- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്ക് അറിയാമായിരുന്നെന്നു'; സ്വപ്നയുടെ മൊഴിയിലെ ആ ചിലർ ആരൊക്കെ? മുദ്രവെച്ച കവറിൽ വിവരങ്ങൾ ഇഡി കോടതിക്ക് വിവരങ്ങൾ നൽകിയപ്പോൾ പിണറായിയുടെ ഓഫീസിന് മുഴുവൻ നെഞ്ചിടിക്കുന്നു; സി.എം.രവീന്ദ്രൻ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ മറ്റു ചിലരും അങ്കലാപ്പിൽ; ശിവശങ്കറും സ്വപ്നയും മനസ് തുറന്നപ്പോൾ അടിമുടി വെട്ടിലായി സർക്കാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു എതിരെയുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് കോടതിയിൽ അറിയിച്ചതോടെ ഭരണവൃത്തങ്ങളിൽ ആശങ്ക പടരുന്നു. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയ്ക്കിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു എതിരെയുള്ള പരാമർശം ഇഡി നടത്തിയത്. ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിനെ കുറിച്ച് വിവരങ്ങളറിയാമായിരുന്നുവെന്നാണ് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്. ചിലർ എന്നുമാത്രമാണ് കോടതിയിൽ ഇഡി പറഞ്ഞത്. വിവരങ്ങൾ മുദ്രവെച്ച കവറിൽ കൈമാറുമെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. ഈ ചിലർ ആരെന്നു അറിയാത്തതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും നെഞ്ചിടിപ്പ് കൂടുകയാണ്.
മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎസ് സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. കോവിഡ് ചൂണ്ടിക്കാട്ടി രവീന്ദ്രൻ വിട്ടു നിൽക്കുകയാണ്. രവീന്ദ്രൻ അല്ലാതെ വേറെ ആരെക്കൂടി ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്നതിലാണ് ആശങ്ക കൂടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ കള്ളക്കടത്ത് വിവരങ്ങൾ അറിഞ്ഞിരുന്നു. എല്ലാ കൈക്കൂലി വിവരങ്ങളും ശിവശങ്കറിനറിയാമെന്നാണ് സ്വപ്ന എൻഫോഴ്സ്മെന്റിന് മൊഴി നൽകിയത്. ഇതാര് എന്ന കാര്യം എൻഫോഴ്സ്മെന്റിന് മുൻപാകെ വെളിപ്പെടുത്തുകയാണ് സ്വപ്ന ചെയ്തത്. ഇഡി നൽകിയ റിപ്പോർട്ടിൽ പറയുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്ക് ഈ കാര്യം അറിയാമായിരുന്നുവെന്നാണ്. ആരാണ് ചിലർ എന്ന് വെളിപ്പെടുത്തിയിട്ടില്ല. അത് മുദ്രവെച്ച കവറിൽ കൈമാറും എന്നാണ് ഇഡി കോടതിയിൽ പറഞ്ഞത്. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്ക് നെഞ്ചിടിപ്പ് കൂടുന്നത്. അന്വേഷണം പൂർത്തിയാകുമ്പോൾ ചിലർക്ക് നെഞ്ചിടിപ്പ് കൂടും എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഈ പരാമർശം തിരിഞ്ഞുകൊത്തുകയാണ് ചെയ്യുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ എല്ലാം നഷ്ടമായതോടെയാണ് ശിവശങ്കറും സ്വപ്ന സുരേഷും കാര്യങ്ങൾ വെളിപ്പെടുത്തി തുടങ്ങിയത്. സ്വപ്നയുടെ സ്വത്തും ശിവശങ്കറിന്റെ സ്വത്തും അറ്റാച്ച് ചെയ്യുമെന്ന് ഇഡി അറിയിച്ചിരുന്നു. ഇരുവരുടെയും സ്വത്ത് മാത്രമല്ല ബിനാമി നിക്ഷേപം ആണെന്ന് ബോധ്യമാകുന്ന കുടുംബങ്ങളുടെ സ്വത്തും അറ്റാച്ച് ചെയ്യും എന്നാണ് ഇഡി പറഞ്ഞത്. കസ്റ്റഡി കാലാവധി അവസാനമെത്തുമ്പോഴെയ്ക്കും ഇരുവരും തുറന്നു പറച്ചിലിന്റെ രീതി സ്വീകരിച്ചിരുന്നു. തങ്ങളുടെ രക്ഷകരായി ഇനി ആരും എത്തില്ല എന്ന് ഉത്തമബോധ്യം വന്നപ്പോഴാണ് ഇരുവരും കാര്യങ്ങൾ തുറന്നു പറഞ്ഞു തുടങ്ങിയത്.
സ്വപ്നയെ സംരക്ഷിക്കുന്ന പരിപാടി ശിവശങ്കറും ശിവശങ്കറെ സംരക്ഷിക്കുന്ന സ്വപ്നയും അവസാനിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ലോക്കറിലെ ഒരു കോടി ശിവശങ്കറിന് ഉള്ള കൈക്കൂലി ആണെന്ന് സ്വപ്ന വെട്ടിത്തുറന്നു പറഞ്ഞത്. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തും ലൈഫ് മിഷനിലെ കമ്മീഷനുമെല്ലാം ശിവശങ്കറിന്റെ അറിവോടെയാണെന്നാണ് സ്വപ്ന നൽകിയ മൊഴി യിൽ ഉള്ളത്. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് താൻ ലോക്കർ കൈകാര്യം ചെയ്തതെന്നും സ്വപ്ന മൊഴി നൽകി. ഗത്യന്തരമില്ലാതെ ശിവശങ്കറും കാര്യങ്ങൾ വെളിപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
സ്വപ്നയും ശിവശങ്കറും മനസ് തുറക്കുമ്പോൾ അത് സർക്കാരിനെ കുലുക്കുന്ന ബോംബ് ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആ ചിലർ ആരെന്ന കാര്യം മുദ്രവെച്ച കവറിൽ ഹാജരാക്കും എന്ന് ഇഡി പറയുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ അസ്വസ്ഥരാകുന്നത്. എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കത്തെഴുതി സംസ്ഥാനത്തേക്ക് ആനയിക്കുമ്പോൾ അത് തന്റെ സർക്കാരിനെ പിടിച്ചു കുലുക്കുന്ന ബോംബ് ആയി മാറുമെന്നു ഭരണവൃത്തങ്ങൾ കരുതിയിരുന്നില്ല. എൻഐഎ അന്വേഷണം ഊർജ്ജിതമാക്കുകയും കസ്റ്റംസും ഇഡിയും റോയും സിബിഐയും സംസ്ഥാനത്ത് പിടിമുറുക്കുകയും ചെയ്തപ്പോൾ ഇപ്പോൾ സ്ഥിതിഗതികളുടെ പോക്ക് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ മനസിലായി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അന്വേഷണം നടത്താൻ സിബിഐയ്ക്ക് ഉള്ള സമ്മതപത്രം സർക്കാർ റദ്ദ് ചെയ്തത്. സർക്കാരിനെ ആശങ്കയിലാക്കുന്ന വിധത്തിലുള്ള റിപ്പോർട്ട് ആണ് ഇഡി കോടതിയിൽ നൽകിയത്.
സ്വർണക്കടത്തിനെക്കുറിച്ചും ഡിപ്ലോമാറ്റിക് ചാനൽ മുഖേനയുള്ള ഇലക്ടോണിക്സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നുവെന്നും ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും ഇഡി റിപ്പോർട്ടിലുണ്ട്. ലൈഫ് മിഷൻ അഴിമതി ഇടപാട്, കെ.ഫോൺ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ഇ.ഡി പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രമുഖനായ സിഎം രവീന്ദ്രനെ അന്വേഷണ പരിധിയിൽ കൊണ്ടു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇഡിയുടെ വിശദീകരണം അതിനിർണ്ണായകമാണ്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴിതെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കടുത്ത നടപടികളിലേക്ക് ഇഡി കടക്കുമെന്നതിന്റെ സൂചനയാണ് ഇത്. രവീന്ദ്രനെ കോവിഡുകാരണം ചോദ്യം ചെയ്യാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. രവീന്ദ്രനേയും കേസിൽ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലർക്കും സ്വർണ്ണ കടത്ത് സംബന്ധിച്ച് അറിയാമായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയെന്നാണ് സൂചന. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ ഒരു ദിവസം കൂടി ശിവശങ്കറിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വേണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇദ്ദേഹത്തെ ഒരു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതി അനുവാദം നൽകിയിട്ടുണ്ട്. സ്വപ്നയും ശിവശങ്കറും തമ്മിൽ നേരത്തെ നടത്തിയിട്ടുള്ള നിർണായകമായ ചില വാട്സാപ് സന്ദേശങ്ങൾ കാണിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്നയുടെ സുപ്രധാന വെളിപ്പെടുത്തലുകൾ.
നയതന്ത്ര ചാനൽ വഴി ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സാധനങ്ങൾ കടത്തിയിരുന്ന വിവരവും ശിവശങ്കറിന് അറിയാമായിരുന്നു. യുണി ടാക് ബിൽഡേഴ്സ് കോഴയായി പണം നൽകിയതിനാലാണ് അവർക്ക് ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിച്ചതെന്ന വിവരവും ശിവശങ്കറിന് അറിയാമായിരുന്നു. കെഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ സന്തോഷ് ഈപ്പനെ ഭാഗമാക്കാൻ ശിവശങ്കർ താൽപര്യപ്പെട്ടിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്. ശിവശങ്കറുമായി അടുപ്പമുള്ള ചിലരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയതായാണ് കോടതിയിൽ നൽകിയ ഇഡി റിപ്പോർട്ടിലുള്ളത്. ഈ വിവരങ്ങൾ ആണ് സർക്കാരിനെ ഉറക്കം കെടുത്തുന്നതും.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.