മട്ടന്നൂർ: സർക്കാർ ഏജൻസികൾ എത്രകണ്ട് അന്വേഷണം നടത്തിയാലും മുൻകരുതൽ നടപടികൾ സ്വീകരിച്ചാലും സ്വർണ്ണക്കടത്തുകാർക്ക് യാതൊരു കൂസലുമില്ല. ഇവർ സ്വർണ്ണക്കടത്തിനെ പലവഴികൾ കാണുകയാണ്. കേരളത്തിലെ എല്ലാ വിമാനത്താവങ്ങൾ കേന്ദ്രീകരിച്ചു സ്വർണ്ണക്കടത്ത് അനായാസം നടന്നു വരുന്നു. കണ്ണൂർ വിമാനത്താവളത്തെയും ഇക്കൂട്ടർ സ്വർണ്ണക്കടത്തു ഹബ്ബാക്കി മാറ്റിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണ്. ഇന്ന് പിടികൂടിയത് 80 ലക്ഷം രൂപയൂടെ സ്വർണ്ണമാണ്.

ഒന്നര കിലോ സ്വർണവുമായി രണ്ടു കാസർകോട് സ്വദേശികളായ യുവാക്കൾ പിടിയിലായി.അബുദാബിയിൽ നിന്ന് ജി8 54 വിമാനത്തിൽ എത്തിയ കാസർകോട് ചെർക്കള സ്വദേശിയായ ഇബ്രാഹിം ഖലീലിൽ നിന്നാണ് 17,48,700 രൂപയുടെ 335 ഗ്രാം സ്വർണം പിടികൂടിയത്. ഇയാൾ ധരിച്ചിരുന്ന ചെരുപ്പുകൾക്കുള്ളിൽ സമർത്ഥമായി ഒളിപ്പിച്ച രണ്ട് പാക്കറ്റുകളിലായി സ്വർണം സംയുക്ത രൂപത്തിൽ കൊണ്ടുവന്നു പിടിയിലായത്.

ഡിആർഐ കണ്ണൂർ യൂണിറ്റിന്റെ പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച അബുദാബിയിൽ നിന്ന് വന്ന കാസർകോട് ഹൊസ്ദുർഗ് ബീച്ച് സ്വദേശി അബ്ദുൾ ബാസിത്തിൽ നിന്നാണ് 62,43,120 രൂപയുടെ 1196 ഗ്രാം സ്വർണം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് എയർ ഇന്റലിജൻസ് യൂണിറ്റിലെ ഡിആർഐ കണ്ണൂർ യൂണിറ്റിലെ ഉദ്യോഗസ്ഥരും കണ്ണൂർ യൂണിറ്റിലെ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്.

ഇയാൾ ധരിച്ചിരുന്ന കാൽമുട്ട് ബാൻഡുകൾക്കുള്ളിൽ ഒളിപ്പിച്ച ചതുരാകൃതിയിലുള്ള രണ്ട് പാക്കറ്റുകളിൽ സംയുക്ത രൂപത്തിൽ സ്വർണം കൊണ്ടുവരികയായിരുന്നു.
അസിസ്റ്റന്റ് കമ്മീഷണർ ടി.എം മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്‌പെക്ടർമാരായ നിഖിൽ കെ ആർ, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂർ, ജുബർ ഖാൻ, ഓഫീസ് സ്റ്റാഫുകളായ ലിനീഷ്, ലയ എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡുനടത്തിയത്.

നേരത്തെ കോവിഡ് കാലത്ത് മാസങ്ങളോളം രാജ്യാന്തര വിമാനസർവ്വീസ് നിർത്തിയിട്ടും സ്വർണ്ണക്കടത്തിൽ കുതിപ്പ് തുടരുകയാണ്. 2021 ജനുവരി മുതൽ ഡിസംബർ വരെ 22.11 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചു പിടിയിലായിരുന്നു. സ്വർണ്ണത്തിന് പുറമേ മയക്കുമരുന്നും കുങ്കുമപ്പൂവും കടത്തുന്ന പ്രവണതയും കണ്ണൂർ വിമാനത്താവളത്തിൽ വർദ്ധിച്ചു വരികയാണ്. മംഗളൂരു എയർപോർട്ടിൽ അടുത്ത കാലത്തായി സ്വർണ്ണക്കടത്തിന്റെ പതിവ് കുറഞ്ഞത് കണ്ണൂരിലേക്ക് താവളം മാറ്റാനാണോ എന്ന സംശയവും അധികൃതർക്കുണ്ട്. ഇപ്പോൾ കടത്തി പിടികൂടപ്പെടുന്നത് വൻ കടത്തുകാരുടെ തന്ത്രത്തിന്റെ ഫലമാണോ എന്ന സൂചനയുമുണ്ട്. വിമാനത്താവളം വരും മുമ്പ് തന്നെ സാമ്പത്തിക ഇടപാട് മുന്നിൽ കണ്ട് ഇത്തരം സംഘങ്ങൾ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞിരുന്നു.

അത്തരത്തിലുള്ള സൂചനകൾ പൊലീസിനും ലഭിക്കുകയുണ്ടായി. ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയ ക്രിമിനൽ സംഘങ്ങൾ നേരത്തെ തന്നെ ക്വട്ടേഷൻ സംഘങ്ങളായും മാഫിയാ സംഘങ്ങളായും മറ്റും പ്രവർത്തിച്ചു തുടങ്ങിയിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ ക്രിമനലുകൾ കൊടിയുടേയും പ്രത്യയ ശാസ്ത്രത്തിന്റേയും വേർതിരിവില്ലാതെ കർണ്ണാടമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ സാമ്പത്തിക -ഗുണ്ടാ ഇടുപാടുകളിൽ സജീവ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

കുപ്രസിദ്ധമായ കാസർഗോട്ടെ സ്വർണ്ണകടത്ത് സംഘങ്ങളും മംഗളൂരുവിലെ ലഹരിമരുന്നു മാഫിയകളും ഹവാല പണമിടപാരുകാരും ഒരുമിച്ച് ചേരുന്നതിന്റെ സൂചനകളും കണ്ടു വരുന്നുണ്ട്. കേരളത്തിലെ കുറ്റ കൃത്യങ്ങളുടെ കേന്ദ്രമായ കൊച്ചി ഇനി കണ്ണൂരിന് വഴിമാറികൊടുക്കേണ്ട അവസ്ഥയും വന്നേക്കാം. കാസർഗോട്ടെ സ്വർണ്ണകടത്ത് സംഘങ്ങൾ കണ്ണൂർ വിമാനത്താവളത്തെ ലക്ഷ്യമാക്കി കഴിഞ്ഞു.