കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ ഒത്താശയോടെ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായവരുടെ വിവരങ്ങളിൽ ഞെട്ടി അന്വേഷണ സംഘം. കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണ്ണ വേട്ടയ്ക്ക് നേതൃത്വം നൽകിയ ഫയാസിനെ പോലും നാണിപ്പിക്കുന്നതാണ് ഇവരുടെ കള്ളക്കടത്ത് നേട്ടങ്ങളത്രേ. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റായ സിവിൽ പൊലീസ് ഓഫിസർ മൂവാറ്റുപുഴ രണ്ടാർ സ്വദേശി ജാബിൻ കെ. ബഷീർ (28), സഹോദരൻ നിബിൻ കെ. ബഷീർ (25), പിതാവ് എ.കെ. ബഷീർ (52) എന്നിവരെയാണ് കസ്റ്റംസ് പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

സ്വർണകടത്തു കേസിൽ സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ ആദ്യത്തെ പേരുകാരിൽ ജിബിൻ ഉണ്ടായിരുന്നു. വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. ഏക്കറു കണക്കിനു ഭൂമിയും ബഹുനില മന്ദിരങ്ങളും സ്വന്തമാക്കുന്ന വിധത്തിൽ സാമ്പത്തികശേഷി കൈവരിച്ചത് നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലിയിൽ പ്രവേശിച്ച ശേഷമായിരുന്നു. വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം സെക്യൂരിറ്റി അസിസ്റ്റന്റായി ജോലിയിലെത്താൻ സഹായിച്ചവരെ കുറിച്ചും കസ്റ്റംസിനു വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഐബിയിലെ ഡപ്യൂട്ടേഷൻ അവസാനിപ്പിച്ചു ജാബിനെ കേരള പൊലീസിലേക്കു തിരിച്ചയച്ചിരുന്നെങ്കിലും ഇയാൾ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഒളിവിൽ പോകാൻ ശ്രമിക്കുമ്പോഴാണ് കസ്റ്റംസിന്റെ പിടിയിലായത്.

കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണ കള്ളക്കടത്തുകാരനാണ് ജാബിനെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. പൊലീസുകാരനെന്ന ആനുകൂല്യമാണ് ഇതിനായി ജാബിൻ ഉപയോഗിച്ചത്. കേസിലെ രണ്ടാം പ്രതിയായ നൗഷാദിന്റെ ബന്ധുവാണു ജാബിൻ. 2013 നവംബർ മുതൽ ഇയാളുടെ സഹായത്തോടെ നൗഷാദ് സ്വർണം കടത്തിയിരുന്നു. ദിവസേന എട്ടു മുതൽ 16 കിലോഗ്രാം വരെ സ്വർണം ഇവർ പുറത്തെത്തിച്ചിരുന്നു എന്നാണു വിവരം. ഏകദേശം 1250 കിലോഗ്രാമോളം സ്വർണമാണ് ഇവർ വഴി പുറത്തെത്തിയതെന്നു കണക്കാക്കുന്നു. ഏഴു കോടിയോളം രൂപ ഇവർ സ്വർണ ഇടപാടിലൂടെ നേടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നെടുമ്പാശേരി സ്വർണകടത്തു കേസിൽ അറസ്റ്റിലായ എമിഗ്രേഷൻ വിഭാഗം സെക്യൂരിറ്റി അസിസ്റ്റന്റ് ജാബിൻ കെ. ബഷീറിന്റെ മൂവാറ്റുപുഴയിലെ വീട്ടിൽ ഇന്നലെ വൈകിട്ടു കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. പരിശോധന മണിക്കൂറുകൾ നീണ്ടു. ഇയാൾ അടുത്തിടെ സ്വന്തമാക്കിയതെന്നു കരുതുന്ന ബഹുനില മന്ദിരങ്ങളെ കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചു. കോടികളുടെ സമ്പാദ്യമാണു ജാബിൻ കുറഞ്ഞ കാലം കൊണ്ടു നേടിയത്. റെയ്ഡിൽ ഇയാളുടെ ആസ്തികൾ സംബന്ധിച്ച വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ബന്ധുക്കളെപോലും അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു വളർച്ച. ഇയാളുടെ സാമ്പത്തിക സ്രോതസ് എന്തായിരുന്നുവെന്ന് നാട്ടുകാരറിഞ്ഞതു സ്വർണകടത്തു കേസിൽ അറസ്റ്റിലായെന്ന വാർത്ത എത്തിയപ്പോൾ മാത്രമാണ്.

നൗഷാദ് വിമാനത്താവളത്തിലെ ശുചിമുറിയിൽ ഒളിപ്പിക്കുന്ന സ്വർണം ജാബിൻ പുറത്തെത്തിക്കുകയാണു പതിവ്. ബെൽറ്റിൽ ഘടിപ്പിച്ച സ്വർണം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക ഗേറ്റിലൂടെയാണു പുറത്തെത്തിച്ചിരുന്നത്. സഹോദരൻ നിബിന്റെ സഹായത്തോടെ കാറിൽ സ്വർണം വീട്ടിലെത്തിക്കും. ഇടപാടുകാരിൽ നിന്നു പണം വാങ്ങുകയും സ്വർണം കൈമാറുകയും ചെയ്തിരുന്നതു പിതാവ് ബഷീറായിരുന്നു. ആദ്യം നൗഷാദിനു വേണ്ടി പ്രവർത്തിച്ച ജാബിൻ പിന്നീടു മറ്റു പലർക്കു വേണ്ടിയും സ്വർണം പുറത്തെത്തിച്ചെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

വൻതോതിൽ സ്വർണം കടത്തിയ കേസിൽ വിമാനത്താവളത്തിലെ കരാർ ജീവനക്കാരടക്കം മുപ്പതോളം പേർ ഇതിനകം പിടിയിലായിട്ടുണ്ട്.