കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇബ്രാഹിംകുട്ടിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.

ബുധനാഴ്ച രാവിലെയാണ് ഇബ്രാഹിംകുട്ടി കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായത്. അതേസമയമം, മകനെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു ആരോപണം വന്നിരിക്കുന്നതെന്നും മകൻ ഇങ്ങനെയൊന്നും ചെയ്യില്ലെന്നാണ് തന്റെ പൂർണവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സ്വർണക്കടത്തിൽ ഉൾപ്പെട്ട ഷാബിൻ, കൂട്ടാളിയായ പി.എ. സിറാജുദ്ദീൻ എന്നിവരുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇവർ ഒളിവിൽ പോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇബ്രാംഹികുട്ടിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ ഷാബിന്റെ ലാപ്ടോപ്പും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്തിയ കേസിൽ മുസ്ലിം ലീഗ് നേതാവിന്റെ മകനും, സിനിമ നിർമ്മാതാവും ഒളിവിലാണ്. സിറാജുദ്ദീൻ രാജ്യം വിട്ടതായി കസ്റ്റംസ് അറിയിച്ചു. ഇരുവർക്കും കസ്റ്റംസ് നോട്ടീസയച്ചു. ഷാബിന്റെ പാസ്‌പോർട്ട് കസ്റ്റംസ് കണ്ടു കെട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുട്ടി കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായി.

പ്രതികൾക്കായി ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവർ മുമ്പും വലിയ യന്ത്രങ്ങളുടെ മറവിൽ സ്വർണം കടത്തിയതായി സംശയിക്കുന്നുണ്ട്. നിർമ്മാതാവായ സിറാജുദ്ദീന്റെ വീട്ടിലും ഇബ്രാഹിംകുട്ടിയുടെ വീട്ടിലും കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയിരുന്നു. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വർണം കടത്തിയെന്നാണ് കേസ്. ദുബായിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാർഗോ വഴി അയച്ച ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ നിന്നാണ് രണ്ട് കിലോ 232 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്.

തൃക്കാക്കരയിലെ തുരുത്തുമ്മേൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്. ഇത് വാങ്ങാനെത്തിയ നകുൽ എന്നയാളുമായി ഷാബിന് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇബ്രാഹിംകുട്ടിയുടെ വീട്ടിലും പരിശോധന നടത്തിയത്.

തൃക്കാക്കര 'തുരുത്തേൽ എന്റർപ്രൈസസി'ന്റെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ നിന്നാണ് രണ്ടേകാൽ കിലോ സ്വർണം കസ്റ്റംസ് പിടിച്ചത്. ദുബായിൽനിന്ന് കാർഗോ വിമാനത്തിലാണ് യന്ത്രം നെടുമ്പാശ്ശേരിയിൽ എത്തിയത്. പാഴ്സൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ കാക്കനാട് സ്വദേശി നകുലിനെ അന്നുതന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുരുത്തേൽ എന്റർപ്രൈസസ് പാർട്ണർമാരാണ് ഷാബിനും സിറാജുദ്ദീനും. ഷാബിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നും ലക്ഷക്കണക്കിന് രൂപ കൈമാറിയതിന് രേഖകളുണ്ടെന്നും കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.