ആയതിനാൽ സാധിച്ചില്ല. തട്ടിക്കൊണ്ടുപോയ യുവാക്കളെ പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഇരുവരെയും അമീന്റെ നേതൃത്വത്തിലുള്ള സംഘം വേങ്ങര പൊലീസ് സ്റ്റേഷനു മുന്നിൽ റോഡിൽ ഇറക്കി കടന്നുകളയുകയായിരുന്നുവെന്നു ഷഫീഖ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ