- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒളിവിൽ പോകാൻ നിർദ്ദേശിച്ചവരിൽ ശിവശങ്കറും; മുൻകൂർ ജാമ്യം നേടാനും നിർദ്ദേശിച്ചു; ഡിപ്ലോമാറ്റിക് ബാഗിൽ എന്തായിരുന്നുവെന്ന് ശിവശങ്കറിന് അറിയാം; ലോക്കറിൽ ഉണ്ടായിരുന്നത് കമ്മീഷൻ പണം; എല്ലാം പറഞ്ഞിരുന്നേൽ എല്ലാവരും അറസ്റ്റിലായേനെ'; തുറന്നടിച്ച് സ്വപ്ന സുരേഷ്
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗിൽ എന്തായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ തന്നോട് ഒളിവിൽ പോകാൻ നിർദ്ദേശിച്ചവരിൽ എം ശിവശങ്കറുമുണ്ട്. മുൻകൂർ ജാമ്യം നേടാനും ശിവശങ്കർ നിർദ്ദേശിച്ചു. ലോക്കറിൽ ഉണ്ടായിരുന്നത് കമ്മീഷൻ പണമാണ്. ലോക്കർ ആരുടേതെന്ന് ലോകം മനസിലാക്കട്ടെയെന്നും സ്വപ്‌ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
എൻഐഎ അന്വേഷണത്തിലേക്ക് വന്നത് ശിവശങ്കറിന്റെ ബുദ്ധിയാണ്. എൻഐഎയെ കൊണ്ടുവന്നത് താൻ വാ തുറക്കാതിരിക്കാനാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.. ശബ്ദരേഖ നൽകിയതും നിർദ്ദേശം അനുസരിച്ചാണ്. ഓഡിയോ ക്ലിപ്പ് കൊടുത്തത് സന്ദീപ് പറഞ്ഞിട്ടാണ്. തനിക്കറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തി.
എല്ലാം പറഞ്ഞിരുന്നേൽ എല്ലാവരും അറസ്റ്റിലായേനെയെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തനിക്ക് കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ ഓഫീസുകൾ എവിടെയാണെന്നോ യാതൊരു അറിവുമുണ്ടായിരുന്നില്ല. താൻ ഊട്ടിയിലെ കുതിരയായിരുന്നു. എല്ലാ നിർദ്ദേശങ്ങളും തന്നത് ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറുമായിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ താൻ കണ്ണടച്ച് പാലിക്കുകയായിരുന്നു.
എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ. ഇതേപോലെ തനിക്കും പുസ്തകം എഴുതാനാവും. താൻ പുസ്തകം എഴുതുകയാണെങ്കിൽ ശിവശങ്കറുമായുള്ള ബന്ധം തന്നെ ഒരു വോള്യം വരും. ഒരവസരം വന്നപ്പോൾ എല്ലാവരും എന്റെ തലയിൽ കയറിയിരുന്ന് പലതും പറയുകയാണ്. ജയിലിലായതിനാൽ തനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ശിവശങ്കർ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന, ശിവശങ്കർ എന്താണ് പൊതു സമൂഹത്തിനോട് പറയാൻ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കർ തന്റെ ഫ്‌ളാറ്റിലായിരുന്നു. ശിവശങ്കറിന് ഫോൺ നൽകിയത് കോൺസുൽ ജനറൽ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങൾ ശിവശങ്കറിന് നൽകിയിട്ടുണ്ട്. ലൈഫ് മിഷനിൽ സഹായിച്ചതിനാണ് സമ്മാനങ്ങൾ നൽകിയതെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപൂർണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
ബുക്കിലെഴുതിയിരിക്കുന്നത് ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്നാണ്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. എന്റെ വീട്ടിൽ ഒരു കുടുംബാഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കർ. ഞാനെന്തിനാണ് അദ്ദേഹത്തെ ചതിക്കുന്നത്. അദ്ദേഹമാണ് എന്നെ ചതിച്ചത്. വഴിയിൽ കിടന്ന ഒരുപാട് തേങ്ങകൾ താൻ ശിവശങ്കർ എന്ന ഗണപതിക്ക് അടിച്ചിട്ടുണ്ട്. അതെന്തുകൊണ്ട് അദ്ദേഹം എഴുതിയിട്ടില്ല.
സ്വപ്ന സുരേഷാണ് ചതി ചെയ്തത് എന്ന് വരുത്താനാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇതുകൊണ്ട് എന്ത് കിട്ടാനാണ്. ശിവശങ്കറും താനും തമ്മിലുള്ള ബന്ധം പറഞ്ഞ് മാത്രം വലിയ പുസ്തകം എഴുതാനാകുമെന്നും പുസ്തകം എഴുതുമ്പോൾ തുടക്കം മുതലുള്ള സത്യം എഴുതണമെന്നും സ്വപ്ന പറഞ്ഞു. വാട്‌സ്ആപ്പ് ചാറ്റുകളിലുണ്ടായിരുന്നതെല്ലാം സത്യമാണെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
എല്ലാ ഉദ്യോഗസ്ഥരും കാണാൻ പറഞ്ഞതും കോൺസുലേറ്റിലെ ജോലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴിൽ സ്‌പേസ് പാർക്കിൽ ജോലി ലഭിക്കാൻ കാരണം ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറയുന്നു. പിഡബ്യൂസിയെ സ്‌പെയ്‌സ് പാർക്കിൽ കൊണ്ടുവന്നത് തന്നെ നിയമിക്കാൻ വേണ്ടിയായിരുന്നു. കെപിഎംജി തന്റെ നിയമനത്തെ ആദ്യം എതിർത്തു. തന്നെ നിയമിക്കാനായി കെപിഎംജിയെ മാറ്റിയെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ അതേപടി പിന്തുടരുകയായിരുന്നു. സർട്ടിഫിക്കറ്റോ വിദ്യാഭ്യാസ യോഗ്യതയോ ആരും ചോദിച്ചില്ലെന്നും സ്വപ്ന പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.
പിഡബ്ല്യുസിയെ തനിക്ക് അറിയില്ല. അവരുടെ ബെംഗളൂരുവിലെ ഓഫീസിൽ പോയി ഒരു ലാപ്‌ടോപ് വാങ്ങിയത് ഒഴിച്ചാൽ താനൊന്നിനും അവരുമായി ബന്ധപ്പെട്ടിട്ടില്ല. പിഡബ്ല്യുസിയിലെ സ്ഥിരം ജീവനക്കാർ ചെയ്യുന്ന ഒരു ജോലിയും താൻ ചെയ്തിട്ടില്ല. തന്റെ മധ്യേഷ്യയിലെ ബന്ധങ്ങൾ വെച്ച് കൂടുതൽ ഐടി പ്രൊജക്ടുകൾ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു തന്റെ ചുമതല. പിഡബ്ല്യുസിയും കെഎസ്‌ഐടിഐഎൽ എന്നിവരെല്ലാം തനിക്കെതിരെ കേസ് കൊടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
താൻ കോൺസുലേറ്റിലെ സെക്രട്ടറിയായതും ശിവശങ്കറിന്റെ റെഫറൻസുണ്ടായതുമാണ് സ്‌പേസ് പാർക്കിലെ ജോലി ലഭിക്കാൻ കാരണം. ആദ്യം അവിടുത്തെ കരാർ കെപിഎംജിക്കായിരുന്നു. എന്നാൽ തന്നെ നിയമിക്കുന്നതിൽ അവർ തടസം പറഞ്ഞെന്നും അതിനാൽ അവരെ മാറ്റിയെന്നുമാണ് പിന്നീട് അറിഞ്ഞത്. മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ ഭാഗമാകുന്നതിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കെപിഎംജി പറഞ്ഞെന്നാണ് തന്നോട് ശിവശങ്കർ പറഞ്ഞത്. തുടർന്നാണ് കരാർ പിഡബ്ല്യുസിക്ക് നൽകിയത്.
ശിവശങ്കർ എന്ന ഐഎഎസ് ഓഫീസറിന്റെ പ്രോട്ടോക്കോൾ എനിക്കറിയില്ല. ശിവശങ്കർ എന്ന കുടുംബ സുഹൃത്തിന് വേണ്ടി കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ ജന്മദിനത്തിലും പാർട്ടികൾ നടത്തിയിട്ടുണ്ട്, സമ്മാനങ്ങൾ നൽകാറുണ്ട്. ഒരു ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യം തനിക്കില്ല. ഒരാൾ കൊടുക്കാൻ പറഞ്ഞത്, എന്റെ കൈയിൽ വെച്ച് കൈമാറി. അത് അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴാണ് കൊടുത്തത്.
മൂന്ന് വർഷമായി തന്റെ ജീവിതത്തിന്റേയും കുടുംബത്തിന്റെയും മാറ്റിനിർത്താനാകാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. തന്റെ അച്ഛനടക്കം എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയായിരുന്നു ശിവശങ്കർ പറയുന്നത് കേട്ട് ജീവിച്ചത്. തന്നെ ഒരു സ്ത്രീ എന്ന നിലയിൽ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു. അതിൽ ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്