- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്തിന് കാരിയർമായി ഉപയോഗിച്ചത് 40 യുവതികളെ; വിമാനത്താവളത്തിലെ എക്സറേയിൽ കണ്ണടച്ച് ഒത്താശ ചെയ്തത് കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ; ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് സെറീനാ ഷാജി; റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ ബാലഭാസ്കറിന്റെ സുഹൃത്ത് കൂടിയായ വിഷ്ണുസോമസുന്ദരം; 17 കോടിയുടെ കടത്തിൽ നാല് പേർക്കെതിരെ സിബിഐ കുറ്റപത്രം
തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളം വഴി 8 കോടി 17 ലക്ഷം രൂപയുടെ 25 കിലോഗ്രാം സ്വർണ്ണ ബിസ്‌ക്കറ്റ് കടത്തിയ കേസിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിലെ എയർ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ടടക്കം നാലു പ്രതികൾക്കെതിരെ സിബിഐ ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കസ്റ്റംസ് സൂപ്രണ്ട് തിരുവനന്തപുരം പി റ്റി പി നഗർ സ്വദേശി ബി. രാധാകൃഷ്ണൻ (50), തിരുമല സ്വദേശി കെ എസ് ആർ റ്റി സി കണ്ടക്ടർ എം. സുനിൽ കുമാർ (45), ആലുവ സ്വദേശിനിയും ബ്യൂട്ടി പാർലർ ഉടമയും കള്ളക്കടത്തിന് വേണ്ടി തിരുവനന്തപുരത്ത് താമസിക്കുന്നയാളുമായ സെറീന ഷാജി (42), റാക്കറ്റിന്റെ മുഖ്യ സൂത്രധാരനും വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്തും സംഗീത ട്രൂപ്പ് മാനേജരുമായ തിരുമല സ്വദേശി വിഷ്ണു സോമസുന്ദരം (47) എന്നിവരെ ഒന്നു മുതൽ നാലു വരെ പ്രതിപ്പട്ടികയിൽ ചേർത്തുള്ളതാണ് കുറ്റപത്രം.
നാലു പ്രതികളെയും മാർച്ച് 15 ന് ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടു. സി ബി ഐ കൊച്ചി ആന്റി കറപ്ഷൻ ബ്യൂറോ എസ്‌പി.യോടാണ് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ റെക്കോർഡുകളും പരിശോധിച്ച കോടതി പ്രതികൾക്കെതിരെ നടപടികളെടുക്കാൻ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു വിലയിരുത്തിയാണ് പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ടത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (ക്രിമിനൽ ഗൂഢാലോചന), 511 ഓഫ് 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കാൻ ശ്രമിക്കൽ), അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 7 (പൊതു സേവകൻ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ നിയമപരമായ വേതനം അല്ലാതെയുള്ള പ്രതിഫലമായ കൈക്കൂലി ആവശ്യപ്പെട്ട് സ്വീകരിക്കൽ), 8 (നിയമാനുസൃതമല്ലാതെയോ അഴിമതിയിലോ പൊതുസേവകനെ സ്വാധീനിക്കുന്നതിനായി പ്രതിഫലം കൈപ്പറ്റൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതികൾക്കെതിരെ കലണ്ടർ കേസെടുത്ത് പ്രതികളെ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
കേന്ദ്ര റവന്യൂ ഇന്റലിജന്റ്‌സ് ആണ് കള്ളക്കടത്ത് കണ്ടു പിടിച്ച് സ്വർണം പിടികൂടി കേസെടുത്തത്. പൊതു സേവകനായ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതിനാൽ അഴിമതി നിരോധന നിയമ പ്രകാരം തുടരന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്ത് പ്രകാശൻ തമ്പി , തലസ്ഥാനത്ത് ജൂവലറിയുടമയും മലപ്പുറം സ്വദേശിയുമായ അബ്ദുൾ ഹക്കിം, ഇയാളുടെ കണക്കപ്പിള്ള മുഹമ്മദ് റാഷിദ് , അഭിഭാഷകനായ കഴക്കൂട്ടം സ്വദേശി ബിജു മനോഹർ, വിഷ്ണു സോമസുന്ദരം, സെറീന ഷാജി , മുഹമ്മദ് ജസീൽ , ആകാശ് ഹാജി, ഷാജഹാൻ കുന്നത്തു പീടികയിൽ , പി.പി. മുഹമ്മദ് അലി ഹാജി, കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണൻ എന്നിവരുൾപ്പെട്ട സ്വർണ്ണക്കടത്തു റാക്കറ്റ് 40 നിർധന യുവതികളെയും സുനിൽകുമാറിനെയും കാരിയർമാരായി നിയോഗിച്ച് 2018 മുതൽ ഇന്റർനാഷണൽ ടെർമിനൽ വഴി നടത്തി വന്നിരുന്ന കോടികൾ മറിഞ്ഞ 400 കിലോഗ്രാം സ്വർണ്ണക്കടത്ത് പരമ്പരയിലെ ആദ്യ കുറ്റപത്രമാണ് സി ബി ഐ തലസ്ഥാനത്തെ സി ബി ഐ കോടതിയിൽ ഹാജരാക്കിയത്. മറ്റു പ്രതികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രം വരും ദിവസങ്ങളിൽ ഹാജരാക്കും.
2019 മെയ് 13 ന് നടത്തിയ 25 കിലോ ഗ്രാമിന്റെ സ്വർണ്ണക്കടത്തിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തിൽ നടന്ന ഒരേ പോലെയുള്ള മൂന്നു കുറ്റകൃത്യങ്ങൾക്ക് വീതം വെവ്വേറെ വിചാരണ ചെയ്യണമെന്ന ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 219 പ്രകാരമാണ് വെവ്വേറെ കുറ്റപത്രം സമർപ്പിക്കുന്നത്.
2019 മെയ് 13 ന് ദുബായിൽ നിന്ന് തിരുവനന്തപുരം ചാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സുനിൽ കുമാർ മോഹനകുമാരൻ തമ്പിയിൽ നിന്ന് കേന്ദ്ര റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തു 8, 17 , 45 , 455 രൂപ വിലവരുന്ന 25 സ്വർണ്ണ ബാറുകൾ കണ്ടു കെട്ടാൻ കേന്ദ്ര റവന്യൂ ഇന്റലിജൻസ് 2019 ഡിസംബർ 7 ന് നടപടികളെടുത്തു.
ക്രിമിനൽ കേസിൽ പ്രതിയായതിനെ തുടർന്ന് രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗുകൾ എക്‌സ്‌റേയിലൂടെ പരിശോധിക്കുന്നതിന്റെ ചുമതലയുള്ള സൂപ്രണ്ടായിരുന്നു ഇയാൾ. എക്‌സ്‌റേ വിഭാഗത്തിൽ താനുമായി '' കൈകോർത്ത് '' പോകുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയുമാണ് രാധാകൃഷ്ണൻ നിയോഗിച്ചിരുന്നത്. 2018 ഒക്ടോബർ മുതൽ ഇയാൾ ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. ഇതിലൂടെ ഇയാൾ സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചതായും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ഇയാളുടെ ഭാര്യ സംഗീത വേലായുധന് '' കുലീനോ ഫുഡ്സ് ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ് '' എന്ന കമ്പനിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. വിഷ്ണു സോമസുന്ദരമാണ് ഈ സ്ഥാപനം നടത്തുന്നത്. റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ ഇയാളാണെന്ന് റവന്യൂ ഇന്റലിജന്റ്‌സ് കണ്ടെത്തി.
2018 ഒക്ടോബർ ഒന്നു മുതൽ 2019 മെയ് 13 വരെ ഏഴ് തവണകളിലായി 1,35, 000 രൂപ വീതം സംഗീത വേലായുധൻ കൈപ്പറ്റിയിട്ടുണ്ട്. വിഷ്ണു സോമസുന്ദരവുമായി ഒത്ത് ചേർന്ന് പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണൻ. വിഷ്ണുവിന്റെ കൂട്ടാളികൾ വിദേശത്ത് നിന്നെത്തുമ്പോൾ അവരുടെ ബാഗുകളിലെ സ്വർണം കടത്തിവിട്ട് കസ്റ്റംസ് ക്ലിയറൻസ് നൽകുമായിരുന്നു. 2018 ഒക്ടോബർ മുതലാണ് വിഷ്ണു സോമസുന്ദരവും എം. ബിജുവും ചേർന്നുള്ള മാഫിയാ സംഘം പ്രവർത്തനം തുടങ്ങിയത്.
വിഷ്ണു സോമസുന്ദരം, എം. ബിജു, പ്രകാശൻ തമ്പി, സറീന ഷാജി, എം.സുനിൽകുമാർ തുടങ്ങിയവർ രാജ്യസുരക്ഷയെയും രാജ്യസമ്പദ് വ്യവസ്ഥയയെയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ച് വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് '' കോഫെ പോസെ '' ചുമത്തപ്പെട്ട് ഒരു വർഷത്തെ കരുതൽ തടങ്കലിൽ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്നു. ചില പ്രതികൾ ഒളിവിലാണ്. 400 കിലോഗ്രാം സ്വർണ്ണക്കള്ളക്കടത്തിൽ ആകെ 26 പ്രതികളുണ്ട്.