തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണക്കടത്തിലെ അടിസ്ഥാന വിവരങ്ങൾ പോലും ഇനിയും പുറത്തുവന്നിട്ടില്ല. ഏത് ജുവല്ലറിയിലേക്കാണ് സ്വർണം കൊണ്ടുപോയത് എന്നതാണ് ഇതിലെ പ്രധാന ചോദ്യം. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ചേർന്നാണ് ഇത്തരമൊരു സ്വർണക്കടത്തു നടത്തിയത്. എന്നിട്ടും ഇവരിൽ ആരെയും ചോദ്യം ചെയ്യാൻ പോലും അന്വേഷണ ഏജൻസികൾക്ക് സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രസ്താവന വിവാദങ്ങൾക്ക് വഴിവെക്കുന്നത്.

സ്വർണക്കടത്ത് കേസിൽ സത്യം പുറത്തുവരുമെന്നാണ് ജയശങ്കർ പറഞ്ഞത്. നടക്കാൻ പാടില്ലാത്തത് ഉണ്ടായി. യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചു നടന്ന കാര്യങ്ങളെക്കുറിച്ചു മന്ത്രാലയത്തിനു ബോധ്യമുണ്ട്. കോൺസുലേറ്റിലെ പ്രോട്ടോക്കോൾ ലംഘനം ശ്രദ്ധയിൽപെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിനാണു കേന്ദ്രമന്ത്രിയുടെ മറുപടി.

സ്വർണക്കടത്തു വിഷയത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഒരു വിദേശ രാജ്യത്തിന്റെ കോൺസുലേറ്റ് കൂടി ഉൾപ്പെട്ടിട്ടുള്ളതിനാലും കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാലും കൂടുതൽ പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്വപ്‌നയുടെ വെളിപ്പെടുത്തൽ നിർണായക ഘട്ടത്തിൽ നിൽക്കവേയാണ് ജയശങ്കറിൽ നിന്നും ഇത്തരമൊരു പ്രസ്താവന ഉണ്ടായിരിക്കുന്നത്. ഈ പ്രസതാവന കേന്ദ്രം എന്തെങ്കിലും ലക്ഷ്യത്തോടെ പറഞ്ഞതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രോട്ടോക്കോൾ ലംഘനം നടത്തിയവരിലെ അന്വേഷണം നീണ്ടാൽ മുഖ്യമന്ത്രിയും കെ ടി ജലീലും അടക്കം കുടുങ്ങന്ന അവസ്ഥയുണ്ട്. ഇവരുടെ ഇടപെടൽ പലപ്പോഴും പ്രോട്ടോക്കോൾ ലംഘിച്ചു കൊണ്ടാണെനന്നാണ് സ്വപ്‌നയുടെ ആരോപണം. ഷാർജ സുൽത്താൻ ക്ലിഫ്ഹൗസിൽ എത്തിയതിൽ അടക്കം പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്ന് നേരത്തെ സ്വപ്‌ന ആരോപിച്ചിരുന്നു.

കൂടാതെ സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്‌ന സുരേഷിന്റെ കത്തയച്ചതും അടുത്തിടെയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കത്തിൽ അവർ ആരോപിച്ചത്.

കേസിന്റെ മുഖ്യ സൂത്രധാരൻ ശിവശങ്കർ ഐഎഎസ് ആണ്. സ്വർണക്കടത്തിൽ താൻ ശിവശങ്കർ പറയുന്നത് അനുസരിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ പിന്നീട് തന്നെ ബലിയാടാക്കി. ബോഫോഴ്‌സ്, ലാവ്‌ലിൻ, 2ഏ സ്‌പെക്ട്രം കേസുകളേക്കാൾ ഗൗരവമേറിയതാണ് സ്വർണക്കടത്ത് കേസ്. സംസ്ഥാന സർക്കാരിന്റെ സ്വാധീനം മൂലം കേസ് വഴിതിരിച്ച് വിടാനാണ് ശ്രമിച്ചത്.

രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. രാജ്യാന്തര ഗൂഡലോചനയുള്ള കേസാണിത്. കേസിന്റെയും തുടർ സംഭവങ്ങളുടെയും ഗൗരവം ഉൾക്കൊണ്ട് പ്രധാനമന്ത്രി ഉടൻ ഇടപെടണം. ഉചിതമായ നടപടി സ്വീകരിക്കണം. മനുഷ്യത്വപരമായ സമീപനമാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.