കൊച്ചി: മലയാള സിനിമയിൽ കുറച്ചു കാലം മുമ്പ് സ്വർണ്ണക്കടത്തു സംഘങ്ങൾ പിടിമുറുക്കിയിരുന്നു. സ്വർണം കടത്താൻ നടിമാരെയും എയർഹോസ്റ്റസുമാരെയും വരെ ഉപയോഗിച്ചു എന്ന വാർത്തകളും കുറച്ചുകാലം മുമ്പ് പുറത്തുവന്നു. എന്നാൽ, ഇത്തരം സ്വർണ്ണക്കടത്തു സംഘങ്ങൾക്ക് മലയാള സിനിമയിൽ നിർണായക സ്വാധീനം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തിയെന്ന വാർത്തയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോഴാണ് സ്വർണ്ണത്തിലെ അന്വേഷണം സിനിമയിലേക്കും നീങ്ങുന്നുവെന്ന് വ്യക്തമാകുന്നത്.

തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസിസിന്റെ പേരിലാണ് യന്ത്രം എത്തിയത്. ഈ ഇറച്ചി വെട്ട് യന്ത്രത്തിനള്ളിൽ സ്വർണ്ണമായിരുന്നു. സ്വർണം അയച്ചത് സിറാജുദ്ദീനു വേണ്ടിയാണ്്. യന്ത്രം വാങ്ങാനെത്തിയ തൃക്കാക്കര സ്വദേശിയുടെ ഡ്രൈവറാണ് പിടിയിലായത്. ഡ്രൈവർ നുകുലിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് സിനിമാ നിർമ്മാതാവിലേക്ക് അന്വേഷണം എത്തിയത്.

ചലച്ചിത്ര നിർമ്മാതാവ്സിറാജുദ്ദീന്റെ വീട്ടിൽ റെയ്ഡ് നടത്തി അന്വേഷണ സംഘം. പ്രശസ്ത സംവിധായകൻ വി കെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക്, അജിത് സി ലോകേഷ് സംവിധാനം ചെയ്ത ചാർമിനാർ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് സിറാജുദ്ദീൻ. നേരത്തെ മീറ്റ് കട്ടിങ് യന്ത്രത്തിൽ സ്വർണം കൊണ്ടുവന്ന കേസിൽ, തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു. ഇബ്രാഹിമിന്റെ മകന് കള്ളക്കടത്തിൽ പങ്കെന്ന് ആരോപണം.

കൊച്ചി വിമാനത്താവളത്തിൽ കാർഗോയിലെത്തിയ സ്വർണ്ണത്തിൽ വിശദ അന്വേഷണത്തിന് തീരുമാനം എടുത്തിരുന്നു. തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസിസിന്റെ പേരിലാണ് യന്ത്രം എത്തിയത്. ഈ ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ സ്വർണ്ണമായിരുന്നു. സ്വർണം അയച്ചത് സിറാജുദ്ദീനു വേണ്ടിയാണ്. യന്ത്രം വാങ്ങാനെത്തിയ ഡ്രൈവറാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. 2.232 കിലോ സ്വർണ്ണമാണ് കഴിഞ്ഞ ദിവസം പിടിച്ചത്. ഇറച്ചി വെട്ട് മെഷിനിൽ സ്വർണ്ണമുണ്ടെന്ന വിവരമാണ് കസ്റ്റംസിന് കിട്ടിയത്. ഇതിന് അനുസരിച്ച് പരിശോധന കർശനമാക്കി. വിവരത്തെ കുറിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും ഇക്കാര്യം രഹസ്യമാക്കി വച്ചു. കസ്റ്റംസ് ഡ്യൂട്ടി അടച്ച് മെഷിൻ വിട്ടു നൽകി.

അങ്ങനെ യന്ത്രം പുറത്തേക്ക് കൊണ്ടു വന്നപ്പോൾ പുറത്തു നിന്ന അന്വേഷകർ യന്ത്രം പരിശോധിച്ചു. ഇതിൽ സ്വർണം കണ്ടെടുക്കുകയായിരുന്നു. യന്ത്രം കൊണ്ടു പോകാനായി എത്തിയ വാഹനവും പിടികൂടി. കൊച്ചി വിമാനത്താവളത്തിലൂടെ വീണ്ടും സ്വർണ്ണ കടത്ത് സജീവമാണെന്ന സൂചന കസ്റ്റംസിന് ലഭിച്ചിരുന്നു. കാരിയർമാരെ കിട്ടാത്തതു കൊണ്ട് പുതിയ മാർഗ്ഗത്തിൽ സ്വർണം കൊണ്ടു വരാനും തുടങ്ങി. അങ്ങനെയാണ് യന്ത്രത്തിനുള്ളിലെ പരിശോധനയിലേക്ക് അന്വേഷണം എത്തിയത്.

കസ്റ്റംസ് ജാഗ്രതയാണ് ഇതിന് കാരണം. രഹസ്യ വിവരം ചോർന്നു പോകാതിരിക്കാനും ജാഗ്രത പുലർത്തി. യന്ത്രം എത്തിച്ചയാളെ കൈയോടെ പിടികൂടാനായിരുന്നു ശ്രമം. ഇതിൽ വിജയിച്ചു. ഗൾഫിൽനിന്നാണ് കൊച്ചി തൃക്കാക്കരയിലെ വിലാസത്തിൽ യന്ത്രം ഇറക്കുമതി ചെയ്തത്. തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി എയർ കാർഗോ കോംപ്ലക്‌സിൽ യന്ത്രം എത്തിയത്.

സംശയം തോന്നിയ കസ്റ്റംസ് അധികൃതർ ഡ്യൂട്ടി വാങ്ങി വിട്ടുകൊടുത്ത യന്ത്രം പരിശോധിച്ചതോടെ ഒളിപ്പിച്ചനിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ യന്ത്രം പൊളിച്ച് സ്വർണം പുറത്തെടുത്തത്. സിറാജുദ്ദീനായി തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, തുരുത്തേൽ എന്റർപ്രൈസസ് എന്ന സ്ഥാപനം കടലാസ് കമ്പനിയാണോയെന്നും അധികൃതർക്ക് സംശയമുണ്ട്. നാട്ടിൽ 40,000 രൂപയ്ക്ക് ലഭിക്കുന്ന യന്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത് സ്വർണം കടത്താനായി മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഇവർ നേരത്തെയും ഇത്തരത്തിൽ സ്വർണം കടത്തിയോ എന്നകാര്യവും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.

അതിനിടെ ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിലൊളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വർണം കടത്തിയ കേസിൽ തൃക്കാക്കര മുൻസിപ്പൽ വൈസ് ചെയർമാന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തവേ റെയ്ഡ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ഇബ്രാഹിംകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കയറി. നഗരസഭ വൈസ് ചെയർമാന്റെ മകൻ ഷാബിറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. എഎ ഇബ്രാഹിംകുട്ടിയുടെയും സഹോദരന്റെയും വീട്ടിൽ നടത്തിയ റെയ്ഡിൽ ലാപ്‌ടോപ്പടക്കം കസ്റ്റംസ് പിടിച്ചെടുത്തു. പരിശോധന സമയത്ത് ഷാബിർ വീട്ടിലുണ്ടായിരുന്നില്ല.

തുരുത്തുമ്മേൽ എന്റർപ്രൈസിന്റെ പേരിൽ നേരത്തെയും ഇത്തരത്തിൽ കാർഗോ എത്തിയിട്ടുണ്ട്. ഇതിൽ സ്വർണം കടത്തിയോ എന്നത് പരിശോധിക്കുന്നതിനായി സ്ഥാപനത്തിലെ നാല് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു.