- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്‌നയുടെ മൊഴി ഗൗരവതരം; പിണറായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഇഡിക്കാർക്ക് ഭയം; പിണറായിയുടെ മകളുടെ മൊഴി എടുത്താൽ പ്രതികാരം കടുക്കും; ജലീലിനെതിരെ സ്വപ്ന ഹൈക്കോടതിയിൽ നൽകുന്നത് രാജ്യദ്രോഹം തെളിയിക്കാനുള്ള രേഖയെന്നും വിലയിരുത്തൽ; സ്വർണ്ണ കടത്തിലെ 'സെക്കന്റ് ഷോ' ബംഗ്ലൂരൂവിലേക്കോ?
തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിലെ വിചാരണ നടപടികൾ കേരളത്തിന് പുറത്തേക്ക് മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതിന് പിന്നിൽ കള്ളക്കേസിൽ കേരളാ പൊലീസ് ഉദ്യോഗസ്ഥരെ കുടുക്കുമോ എന്ന ഭയം. സർക്കാരിനെതിരെ എന്തു പറഞ്ഞാലും കേസെടുക്കുന്നതാണ് നിലവിലെ അവസ്ഥ. രാഷ്ട്രീയ പിന്തുണയുള്ളവർക്ക് വേഗത്തിൽ ജാമ്യം കിട്ടും. അല്ലാത്തവർ അകത്താകും. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്ന് ഇഡി കേസ് മാറ്റുന്നത്. സ്വപ്‌നാ സുരേഷിന്റെ മൊഴിയിൽ അന്വേഷണം തുടങ്ങിയാൽ ഉദ്യോഗസ്ഥരെ ഏതു വിധേനയും കുടുക്കമെന്നാണ് അവരുടെ ഭയം. ഈ സാഹചര്യത്തിൽ കരുതലോടെയാണ് കേരളത്തിലെ ഇഡി ഉദ്യോഗസ്ഥരുടെ യാത്ര.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ നിലവിൽ വലിയ പ്രതിസന്ധിയേയും മാനസിക സമ്മർദ്ദങ്ങളേയും നേരിടുന്നുണ്ട്. സ്വപ്‌നയുടെ മൊഴിയിൽ വമ്പന്മാരെ അറസ്റ്റു ചെയ്താൽ ഭരണ പാർട്ടിയുടെ കോപത്തിന് അത് കാരണമാകും. പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകും. ഇതിനൊപ്പം കള്ളക്കേസുകളിലൂടെ ഉദ്യോഗസ്ഥരെ കുടുക്കാനും ശ്രമിക്കും. അതാണ് സ്വപ്‌നയുടെ മൊഴി അതിശക്തമായിട്ടും കേരളത്തിലെ ഉദ്യോഗസ്ഥർ മുമ്പോട്ട് പോകാൻ മടിക്കുന്നത്. അതിനിടെ സ്വപ്‌നയുടെ കൈയിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ രാജ്യദ്രോഹം തെളിയിക്കാൻ പോന്ന തെളിവുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഹൈക്കോടതിയിൽ സ്വപ്‌ന നൽകുന്ന തെളിവ് എന്തെന്ന് മനസ്സിലാക്കി മുമ്പോട്ട് പോകാനാണ് ഇഡിയുടെ നീക്കം.
കെടി ജലീലിനെതിരായ തെളിവിനെ കുറിച്ച് ഇഡിയോടും സ്വപ്ന മൊഴി എടുക്കുമ്പോൾ സൂചനകൾ നൽകിയിരുന്നു. എന്നാൽ അധികാര പരിധിക്ക് അപ്പുറത്തേക്കുള്ള സ്വഭാവം അതിനുണ്ട്. സാമ്പത്തിക കുറ്റകൃത്യം മാത്രമാണ് ഇഡി അന്വേഷിക്കുന്നത്. അതുകൊണ്ടാണ് ആ തെളിവുകളിലേക്ക് ചൂഴ്ന്നിറങ്ങാനും കൂടുതൽ വിശദീകരണം സ്വപ്‌നയിൽ നിന്ന് തേടാനും ശ്രമിക്കാതിരുന്നത്. ഈ വസ്തുതയാണ് ഹൈക്കോടതിക്ക് മുമ്പിൽ സ്വപ്‌ന സമർപ്പിക്കുകയെന്നതാണ് അവരുടെ വിലയിരുത്തൽ. ഖുറാൻ കടത്തിലും സ്വർണ്ണ കടത്തിലും ഡോളർ കടത്തിലും ജലീലിന്റെ പേര് ചർച്ചയായിരുന്നു. ഇതിനിടെയാണ് നയതന്ത്ര സ്വർണക്കടത്ത് കേസിൽ കോടതിമാറ്റത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമം നടത്തുന്നത്.
ഇതിനായി ഇ.ഡി. പ്രധാനമായും ഉന്നയിക്കുക എതിർക്കേസുകളും കേസിലെ ഉന്നതരുടെ പങ്കാളിത്തവുമാണ്. കേരളത്തിലെ കോടതികളിൽ വിചാരണ നടത്തുന്നത് കേസിന്റെ നീതിപൂർവമായ നടത്തിപ്പിനെ ബാധിക്കാനിടയുണ്ടെന്ന് ഇതിനൊപ്പം കേന്ദ്രസർക്കാർ വാദിച്ചേക്കും. വിചാരണക്കോടതി മാറ്റുമെങ്കിലും അന്വേഷണം കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് ഇ.ഡി. വൃത്തങ്ങൾ നൽകുന്ന സൂചന. വിചാരണക്കോടതി മാറ്റാനുള്ള നീക്കത്തിന് രാഷ്ട്രീയപ്രാധാന്യവും ഏറെയാണ്. ഒരുമാസത്തോളം നീണ്ട ആലോചനയ്ക്കും കേരളത്തിലെ അന്വേഷണസംഘത്തെ ഡൽഹിയിൽ വിളിച്ചുവരുത്തിയുള്ള യോഗത്തിനുംശേഷമാണ് കോടതിമാറ്റത്തിനുള്ള ഹർജി സുപ്രീംകോടതിയിൽ നൽകിയത്. സ്വപ്നാ സുരേഷ് നൽകിയ പുതിയ രഹസ്യമൊഴിയായിരിക്കും ഇ.ഡി.യുടെ പ്രധാന ആയുധം. ഈ രഹസ്യമൊഴി ഇ.ഡി.ക്കല്ലാതെ മറ്റൊരു ഏജൻസിക്കും ലഭിച്ചിട്ടുമില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണാ വിജയൻ എന്നിവരുടെ പേരുകൾ പരാമർശിച്ച് രഹസ്യമൊഴിക്കുമുന്നേ സത്യവാങ്മൂലം നൽകിയതായി സ്വപ്നതന്നെ പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഉന്നതവ്യക്തികൾ ഉൾപ്പെട്ട കേസാണെന്ന് ഇ.ഡി.ക്ക് ഇക്കാരണത്താൽ സമർഥിക്കാനും എളുപ്പമാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തിരികെ ജോലിയിൽ പ്രവേശിച്ചതും ഇ.ഡി. ചൂണ്ടിക്കാട്ടും. ചില മുന്മന്ത്രിമാർ ഉൾപ്പെട്ട കേസാണിതെന്ന വാദവും ഉന്നയിക്കപ്പെടും. ഇതിനുപുറമേ അന്വേഷണ ഏജൻസിക്കെതിരേ സംസ്ഥാനത്ത് എടുത്ത കേസും ചൂണ്ടിക്കാട്ടിയേക്കും.
അന്വേഷണ ഉദ്യോഗസ്ഥനായ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വപ്നാ സുരേഷിനെ നിർബന്ധിച്ചു എന്നതിലായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്. തന്നെക്കൊണ്ട് ജയിലിൽവെച്ച് നിർബന്ധിച്ചു പറയിപ്പിച്ചതാണ് ഈ ഫോൺ സംഭാഷണമെന്ന് സ്വപ്നതന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിൽ സംസ്ഥാനം ഇതിനെ എതിർക്കാൻ തീരുമാനിക്കുകയാണെങ്കിൽ കേസിനുപിന്നിലെ രാഷ്ട്രീയമായിരിക്കും ചൂണ്ടിക്കാട്ടുക. കേരളത്തിലെ സിപിഎമ്മിനെ തകർക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി. ശ്രമിക്കുന്നു എന്ന തുടക്കംമുതലുള്ള കേരള സർക്കാരിന്റെ ആരോപണം കോടതിയിലും ചൂണ്ടിക്കാട്ടപ്പെടും.
അതിനിടെ സ്വർണക്കടത്തുകേസ് കേരളത്തിന്റെ പുറത്തേക്ക് മാറ്റാനുള്ള ഇ.ഡി. നീക്കത്തിൽ വിശ്വാസമുണ്ടെന്ന് സ്വപ്നാ സുരേഷ് പ്രതികരിച്ചിട്ടുണ്ട്. കേരളത്തിൽ അന്വേഷണം നടന്നാൽ സത്യം തെളിയില്ല എന്ന വിഷമത്തിലായിരുന്നു. മുഖ്യമന്ത്രിയും സംഘവും അന്വേഷണത്തിലിടപെടുന്നു. എന്നെ പിന്തുണയ്ക്കുന്നവരെ ഉപദ്രവിക്കുകയാണ്. മന്ത്രി കെ.ടി. ജലീൽചെയ്ത ദേശവിരുദ്ധപ്രവർത്തനങ്ങളുടെ രേഖകൾ അഭിഭാഷകന് നൽകിയിട്ടുണ്ട്. ഇത് നാളെ കോടതിയിൽ ഫയൽ ചെയ്യും -സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ