കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ സമർപ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിൽ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറില്ല. സ്വപ്ന സുരേഷും സരിത്തുമുൾപ്പെടെ 20 പേരെ പ്രതികളാക്കിയാണ് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കസ്റ്റംസ് കരുതൽ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ എം.ശിവശങ്കറാണെന്ന് കസ്റ്റംസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പറയുമ്പോഴും ഇക്കാര്യത്തിൽ എൻഐഎ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേസ് എൻഐഎ ഏറ്റെടുത്ത് ആറ് മാസം തികയുന്നതിന് മുൻപാണ് കുറ്റപത്രം സമർപ്പിച്ചത്. മുഖ്യപ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ചത്.

സ്വർണക്കടത്ത് കേസിൽ ആദ്യ പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്ത് 180 ദിവസം പൂർത്തിയാകാനിരിക്കെയാണ് എൻഐഎ ആദ്യകുറ്റപത്രം സമർപ്പിച്ചത്. കസ്റ്റംസ് കേസിൽ മാപ്പുസാക്ഷികളായ സ്വപ്ന സുരേഷും സരിത്തിനെയും കൂടാതെ കെ.ടി.റമീസും പ്രതിയാണ്. ഇവരുൾപ്പെടെ 20 പ്രതികൾക്കെതിരെയാണ് യുഎപിഎ ചുമത്തി കുറ്റപത്രം നൽകിയത്.

മൂന്നാം പ്രതിയായ സന്ദീപ് നായർക്ക് പുറമേ നാല് പേർ കൂടി മാപ്പുസാക്ഷിയായെന്നാണ് സൂചന. സ്വർണക്കടത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തുവെന്ന കുറ്റവും തീവ്രവാദസംഘത്തിലംഗമായി എന്ന കുറ്റവുമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. തുടർച്ചയായി നൂറു കോടിയലധികം രൂപയുടെ സ്വർണക്കടത്ത് നടത്തിയതിനാൽ തീവ്രവാദ പ്രവർത്തനമായി കണക്കാക്കണമെന്നാണ് എൻഐഎയുടെ വാദം. പ്രതികൾക്കെതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കുമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

എൻഐഎ മാപ്പുസാക്ഷിയാക്കിയ സന്ദീപ് നായർ കസ്റ്റംസ് കേസിൽ കോഫെപോസ പ്രകാരം കരുതൽ തടങ്കലിലാണ്. സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ എം. ശിവശങ്കറാണെന്ന് കസ്റ്റംസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. ശിവശങ്കറിനെ പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് അനുബന്ധ കുറ്റപത്രവും സമർപ്പിച്ചിരുന്നു.