- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി അംഗങ്ങളുടെ വ്യക്തിബന്ധം പരിശോധിച്ച് മേൽക്കമ്മിറ്റിക്ക് റിപ്പോർട്ട് നൽകണം; പാർട്ടിയുടേതല്ലാത്ത 'പാർട്ടി ഗ്രൂപ്പുകളിൽ'നിന്ന് അംഗങ്ങൾ വിട്ടുനിൽക്കണം; വരവിനെക്കാൾ സ്വത്ത് സമ്പാദിച്ചവരെ നിരീക്ഷിച്ച് റിപ്പോർട്ട് നൽകണം; സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘത്തിൽ നേതൃത്വം 'വലഞ്ഞതോടെ' ശുദ്ധികലശത്തിന് സിപിഎം
തിരുവനന്തപുരം: സ്വർണക്കടത്ത്, ക്വട്ടേഷൻ, പെരുമാറ്റദൂഷ്യം എന്നിങ്ങനെ പാർട്ടിയുടെ 'പ്രതിച്ഛായ' നഷ്ടപ്പെടുന്ന രീതിയിൽ നേതൃത്വത്തിൽ ഉള്ളവരുടെയടക്കം 'ബന്ധങ്ങൾ' പുറത്തായതോടെ ശുദ്ധികലശത്തിന് ഒരുങ്ങി സിപിഎം. സംഘടനാപ്രവർത്തനം ജനകീയവും മാതൃകാപരവുമാക്കാനുള്ള തിരുത്തൽ നടപടിയിലേക്കാണ് സിപിഎം. കടക്കുന്നത്. ജനങ്ങൾ അംഗീകരിക്കാത്തവരുമായി പാർട്ടി അംഗങ്ങളുടെ ചങ്ങാത്തം വിലക്കാനാണ് തീരുമാനം.
ഓരോ ബ്രാഞ്ചും അവയ്ക്കുകീഴിലെ പാർട്ടി അംഗങ്ങളുടെ വ്യക്തിബന്ധം പരിശോധിച്ച് മേൽക്കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യണം. സാമൂഹികമാധ്യമങ്ങളിലെ പാർട്ടിയുടേതല്ലാത്ത 'പാർട്ടി ഗ്രൂപ്പുകളിൽ'നിന്ന് അംഗങ്ങൾ വിട്ടുനിൽക്കണമെന്നും ഇത് പ്രാദേശികഘടകങ്ങൾ ഉറപ്പുവരുത്തണമെന്നുമാണ് നിർദ്ദേശം.
അടുത്ത സംസ്ഥാനകമ്മിറ്റിയിൽ ഇതിനുള്ള നിർദേശങ്ങൾ നൽകും. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ചില പാർട്ടി അംഗങ്ങൾക്കുള്ള അടുപ്പം വെളിപ്പെട്ട പശ്ചാത്തലത്തിലാണിത്. സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പാർട്ടി മാർഗരേഖ ഏർപ്പെടുത്തും. നേരത്തേയും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മാർഗരേഖ പാർട്ടി തയ്യാറാക്കിയിരുന്നു.
ജനങ്ങളുടെ പ്രശ്നങ്ങളും പ്രതികരണങ്ങളും ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നാണ് പാർട്ടിനിർദ്ദേശം. പ്രാദേശികമായി ജനങ്ങളുമായി ചേർന്നുനിന്ന് പ്രവർത്തിക്കുന്നവരാകണം അംഗങ്ങളെന്നാണ് പാർട്ടി നിർദേശിക്കുന്നത്. ക്രിമിനൽപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ദുഷ്പ്രവണതകൾക്ക് അടിപ്പെട്ടവർ, ബ്ലേഡ്-ക്വട്ടേഷൻ സംഘങ്ങൾ എന്നിവരുമായൊന്നും പാർട്ടി അംഗങ്ങൾക്ക് ബന്ധമുണ്ടാകാൻ പാടില്ലെന്ന വ്യവസ്ഥ കർശനമാക്കും.
സിപിഎം. അംഗങ്ങളുടെയും അനുഭാവികളുടെയും വ്യക്തിത്വശുദ്ധി ഉറപ്പാക്കണം. ഇവരുടെ കൂട്ടുകെട്ടുകൾ പരിശോധിക്കണം. ബ്ലേഡ് മാഫിയകൾ, ക്വട്ടേഷൻ-കള്ളപ്പണ-സ്വർണക്കടത്ത് സംഘങ്ങൾ തുടങ്ങിയവയുമായുള്ള ബന്ധം ഒരുതരത്തിലും അംഗീകരിക്കില്ല. പെട്ടെന്ന് പണമുണ്ടാക്കിയവരെയും വരവിനെക്കാൾ സ്വത്ത് സമ്പാദിച്ചവരെയും നിരീക്ഷിച്ച് റിപ്പോർട്ട് നൽകണം.
ജനങ്ങൾ സംശയത്തോടെ കാണുന്നവരുമായുള്ള പാർട്ടി അംഗങ്ങളുടെ ചങ്ങാത്തം ഒഴിവാക്കണം. ഇത്തരക്കാരുമായി അടുത്തബന്ധം പുലർത്തുന്നവരുടെ വിവരം റിപ്പോർട്ട് ചെയ്യണം. സർക്കാരിന്റെയും പാർട്ടിയുടെയും സ്വന്തക്കാരാണെന്നു സ്ഥാപിക്കാൻ ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നുണ്ട്. ഇത് പരിശോധിക്കണം. ഇത്തരം ഗ്രൂപ്പുകളിൽനിന്ന് പാർട്ടി അംഗങ്ങളും നേതാക്കളും പിന്മാറണം. ഗ്രൂപ്പ് അഡ്മിന്മാരോട് അതിൽനിന്ന് പിന്മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ തലത്തിലാണ് സാമൂഹികമാധ്യമ കൂട്ടായ്മകൾ നിരീക്ഷിക്കുക.
നേതാക്കളുടെ പേരിലുള്ള 'ഫാൻസ് ഗ്രൂപ്പുകൾ' ഇല്ലാതാക്കാൻ പാർട്ടി ഘടകങ്ങൾ ശ്രമിക്കണം. പാർട്ടിനിർദ്ദേശം വന്നതിനുപിന്നാലെ പി. ജയരാജന്റെ ഫാൻസ് ഗ്രൂപ്പ് എന്നരീതിയിൽ തുടങ്ങിയ 'പി.ജെ. ആർമി'യുടെ പേര് മാറ്റി. 'റെഡ് ആർമി' എന്നനിലയിലാണ് പുതിയ ഗ്രൂപ്പിന്റെ പ്രവർത്തനം. ജയരാജന്റെ ഫോട്ടോയും പേജിൽനിന്ന് മാറ്റി. അരിവാൾ ചുറ്റികയാണ് പുതിയ പ്രൊഫൈൽ ചിത്രം.
ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ എങ്ങനെ കഴിയുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. വ്യക്തിപരമായി ഒരാൾക്ക് സാമൂഹികമാധ്യമത്തിൽ ഗ്രൂപ്പ് തുടങ്ങാനാകും. അതിന് പാർട്ടിയുടെ ചിഹ്നവും ഔദ്യോഗിക സ്വഭാവവും ഇല്ലാതാക്കാൻ ശ്രമിക്കുക മാത്രമാണ് സിപിഎമ്മിന് ചെയ്യാനാകുക. അതിന് നിയമപരമായ നടപടികളും വേണ്ടിവരും. അത്തരം ഇടപെടൽ പാർട്ടി സ്വീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല. ഇത്തരം ഗ്രൂപ്പുകളിൽനിന്ന് പാർട്ടി അംഗങ്ങളെ മാറ്റിനിർത്തുകയെന്നതാണ് സിപിഎം. ഇപ്പോൾ ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കാൻ സിപിഎം. സംസ്ഥാനസമിതി ജൂലായ് 9, 10 തീയതികളിൽ ചേരും. ജില്ലകളിൽനിന്നുള്ള റിപ്പോർട്ട് ജൂലായ് 7, 8 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടാകും സംസ്ഥാനസമിതിയിൽ അവതരിപ്പിക്കുക.
ഇടതുപക്ഷത്തിന് അനുകൂലമായ വികാരം ശക്തമായി ഉണ്ടായപ്പോഴും ചില ശക്തികേന്ദ്രങ്ങളിൽ വോട്ടുചോർന്നത് ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. കുണ്ടറയിലെയും തൃപ്പൂണിത്തുറയിലെയും പരാജയവും പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. ബിജെപി. വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി മാറിയിട്ടുണ്ടെന്ന പൊതുവിലയിരുത്തലിന്റെ വ്യാപ്തി, വോട്ടുചോർച്ചയുടെ മറ്റുകാരണങ്ങൾ, വീഴ്ചകൾ എന്നിവയെല്ലാം ഇപ്പോഴത്തെ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
മറുനാടന് മലയാളി ബ്യൂറോ