- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഐഎയ്ക്ക് പിന്നാലെ സന്ദീപിനെ മാപ്പുസാക്ഷിയാക്കാൻ കസ്റ്റംസും; സ്വർണക്കടത്തിൽ പഴുതുകൾ അടച്ച് കുറ്റപത്രം നൽകാൻ അന്വേഷണ സംഘം; കുറ്റാരോപണങ്ങൾ പിടിയിലായവരിലേക്ക് ചുരുങ്ങിയേക്കും; ഫൈസൽ ഫരീദ് ഉൾപ്പടെയുള്ളവരെ ലഭിക്കുന്ന മുറയ്ക്ക് വിചാരണ നടപടികൾ
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രതി സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കാനൊരുങ്ങി കസ്റ്റംസ്. സന്ദീപ് നായരെ നേരത്തെ എൻഐഎ കുറ്റപത്രത്തിൽ മാപ്പു സാക്ഷിയാക്കിയിരുന്നു. കുറ്റപത്രത്തിന്റെ അന്തിമരൂപം തയാറാകുന്നതിനു മുന്നോടിയായാണ് കസ്റ്റംസും ഇയാളെ സ്വർണക്കടത്തു കേസിലും മാപ്പു സാക്ഷിയാക്കുന്നത് ആലോചിക്കുന്നത്.
അതേ സമയം സ്വപ്ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. കസ്റ്റംസ് കുറ്റപത്രം എന്നു സമർപ്പിക്കാനാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ഡോളർ കടത്തിൽ മുൻ സ്പീക്കർ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റു ചെയ്യുന്നതിലേക്കു നയിക്കുന്ന വിവരങ്ങൾ ലഭിക്കാതിരുന്നതിനാൽ കുറ്റാരോപണങ്ങൾ പിടിയിലായവരിലേക്കു ചുരുങ്ങുന്നതിനാണ് സാധ്യത.
സ്വപ്നയും സന്ദീപും സരിത്തും നടത്തിയ സ്വർണക്കടത്തിനു പുറമേ കോൺസൽ ജനറൽ നടത്തിയ കള്ളക്കടത്തും ഇവരുടെ ഡോളർ കടത്തുമാണ് കുറ്റകൃത്യങ്ങൾ. ഇതിന്റെ ഭാഗമായ വിദേശത്തുള്ളവരെ ഒഴികെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിട്ടുണ്ട്. ഷോക്കോസ് നോട്ടിസിൽ ലഭിച്ച മറുപടി പ്രകാരം ആരെയൊക്കെ വിചാരണ ചെയ്യണമെന്നും ഇതിനകം തീരുമാനിച്ചിട്ടുണ്ട്.
ഇതിൽ ഉത്തരവിറക്കിയ ശേഷമായിരിക്കും അന്തിമ കുറ്റപത്രം തയാറാക്കുന്നതും കോടതിയിൽ സമർപ്പിക്കുന്നതും. പ്രതിപ്പട്ടികയിലുള്ള ഇനിയും അറസ്റ്റു ചെയ്യാൻ സാധിച്ചിട്ടില്ലാത്ത ഫൈസൽ ഫരീദ് ഉൾപ്പടെയുള്ളവരെ ലഭിക്കുന്ന മുറയ്ക്കായിരിക്കും അധിക കുറ്റപത്രം സമർപ്പിക്കലും വിചാരണ നടപടി ക്രമങ്ങളുമുണ്ടാകുക.
കസ്റ്റംസ് കുറ്റപത്രത്തിനായുള്ള കരടു രൂപം തയാറാക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നടപടികൾ വൈകുന്നതിനു കാരണമായി. കസ്റ്റംസ് കമ്മിഷണറായിരുന്ന സുമിത് കുമാർ സ്ഥലം മാറ്റം ലഭിച്ചു ഭിവണ്ടിയിലേയ്ക്കു പോയി. കമ്മിഷണർ സ്ഥലംമാറി പോകും മുൻപ് കരടു രൂപം തയാറാക്കിയിരുന്നു. അസിസ്റ്റന്റ് സോളിസിറ്റർ ജനറലുമായി ഇതിനായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതാണ് കുറ്റപത്രം വൈകുന്നതിനു കാരണം. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരിൽ ചിലർ ഇതിനിടെ കോവിഡ് ബാധിതരായി ചികിത്സയിലായതാണ് തിരിച്ചടിയായത് എന്നാണു വിവരം.
കരടു രൂപം പരിശോധനയ്ക്കായി നിലവിൽ പ്രോസിക്യൂട്ടർക്കു കൈമാറിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരം. മുതിർന്ന സർക്കാർ അഭിഭാഷകൻ ഇതു പരിശോധിച്ച് എന്തെങ്കിലും പഴുതുകളുണ്ടെങ്കിൽ അടച്ച് അന്തിമ റിപ്പോർട്ടിലേയ്ക്കു കടക്കാനാണ് തീരുമാനം.
പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ വരുന്നതിനു തൊട്ടുമുൻപു സ്വർണക്കടത്തു കേസിൽ 53 പേർക്ക് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കസ്റ്റംസ് ചട്ടപ്രകാരം കുറ്റപത്രം സമർപ്പിക്കുന്നതിന്റെ മുന്നോടിയായുള്ളതായിരുന്നു നടപടി. സ്വർണക്കടത്തിൽ വമ്പന്മാരെ അറസ്റ്റു ചെയ്യാൻ സാധിക്കാതെ പോയതും അന്വേഷണ സംഘത്തിനു തിരിച്ചടിയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ