കൊച്ചി: കള്ളക്കടത്തുകാർ കേരളത്തിൽ എത്തിച്ച സ്വർണത്തിന്റെ സിംഹഭാഗവും കൊണ്ടുപോയി നാട്ടുകാർക്കു വിറ്റ ഉന്നത സ്വാധീനമുള്ള ജൂവലറി ഉടമ ഏത്? എറണാകുളത്തും തിരുവനന്തപുരത്തുമുള്ള ബ്രാഞ്ചുകളിലേക്ക് കള്ളക്കടത്തു സ്വർണം ഒഴുക്കി എന്നു വ്യക്തമായതിനെ തുടർന്നാണ് ജൂവലറി ഉടമയ്ക്ക് നോട്ടീസ് അയച്ചു എന്നു വെളിപ്പെടുത്തിയിരിക്കുന്നത് മനോരമ അടങ്ങിയ ഇന്നത്തെ പത്രങ്ങൾ തന്നെയാണ്.

എന്നാൽ, ഏതു ജൂവലറിയാണെന്നോ ജൂവലറി ഉടമയുടെ പേര് എന്താണെന്നോ ഒരു പത്രവും വ്യക്തമാക്കിയിട്ടില്ല. മലബാർ ഗോൾഡിനെ സംബന്ധിച്ച് ഇങ്ങനെ ഒരു ആരോപണം മുമ്പു ഞങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ കസ്റ്റംസുകാർ നോട്ടീസ് അയച്ചതു മലബാർ ഗോൾഡിനു തന്നെയാണോ എന്നു വ്യക്തമല്ല. ഞങ്ങളുടെ ഉറവിടം വച്ച് അന്വേഷിച്ച ശേഷം പേരു വെളിപ്പെടുത്തുന്നതാണ്.

കരാർ കമ്പനി ജീവനക്കാരുടെ ഒത്താശയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ കടത്തിയ സ്വർണം വാങ്ങിയ ജൂവലറി ഉടമയ്ക്കാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. എന്നാൽ, പരസ്യത്തിന്റെ അതിപ്രസരം ഈ വിഷയത്തിലും പത്രമുത്തശ്ശിമാരുടെ നാക്കിന് കൂച്ചുവിലങ്ങിട്ടു. നേരത്തെ ചെമ്മണ്ണൂർ ജൂവലറിയിൽ ഒരാൾ ആത്മഹത്യചെയ്ത സംഭവത്തിലും കരിക്കിനേത്ത് ജൂവലറിയുമായി ബന്ധപ്പെട്ട കൊലപാതകക്കേസിലും വാർത്ത റിപ്പോർട്ടു ചെയ്തപ്പോൾ പ്രമുഖ പത്രങ്ങളൊന്നും തന്നെ ഏതു ജൂവലറിയാണെന്നു വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.

എന്നാൽ, മറുനാടൻ മലയാളി ധൈര്യപൂർവം ഏതു ജൂവലറിയിലാണ് സംഭവം നടന്നതെന്നു വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയ പ്രതികരിക്കാൻ തുടങ്ങി. ഇതിനു പിന്നാലെയാണ് പേരുകൾ പരാമർശിക്കാൻ പത്രങ്ങൾ തയ്യാറായത്. എന്നാൽ, പിന്നെയും പരസ്യവിഭാഗത്തിന്റെ പിടി വീണതോടെ വീണ്ടും പേരുകൾ മുക്കാനാണ് പത്രങ്ങൾ തീരുമാനിച്ചത്.

പ്രമുഖ ജൂവലറിയുടെ തിരുവനന്തപുരം, എറണാകുളം ശാഖകളുടെ വിവരം കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിക്കു കൈമാറിയ വാർത്തയും അത്തരത്തിൽ തന്നെയാണ് റിപ്പോർട്ടുചെയ്യപ്പെട്ടത്. ഏതു ജൂവലറിയാണെന്ന വിവരം ലഭിച്ചിട്ടും പേരു വെളിപ്പെടുത്താൻ പത്രങ്ങളൊന്നും തയ്യാറായിട്ടില്ല. അന്വേഷണ സംഘത്തിനു മുൻപാകെ നേരിട്ടു ഹാജരാകാനാണ് ജൂവലറി ഉടമയ്ക്കു കസ്റ്റംസ് നോട്ടിസ് അയച്ചത്. കേസിൽ നേരത്തെ പിടിയിലായ കള്ളക്കടത്തുകാരൻ പി.എ. നൗഷാദിന്റെ ടെലിഫോൺ സംഭാഷണ വിവരങ്ങളിൽ നിന്നാണ് ജൂവലറിക്കു കള്ളക്കടത്തിലുള്ള പങ്ക് കണ്ടെത്തിയത്. മൂന്നു കോടി രൂപയുടെ കുഴൽപ്പണമാണ് ജൂവലറി ഉടമകൾ വാങ്ങിയ സ്വർണത്തിന്റെ വിലയായി കള്ളക്കടത്തു റാക്കറ്റിനു നൽകിയതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. നൗഷാദിന്റെ മൊഴികൾക്കു പുറമെ കേസിലെ മറ്റൊരു പ്രതിയായ ആഷിഖ് എം. ഷാനവാസിന്റെ മൊഴികളും കസ്റ്റംസ് രേഖപ്പെടുത്തി. ഒന്നാം പ്രതി സലിം മേലാത്ത് മക്കാർ സ്വർണം കടത്താൻ ഉപയോഗിച്ചിരുന്ന കാർ കസ്റ്റംസ് കണ്ടെത്തിയത് ആഷിഖിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ്.

കള്ളക്കടത്തു സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പുറത്തു കടത്തിയാൽ മുഖ്യപ്രതിയായ നൗഷാദ് കൂടുതൽ തവണയും വിളിക്കുന്നത് ഈ ജൂവലറി ഗ്രൂപ്പിന്റെ രണ്ടു ശാഖകളിലേക്കാണ്. ഏകദേശം 200 കിലോ ഗ്രാമിലധികം കള്ളക്കടത്തു സ്വർണം ഇവർ വാങ്ങി ആഭരണങ്ങളാക്കി വിൽപ്പന നടത്തിയതായാണ് സൂചന. ഈ ജൂവലറിയുമായുള്ള ഇടപാട് നടത്താൻ ആയില്ലെങ്കിൽ മാത്രമാണ് മറ്റുള്ളവരുടെ പക്കലേക്ക് കള്ളക്കടത്തു സ്വർണം എത്തിയിരുന്നത്.

അങ്ങനെയെങ്കിൽ ഇനിയുമേറെ 'പ്രമുഖ' ജൂവലറികൾ കേസിൽ കുടുങ്ങും. കേസിൽ കുടുങ്ങുന്ന ജൂവലറിക്കാരുടെ പേരു വെളിപ്പെടുത്താൻ പത്രമുത്തശ്ശിമാർ ഇനിയും മടിക്കുമെന്നത് ഉറപ്പാണ്. പരസ്യങ്ങൾ വാങ്ങിക്കൂട്ടി ഉന്നതരെ സംരക്ഷിക്കുമ്പോൾ സാധാരണക്കാരന്റെ ജീവനുപോലും പ്രാധാന്യം കൽപ്പിക്കാതെ പോകുന്ന നിലപാടാണ് മാദ്ധ്യമങ്ങൾക്കുള്ളത്. മറുനാടന്റെ അന്വേഷണത്തിൽ ജൂവലറി ഏതാണെന്നു തെളിഞ്ഞാലുടൻ തന്നെ വായനക്കാരുടെ മുന്നിൽ അതു വെളിപ്പെടുത്തും.

സംഭവത്തിൽ പത്രങ്ങൾ വാർത്ത മുക്കിയാലും നടപടി എടുക്കാൻ ഉറച്ചുതന്നെയാണ് ഉദ്യോഗസ്ഥരുടെ നീക്കം. ജൂവലറി ഉടമകളെ കോടതിയുടെ അനുവാദത്തോടെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയണ് കസ്റ്റംസ്. അടുത്ത ദിവസം നേരിട്ടു ഹാജരാകാൻ ജൂവലറി ഉടമകൾക്കു സമൻസ് അയച്ചിട്ടുണ്ട്. ഇവരുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന മുഖ്യപ്രതി പി.എ. നൗഷാദിന്റെ രഹസ്യ മൊഴികളുടെ പകർപ്പും കസ്റ്റംസ് കോടതിക്കു കൈമാറിയിട്ടുണ്ട്.