- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് തുടരുന്നു; 2,647 ഗ്രാം സ്വർണ മിശ്രിതവുമായി കരിപ്പൂരിൽ വിമാനക്കമ്പനി ജീവനക്കാരൻ പിടിയിൽ; ഗ്രൗണ്ട് സ്റ്റാഫായ മുഹമ്മദ് ഷമീം പിടിയിലായത് വിമാനം പാർക്കു ചെയ്ത സ്ഥലത്തുനിന്നും സ്വർണം ശേഖരിച്ച് വിമാനത്താവളത്തിന് അകത്തേക്കു വരുന്നതിനിടെ
കോഴിക്കോട്: 2,647 ഗ്രാം സ്വർണ മിശ്രിതവുമായി കരിപ്പൂരിൽ വിമാനക്കമ്പനി ജീവനക്കാരൻ പിടിയിൽ. ഒരുകോടിയോളം രൂപ വിലവരുന്ന സ്വർണമിശ്രിതവുമായി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സി ഐ എസ് എഫിന്റെ പിടിയിലായത്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ഒരു വിമാനക്കമ്പനി ജീവനക്കാരൻ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കരിപ്പൂരിൽ പിടിയിലാവുന്നത്.
വിമാനം പാർക്കു ചെയ്ത സ്ഥലത്തുനിന്നു മറ്റാരോ കടത്തിക്കൊണ്ടുവന്ന സ്വർണം ശേഖരിച്ച് വിമാനത്താവളത്തിന് അകത്തേക്കു വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കസ്റ്റംസിന്റെത് ഉൾപ്പെടെയുള്ള പരിശോധന ഒഴിവാക്കി പുറത്ത് കാത്തിരിക്കുന്ന ഏജന്റിന് സ്വർണം എത്തിക്കാനുള്ള ദൗത്യമായിരുന്നു ഷമീമിന് സ്വർണക്കള്ളക്കടത്ത് സംഘം നൽകിയിരുന്നതെന്നാണ് സൂചന.
സാധാരണ യാത്രക്കാർ കടന്നുപോകുന്ന വഴിയിലെ പരിശോധനകൾ വിമാനത്താവള ജീവനക്കാർ കടന്നുപോകുന്ന വഴിയിൽ ഉണ്ടാവില്ലെന്നതിനാൽ അധികം റിസ്‌ക്കെടുക്കാതെ ഇതുവഴി സ്വർണം പുറത്തെത്തിക്കാനാവും. ഷമീമിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്.
ഇയാളെ കസ്റ്റംസിന് കൈമാറിയിരിക്കയാണ്. ആരാണ് സ്വർണം കൊടുത്തുവിട്ടതെന്നും ആർക്കുവേണ്ടിയായിരുന്നു ഇതെന്നുമെല്ലാം കസ്റ്റംസിന്റെ ചോദ്യംചെയ്യലിലേ വ്യക്തമാവൂ. അടുത്ത കാലത്തായി കരിപ്പൂർ കേന്ദ്രീകരിച്ച് വൻ തോതിലുള്ള സ്വർണക്കടത്താണ് നടക്കുന്നത്. ഇതിൽ പലപ്പോഴും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ പങ്കും റിപ്പോർട്ട് ചെയ്യാറുണ്ട്.
കസ്റ്റംസിലെ തന്നെ പല ഉയർന്ന ഉദ്യോഗസ്ഥരും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സ്ഥിതിയുമുണ്ട്. ഇത് കോഴിക്കോട്ടെ മാത്രം കഥയല്ല. നെടുമ്പാശേരിയിലും സമാനമായ സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചാൽ വലിയ തുക ഒന്നു കണ്ണുചിമ്മിയാൽ ലഭിക്കുമെന്നതാണ് മെച്ചപ്പെട്ട ജീവിതസാഹചര്യവും ഉയർന്ന ശമ്പളവുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെപ്പോലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന ഇത്തരം മാഫിയകളോട് കൂട്ടുചേരാൻ പ്രേരിപ്പിക്കുന്നത്.
കേരളത്തിലെ വിമാനത്താവളങ്ങൾ വഴി പിടികൂടുന്നതിന്റെ പത്തും അ്ൻപതും ഇരട്ടി സ്വർണം പരിശോധനാ കടമ്പകൾ കടന്നു പുറത്തെത്തുന്നുണ്ടെന്നാണ് അധികൃതർ തന്നെ സമ്മതിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ