കൊച്ചി: സ്വപ്‌ന സുരേഷുമൊത്തുള്ള ജോയിന്റ് ബാങ്ക് ലോക്കറിൽ കണ്ടെത്തിയ പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം സ്വപ്‌ന തന്നോട് വെളിപ്പെടുത്തിയിട്ടില്ലെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ. എൻഫോഴ്‌മെന്റാണ് ഇക്കാര്യം കോടതിയെ അറിയിച്ചു. ലോക്കറിലെ വസ്തുക്കൾക്ക് താനും ഉത്തരവാദിയെന്ന് വേണുഗോപാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ലോക്കറിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ റിയൽ എസ്റ്റേറ്റ് ഇടപാടിലെ കമ്മീഷനാണെന്നായിരുന്നു സ്വപ്നയുടെ വാദം.

കേസിൽ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടുന്നതിനായി ഇന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഈ മാസം 19നാണ് എൻഫോഴ്സ്മെന്റ് വേണുഗോപാലിന്റെ മൊഴിയെടുത്തത്. സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണവിധേയനായ ശിവശങ്കറിന്റെ സുഹൃത്ത് കൂടിയാണ് ഇദ്ദേഹം.

അതേസമയം, ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സ്വപ്നയ്ക്ക് ഒരു കോടി രൂപ കമ്മിഷൻ നൽകിയിട്ടില്ലെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ എറണാകുളത്തെ സെയ്ൻ വെഞ്ച്വേർസ് ഡയറക്ടർ വിനോദ്.പി.വി. മൊഴി നൽകി. ലോക്കറിൽ നിന്നു ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിക്ക് ലഭിച്ച കമ്മിഷനാണെന്നായിരുന്നു സ്വപ്നയുടെ മൊഴി.

ഈ പശ്ചാത്തലത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവു നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും 14 ദിവസത്തേക്ക് കൂടി റിമാൻഡ് കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് സമർപ്പിച്ചത്. അപേക്ഷ പരിഗണിച്ച കോടതി ഇവരുടെ കസ്റ്റഡി കാലാവധി കോടതി സെപ്റ്റംബർ ആറു വരെ നീട്ടി.

. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണവും നേരത്തെ കണ്ടെത്തിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിന്റ് അക്കൗണ്ടാണിത്. ശിവശങ്കർ ആവശ്യപ്പെട്ടിട്ടാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നൽകിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റുമാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചായിരുന്നു ഈ ലോക്കർ പങ്കാളിത്തം. ശിവശങ്കർ പറഞ്ഞിട്ടാണെങ്കിൽ പോലും ഒരുകോടിയോളം രൂപ പണമായി ലോക്കറിൽ സൂക്ഷിക്കുന്നതിന്റെ അപകടം ചാർട്ടേഡ് അക്കൗണ്ടന്റിന് നന്നായി അറിയേണ്ടതാണ്.

ചാർട്ടേഡ് അക്കൗണ്ടന്റുമാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തിലെ 270-ാം വകുപ്പ് പൂർണമായും ലംഘിച്ചാണ് സ്വപ്നയുടെ ലോക്കർ പങ്കാളിയായി ചാർട്ടേഡ് അക്കൗണ്ടന്റ് വരുന്നത്. ഈ വകുപ്പിൽ മൂന്നുകാര്യങ്ങളാണ് വിശദീകരിച്ചിട്ടുള്ളത്. ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ഒരിക്കലും തന്റെ ഇടപാടുകാരുടെ പണത്തിന്റെയോ ആസ്തിയുടെയോ സൂക്ഷിപ്പുകാരനാകരുത്. ഏതെങ്കിലും കാരണത്താൽ സൂക്ഷിപ്പുകാരനാകേണ്ടിവന്നാൽ അത് എല്ലാ നിയമങ്ങളും പാലിച്ചാകണം. അത്തരം ആസ്തിയും പണവും ഒരിക്കലും സ്വന്തംപേരിലോ സ്ഥാപനത്തിന്റെ പേരിലോ സൂക്ഷിക്കാൻ പാടില്ല. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള ഒരു നിയമവിരുദ്ധപ്രവർത്തനത്തിനും കൂട്ടുനിൽക്കാൻ പാടില്ല. സൂക്ഷിക്കേണ്ട ആസ്തിയുടെയും പണത്തിന്റെയും ഉറവിടമെന്താണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിയമത്തിൽ നിഷ്‌കർഷിക്കുന്നു.