- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം; ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം; ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം': സ്വപ്നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സിപിഒയുടെ മൊഴിയും പുറത്ത്
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്നയെ നിർബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കാൻ ഇഡി ശ്രമിച്ചെന്ന സിപിഒ സിജി വിജയന്റെ മൊഴി പുറത്തുവന്നതിന് പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയും പരസ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി സ്വപ്ന സുരേഷിനോട് പറഞ്ഞെന്നാണ് വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നൽകിയതായി മൊഴിയിലുണ്ട്.
ഇഡി സ്വപ്നയോട് പറഞ്ഞതായി മൊഴിയിലുള്ളത്
''ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം. ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം. ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം.''
ഓഗസ്റ്റ് 13 ന് രാത്രിയിലെ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ പറഞ്ഞത്. ഇ ഡി, ഡിവൈഎസ്‌പി രാധാകൃഷ്ണനാണ് ഈ വാഗ്ദാനം നൽകിയത്. പലപ്പോഴും പുലർച്ചെ നാലുമണി വരെ ചോദ്യം ചെയ്തെന്നും സ്വപ്നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജിമോൾ മൊഴി നൽകി. സ്വപ്നയുടെ ശബ്ദരേഖാ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് മൊഴി നൽകിയത്.
നേരത്തെ സ്വപ്നാ സുരേഷ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ അവരുടെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. സിജി വിജയൻ നൽകിയ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വപ്നയുടേതെന്ന പേരിൽ പ്രചരിച്ച ശബ്ദരേഖ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഉദ്യോഗസ്ഥ മൊഴി നൽകിയിരുന്നത്. ഇത് വകുപ്പു തല അന്വേഷണവുമാണ്.
ഇ.ഡി. ഉദ്യോഗസ്ഥരുടെ സ്വപ്നയോടുള്ള ചോദ്യങ്ങളിൽ കൂടുതലും നിർബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് സിജിയുടെ മൊഴിയിലുണ്ട്. ഇനിയൊരു ഉന്നതനെ ഇവിടെകൊണ്ടിരുത്തുമെന്ന് സ്വപനയോട് ഉദ്യോഗസ്ഥർ പറയുന്നതു കേട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെ ഫോൺകോൾ വരാറുണ്ട്. അവർ ഹിന്ദിയിൽ സംസാരിക്കാറുമുണ്ടായിരുന്നു. രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണ് ഇത്തരത്തിൽ സമ്മർദം ചെലുത്തി ചോദ്യംചെയ്തിരുന്നത്. ഹിന്ദിയും ഇംഗ്ലീഷും അറിയുന്നതിനാൽ ഉദ്യോഗസ്ഥർ പറയുന്നതൊക്കെ തനിക്ക് മനസ്സിലായിരുന്നുവെന്നും ഉദ്യോഗസ്ഥ മൊഴിയിൽ വ്യക്തമാക്കുന്നു.
സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിലുള്ളത് അവരുടെ ശബ്ദമാണെന്നാണ് മനസ്സിലാകുന്നതെന്നും സിജി മൊഴിയിൽ പറയുന്നു. ശബ്ദരേഖയിലുള്ള കാര്യങ്ങൾ സ്വപ്ന തന്നോടും പറഞ്ഞിട്ടുണ്ട്. ശബ്ദരേഖയിലുള്ളത് ആരാണ് റെക്കോഡ് ചെയ്തത്, എവിടെവച്ചാണ് റെക്കോഡ് ചെയ്തത് എന്നത് അറിയില്ല. താൻ സ്വപ്നയ്ക്ക് ഒപ്പം ചോദ്യംചെയ്യൽ മുറിയിലുണ്ടായിരുന്നപ്പോൾ, ശബ്ദരേഖയിൽ പറയുംപോലെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നതും കണ്ടിട്ടുണ്ട്.
സ്വപ്നയുടെ കസ്റ്റഡി നീട്ടുന്നതിനായി ഓഗസ്റ്റ് 14-ന് കോടതിയിൽ ഹാജരാക്കിയപ്പോൾ, കസ്റ്റഡിയിൽ പീഡിപ്പിക്കുന്നുവെന്നും ഉറങ്ങാൻ സമ്മതിക്കുന്നില്ലെന്നും അവർ അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിരുന്നു. ശബ്ദരേഖയിൽ പറയുന്ന കാര്യങ്ങൾ സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് അറിയില്ലെന്ന് ഡിസംബർ 11-ന് സിജി വിജയൻ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എം. ശിവശങ്കറിനൊപ്പം യു.എ.ഇ.യിൽ പോയി മുഖ്യമന്ത്രിക്കുവേണ്ടി 'ഫിനാൻഷ്യൽ നെഗോഷ്യേഷൻസ്' നടത്തിയിട്ടുണ്ടെന്ന് പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് സ്വപ്ന പറയുന്ന തരത്തിലുള്ള ശബ്ദരേഖയായിരുന്നു പുറത്തുവന്നത്. തുടർന്ന് ശബ്ദസന്ദേശത്തിന്റെ ഉറവിടം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ജയിൽ മേധാവി ആവശ്യപ്പെടുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി. ഉത്തരവിടുകയും ചെയ്തു. ശബ്ദരേഖ പകർത്തിയത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജിയാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ