തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി സുരക്ഷിതമായി നടന്ന സ്വർണ്ണക്കടത്ത് ഒറ്റിയതാരെന്നു ഗൾഫിലും കേരളത്തിലുമുള്ള സ്വർണ്ണക്കടത്ത് സംഘങ്ങൾ സജീവമായി അന്വേഷിക്കുന്നതായി സൂചന. ഒറ്റിയതാരെന്നു സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് തന്നെ ഉറപ്പില്ലാതിരിക്കെയാണ് യഥാർത്ഥ ഒറ്റുകാരൻ ആരെന്നതിനെക്കുറിച്ച് അന്വേഷണം ഇവർ വിപുലമാക്കുന്നത്. ഒറ്റിയവരെക്കുറിച്ച് സ്വർണ്ണക്കടത്ത് സംഘങ്ങൾ അന്വേഷണം തുടങ്ങിയതായുള്ള വിവരങ്ങൾ എൻഐഎ-കസ്റ്റംസ് സംഘങ്ങൾക്കും ലഭിച്ചതായാണ് വിവരം. ഒറ്റിയവർക്ക് എതിരെ പ്രതികാരബുദ്ധിയോടെയാണ് ഒരു വിഭാഗം നീക്കം തുടങ്ങിയിരിക്കുന്നത്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഗൾഫിൽ വെച്ച് ചിത്രീകരിച്ച സ്വർണ്ണക്കടത്തിന്റെ വീഡിയോയെക്കുറിച്ച് എൻഐഎ-കസ്റ്റംസ് സംഘങ്ങൾ അന്വേഷണം തുടങ്ങിയപ്പോൾ തന്നെയാണ് ഒറ്റിയതാരെന്ന അന്വേഷണം സ്വർണ്ണക്കടത്ത് സംഘങ്ങളും ഊർജ്ജിതമാക്കിയിരിക്കുന്നത്.

ഗൾഫിൽ വെച്ച് സ്വപ്ന ചിത്രീകരിച്ച വീഡിയോ കിട്ടിയ ഒരാളാണ് ഒറ്റിയത് എന്ന നിഗമനത്തിലെക്കാണ് സ്വർണ്ണക്കടത്ത് സംഘങ്ങൾ നീങ്ങുന്നത്. സ്വർണക്കടത്ത് തുടങ്ങുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് സ്വപ്നാ സുരേഷും സംഘവും വീഡിയോ ചിത്രീകരിച്ചതെന്നാണു കരുതപ്പെടുന്നത്. നിക്ഷേപകർക്കു പൂർണ വിശ്വാസം ഉണ്ടാകാനാണ് ഇത്തരത്തിൽ നീക്കം നടത്തിയത്. സ്വർണ്ണപാക്കറ്റുകൾ സുരക്ഷിതമായി നയതന്ത്ര ചാനലിലൂടെ പുറത്തുകൊണ്ടുവരുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. സ്വർണക്കടത്തിൽ പണം നിക്ഷേപിക്കാൻ സന്നദ്ധരായവർക്കു പിടിക്കപ്പെടില്ലെന്ന സന്ദേശം നൽകാനാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ പിന്നീടു പലർക്കും അയച്ചുകൊടുക്കുകയായിരുന്നു. സ്വപ്ന ഈ വീഡിയോ ആർക്കൊക്കെ അയച്ചു കൊടുത്തിരുന്നു എന്ന് അറിയാനാണ് സംഘങ്ങൾ ശ്രമിക്കുന്നത്. ഒറ്റിയവരെ കണ്ടെത്തി വധിക്കും എന്നാണ് സ്വർണ്ണക്കടത്ത് സംഘങ്ങൾ നൽകിയിരിക്കുന്ന ഭീഷണി. ഒറ്റിയതാര് എന്ന് കണ്ടെത്തിയാൽ കാസർകോട് ഷഹനാസ് ഹംസയ്ക്ക് വന്ന ഗതി അവർക്കും വരുമെന്നാണ് ഇവർ മുഴക്കുന്ന മുഴക്കുന്ന ഭീഷണി. സ്വർണ്ണക്കടത്ത് ഒറ്റിയതിന്റെ പേരിൽ 1989ലാണ് ഹംസ വധിക്കപ്പെട്ടത്. ഹംസയെ സ്വർണ്ണക്കടത്തുകാർ വെടിവെച്ച് കൊല്ലുകയായിരുന്നു.



കോൺസുലേറ്റ് വഴി വന്ന പതിനഞ്ചു കോടിയുടെ സ്വർണം പിടിച്ച സംഭവത്തിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾക്കിടയിൽ വന്ന ഭിന്നത അന്വേഷണസംഘങ്ങളുടെ മുന്നിലുമുണ്ട്. ദുബായ്-കേരള സ്വർണ്ണക്കടത്ത് റാക്കറ്റുകളാണ് സ്വർണ്ണക്കടത്ത് പിടിക്കപ്പെട്ടതിന്റെ പേരിൽ സംഘർഷത്തിലേക്ക് നീങ്ങുന്നത്. എൻഐഎ-കസ്റ്റംസ് സംഘങ്ങൾ സ്വപ്ന ചിത്രീകരിച്ച സ്വർണ്ണക്കടത്തിന്റെ വീഡിയോയെക്കുറിച്ച് അന്വേഷണം തുടങ്ങിയിരിക്കുമ്പോൾ ഇതേ വീഡിയോ കേന്ദ്രീകരിച്ച് തന്നെയാണ് സ്വർണ്ണക്കടത്ത് സംഘങ്ങളും ഒറ്റുകാർ ആരെന്നു മനസിലാക്കാൻ ശ്രമിക്കുന്നത്. സ്വർണ്ണക്കടത്ത് പിടിക്കും മുൻപ് തന്നെ ഇത്തരം ഒരു വീഡിയോ കസ്റ്റംസിന് ലഭിച്ചതായാണ് സൂചന. ഈ വീഡിയോ കസ്റ്റംസിന് ആരാണ് അയച്ചു നൽകിയത് എന്നാണ് കടത്ത് സംഘങ്ങൾ അന്വേഷിക്കുന്നത്. അതേസമയം എങ്ങനെയാണ് സ്വപ്ന ഇത്തരം വീഡിയോ ചിത്രീകരിച്ചത് എന്നാണ് അന്വേഷണ സംഘങ്ങൾ അന്വേഷിക്കുന്നത്. ഈ വീഡിയോ ചിത്രീകരിക്കാൻ കസ്റ്റംസിന്റെയോ മറ്റോ സഹായം ലഭിച്ചോ എന്നും അന്വേഷണം നടത്തുന്നുണ്ട്.

പരസ്പര സഹകരണത്തോടെയാണ് ദുബായിൽ നിന്നും സംഘങ്ങൾ സ്വർണ്ണക്കടത്ത് നടത്തിയത്. എന്നാൽ സ്വപ്നയും ഫൈസൽ ഫരീദുമൊക്കെ കൂട്ടുകൂടിയപ്പോൾ ഇതിനു മാറ്റം വന്നു. ഇവർക്കിടയിൽ ചേരിപ്പോര് വളർന്നു. മറ്റു സംഘങ്ങൾ വാഹകരെ വെച്ചുള്ള റിസ്‌ക്കി വഴിയിൽ സ്വർണം കടത്തിയപ്പോൾ അതിസുരക്ഷമായ നയതന്ത്ര പാത തുറന്നാണ് ഫൈസൽ ഫരീദും സ്വപ്നയും കെ.ടി.റമീസുമൊക്കെ സ്വർണം കടത്തിയത്. മറ്റുള്ള സംഘങ്ങളുടെ സ്വർണം പലപ്പോഴും പിടിക്കപ്പെട്ടപ്പോൾ സ്വപ്നയും കൂട്ടരും കടത്തിയ സ്വർണം നയതന്ത്ര പാതയിലൂടെ സുരക്ഷിതമായി പുറത്തെത്തി. ഇത് ദുബായ്-കേരള സ്വർണ്ണക്കടത്ത് സംഘങ്ങളെ ചൊടിപ്പിച്ചിരുന്നു. ദുബായിലെ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഒരു സഹായവും ഇവർ തേടിയതുമില്ല. നിലവിലെ ബിസിനസ് ശക്തമാക്കാൻ വേണ്ടിയാണ് ഗൾഫിൽ നിന്നും സ്വർണം പാക്ക് ചെയ്യുന്നതും അത് വിമാനത്താവളം വഴി നയതന്ത്രപരിരക്ഷയിൽ സുരക്ഷിതമായി കേരളത്തിൽ എത്തുന്നതും ചിത്രീകരിച്ചുള്ള വീഡിയോ സ്വപ്ന ഇറക്കുന്നത്. ഇതിനു പിന്നിൽ ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള കെ.ടി.റമീസിന്റെ അതിബുദ്ധിയാണ് എന്നാണ് കസ്റ്റംസ് സംഘങ്ങൾക്ക് മനസിലായിരിക്കുന്നത്. കൂടുതൽ നിക്ഷേപം തേടിയാണ് വീഡിയോ ഇവർ ചിത്രീകരിച്ചത്. ഈ വീഡിയോ മറ്റുള്ള സംഘങ്ങളുടെ കയ്യിലും എത്തിപ്പെട്ടു.

ഫൈസൽ ഫരീദിന്റെ എതിർ വിഭാഗങ്ങൾക്ക് നയതന്ത്ര വഴിയിലുള്ള കടത്ത് അസാധ്യമായിരുന്നു. അതിനാൽ സംഘങ്ങൾ അവസരം കാത്തു. കൃത്യമായ വിവരം ലഭിച്ചപ്പോൾ അത് ചോർത്തുകയും ചെയ്തു. കസ്റ്റംസിന്റെ കയ്യിൽ നിന്ന് ലഭിക്കുന്ന കമ്മിഷൻ തേടിയാണ് ഒറ്റുകൊടുത്തത് എന്ന് കടത്ത് സംഘങ്ങൾ വിശ്വസിക്കുന്നില്ല. നയതന്ത്ര വഴിയുള്ള കടത്ത് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ വേണ്ടിയാണ് ഒറ്റുകൊടുത്തത് എന്നാണ് ഫൈസൽ ഫരീദുമായി ബന്ധപ്പെട്ട വിഭാഗം വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഒറ്റുകാരൻ ആര് എന്ന ചോദ്യമാണ് ഇവർ മുഴക്കുന്നത്. അതേ സമയം തങ്ങളുടെ ഗ്രൂപ്പിലുള്ളവർ തന്നെ ഒറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്.

അതിനാണ് വീഡിയോ ആർക്കൊക്കെ അയച്ചുകൊടുത്തു എന്ന് കടത്ത് സംഘങ്ങൾ പരിശോധിക്കുന്നത്. സ്വപ്നയുടെ വരവോടെ സ്വർണ്ണക്കടത്ത് സംഘങ്ങൾക്കിടയിൽ നിലനിന്ന ചേരിപ്പോരുകൾക്ക് അവസാനമാണ് നയതന്ത്ര വഴിയിലൂടെയുള്ള സ്വർണ്ണക്കടത്ത് വിവരങ്ങൾ രഹസ്യമായി കസ്റ്റംസിന് ചോർന്നു കിട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് വലയും ഒരുക്കി കസ്റ്റംസ് കാത്ത് നിന്നു. പതിനഞ്ചു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്. യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണക്കടത്ത് നടത്തുന്നത്. ഇതോടെ അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റിന്റെ പിന്നാമ്പുറം തിരഞ്ഞുള്ള അന്വേഷണത്തിനു കസ്റ്റംസ്-എൻഐഎ-എൻഫോഴ്‌സ്‌മെന്റ്-ഡിആർഐ സംഘങ്ങൾ ഒരുമിച്ച് കൈകോർക്കുകയായിരുന്നു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു സ്വപ്ന ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നതോടെയാണ് നയതന്ത്ര വഴിയിലുള്ള സ്വർണ്ണക്കടത്തിന്റെ അവസാനമായത് എന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾക്കും സംശയമില്ല. വീഡിയോ എപ്പോൾ ആര് ചിത്രീകരിച്ചു എന്നും ആർക്കൊക്കെ ഇത് ലഭിച്ചും എന്നും അറിയാൻ ഏജൻസികൾ ശ്രമിക്കുന്നുണ്ട്. ഈ കാര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കുന്നത് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്. വലിയ തുക കേരളത്തിൽ നിന്നും കുഴൽപ്പണമായി ഗൾഫിൽ എത്തിയിട്ടുണ്ട്. അതിനു ശേഷമാണ് ഗൾഫിൽ നിന്നും സ്വർണം കേരളത്തിൽ എത്തിയത്. ആരൊക്കെയാണ് സ്വർണം കടത്തിൽ പണം മുടക്കിയത് എന്നാണ് ഇഡി അന്വേഷിക്കുന്നത്. ഇവർക്ക് കുരുക്കായി മാറും ഈ അന്വേഷണം എന്ന കാര്യത്തിൽ തീർപ്പ് വന്നിട്ടുണ്ട്.

ആരൊക്കെ പണം മുടക്കി എന്ന കാര്യത്തിൽ നിർണ്ണായകമായ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഇവർക്കുള്ള കുരുക്ക് മുറുകുകയും ചെയ്യുന്നുണ്ട്. സ്വർണക്കടത്തിനു പിന്നിലെ ബെനാമി, ഹവാല ഇടപാടുകളിലും കള്ളപ്പണം വെളുപ്പിക്കലിലും ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നാണു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ബോധിപ്പിച്ചത്. 2019 ജൂണിലാണ് പ്രതികൾ സ്വർണക്കടത്തു തുടങ്ങിയതെന്നാണു കസ്റ്റംസിന്റെ കണ്ടെത്തൽ. രണ്ടു തവണ ട്രയൽ നടത്തിയ ശേഷമാണ് ആദ്യ കടത്തു നടത്തിയത്. 20 തവണ ദുബായിൽനിന്നു സ്വർണം കടത്തിയപ്പോൾ ഒരു തവണ അബുദാബിയിൽനിന്നാണു സ്വർണക്കടത്തു നടത്തി. പ്രതികൾ 164 കിലോഗ്രാം സ്വർണം കൊണ്ടുവന്നെന്നാണു കസ്റ്റംസ് കണക്കാക്കുന്നത്.