കൊല്ലം: കാശിനുവേണ്ടി പരക്കംപാഞ്ഞു ഒടുവിൽ കൂടുതൽ കൂടുതൽ മോഹിച്ച് ഇരുമ്പഴിക്കുള്ളിലായ കഥയാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ അറസ്റ്റിലായ എസ്‌ഐ മനുവിന്റേത്. കാശുകാരനാകാനായി കല്യാണം കഴിക്കുകയും ഒടുവിൽ കാമുകിക്കൊപ്പം പോകാനായി ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്തയാളാണ് മനു. സ്വർണം കടത്തി കൂടുതൽ സമ്പന്നനായി അവസാനം പിടിയിലാകുകയായിരുന്നു ഇയാൾ.

നെടുമ്പാശേരി സ്വർണകള്ളക്കടത്ത് കേസിൽ നാട്ടുകാരനായ എസ്‌ഐ അറസ്റ്റിലായത് ഇപ്പോഴും കിഴക്കേ കല്ലട ഉപ്പൂട് പള്ളിക്കവിള പ്രദേശവാസികൾക്കു വിശ്വസിക്കാനായിട്ടില്ല. അദ്ധ്യാപക ദമ്പതികളുടെ മകനും പാരലൽ കോളജ് അദ്ധ്യാപകനുമായിരുന്ന മനു എസ്‌ഐ ആകുന്നതിന് മുമ്പുവരെ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു.

കിഴക്കേകല്ലട പള്ളിക്കവിള ഇടപ്പള്ളിൽ വീട്ടിൽ റിട്ട. അദ്ധ്യാപകരായ വിജയൻകുട്ടി, തങ്കമ്മ ദമ്പതികളുടെ ഇളയമകനാണ് മനു. കിഴക്കേക്കല്ലടയിൽ സ്‌കൂൾ വിദ്യാഭ്യാസവും ശാസ്താംകോട്ട കോളേജിൽ ബിരുദ പഠനവും പൂർത്തിയാക്കി നാട്ടിൽ പാരലൽ കോളജ് അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് എസ്‌ഐ നിയമനം കിട്ടിയത്. പ്രദേശത്തെ പുരാതന യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായ മനു സൈന്യത്തിൽ ചേർന്നതോടെ ആളാകെ മാറിയെന്നാണ് നാട്ടുകാർ പറയുന്നത്.

നാട്ടിൽ വല്ലപ്പോഴും മാത്രമാണ് ഇയാൾ വരുന്നത്. അടുത്ത ചില സുഹൃത്തുക്കളോട് മാത്രമാണ് നാട്ടിലെ സൗഹൃദമുള്ളത്.

തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ എസ്‌ഐയായിരിക്കെയാണ് മനു വിവാഹിതനായത്. ഉദ്യോഗസ്ഥ ദമ്പതികളുടെ മകളും അദ്ധ്യാപികയുമായ യുവതിയായിരുന്നു വധു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ 2010ലായിരുന്നു വിവാഹം. 101 പവൻ സ്വർണവും കാറും സ്ത്രീധനമായി വാങ്ങിയ ആർഭാട ചടങ്ങുകൾ. വിവാഹം കഴിഞ്ഞ് വധുവിനെ കുടിയിരുത്തിയശേഷം മനുവിനെ വീട്ടിൽ നിന്ന് ഏറെനേരം കാണാതായി.

തെരച്ചിലിനൊടുവിൽ വീട്ടിനു പിൻവശത്ത് ഒളിച്ചിരുന്ന് മൊബൈൽഫോണിൽ രഹസ്യമായി സംസാരിക്കുന്ന മനുവിനെ നവവധു കണ്ടെത്തി. ഒരു പെൺകുട്ടിയുമായുള്ള ഫോണിലെ രഹസ്യസംഭാഷണം മനുവിന്റെ മാതാവിനെ ബോദ്ധ്യപ്പെടുത്തി. വിവാഹം കഴിയുമ്പോഴെങ്കിലും നീ അവളെ മറക്കുമെന്നാണ് തങ്ങൾ കരുതിയതെന്ന് ആക്രോശിച്ച് മാതാവ് മനുവിനോട് കയർത്തു. മേലിൽ കാമുകിയുമായി ബന്ധപ്പെടരുതെന്ന് മാതാവ് മനുവിനെ താക്കീത് ചെയ്‌തെങ്കിലും അതംഗീകരിക്കാൻ അയാൾ കൂട്ടാക്കിയില്ല.

കാമുകിയെ കൊല്ലത്ത് വരുത്തി വൻകിട ഹോട്ടലിൽ താമസിപ്പിച്ച മനു അവൾക്കൊപ്പം രഹസ്യമായി കഴിയാനാരംഭിച്ചതോടെ കുടുംബപ്രശ്‌നം രൂക്ഷമായി. ബാങ്ക് കോച്ചിംഗിനെന്ന പേരിലാണ് കൊല്ലത്തേക്കു വരുത്തിയത്. കാമുകിയുമായുള്ള ബന്ധം തുടർന്നതോടെ വധുവിന്റെ പിതാവ് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകി.

പെൺകുട്ടിയുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മനുവിനെ ചോദ്യം ചെയ്തപ്പോൾ തനിക്ക് ട്യൂട്ടോറിയൽ കോളജ് ജീവിതത്തിനിടെ പരിചയത്തിലായ പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും അവളെ മറക്കാൻ കഴിയില്ലെന്നും ഇയാൾ സമ്മതിച്ചു. ഇതോടെ വിവാഹ ബന്ധം വേർപെടുത്താൻ വധുവിന്റെ വീട്ടുകാർ തീരുമാനിച്ചു. കോടതി മുഖാന്തിരം മനുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ യുവതിക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നൽകി ആദ്യവിവാഹ ബന്ധം മനു അവസാനിപ്പിച്ചു. കോടതി നിർദ്ദേശിച്ച നഷ്ടപരിഹാരത്തുകയായ നാല് ലക്ഷം രൂപ വധുവിന്റെ വീട്ടുകാർക്ക് അപ്പോൾ തന്നെ നൽകിയാണ് ദാമ്പത്യം അവസാനിപ്പിച്ചത്. ആദ്യവിവാഹം വേർപെടുത്തിയശേഷം മനു തന്റെ കാമുകിയെയാണ് പിന്നീട് ജീവിത സഖിയാക്കിയത്. വർക്കലയിലെ ഒരുക്ഷേത്രത്തിൽ വച്ച് രണ്ട് വർഷം മുമ്പായിരുന്നു വിവാഹം.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ കാമുകിയെ സ്വന്തമാക്കിയ മനു ആഡംബര ജീവിതമാണ് നയിച്ചത്. ആദ്യഭാര്യയുടെ പരാതിയും വിവാഹമോചനവും നാട്ടിൽ പേരുദോഷവും അപകർഷതാബോധവുമുണ്ടാക്കിയതോടെ എറണാകുളത്തായി വാസം. എറണാകുളത്ത് പൊലീസ് ഉന്നതരുൾപ്പെടെ വി.ഐ.പികൾ താമസിക്കുന്ന കടവന്ത്രയായിരുന്നു താമസം. പ്രധാന പൊലീസ് സ്റ്റേഷനുകളിൽ എസ്‌ഐയായിരുന്ന മനു പൊലീസിലേതുൾപ്പെടെ വിവിധ വകുപ്പുകളിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ബന്ധങ്ങൾ ഊട്ടി വളർത്തുകയും ചെയ്തു.

എറണാകുളത്തെ ഒരു ലോഡ്ജ് താവളമാക്കി. ഇവിടെ നിന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നെടുമ്പാശേരി എമിഗ്രേഷൻ വിഭാഗത്തിൽ എസ്.ഐയായി എത്തിയത്. നാലുവർഷമായി അവിടെ തുടരുന്ന മനു സ്വർണകള്ളക്കടത്തുകാരുമായി ചങ്ങാത്തത്തിലായി. മനുവിനൊപ്പം കൊല്ലം ചവറ സ്വദേശിയും സുഹൃത്തുമായ എസ്.ഐ കൃഷ്ണകുമാർ, അഞ്ചൽ സ്വദേശി സജീന്ദ്രൻപിള്ള എന്നിവരും കൂടിയതോടെ സ്വർണക്കടത്തിനും കള്ളത്തരങ്ങൾക്കും കൊല്ലം സ്വദേശികൾ കൂട്ടുസംഘമായി.

നെടുമ്പാശേരിയിൽ സ്വർണക്കടത്തിന് കിലോഗ്രാമിന് അരലക്ഷം രൂപ ക്രമത്തിൽ വർഷങ്ങളായി തുടരുന്ന കള്ളക്കടത്തിലൂടെ മനു കോടികൾ സമ്പാദിച്ചു. കിഴക്കേകല്ലടയിലെ പഴയ കുടുംബവീട് പുതുക്കി പണിത് മനോഹരമാക്കിയ മനു ഏതാനും മാസം മുമ്പാണ് പാലുകാച്ചൽ ചടങ്ങ് നടത്തിയത്. ബന്ധുക്കൾക്ക് വീട് വയ്ക്കാനും മറ്റും വൻതോതിൽ സാമ്പത്തിക സഹായം നൽകിയതും അന്വേഷണസംഘം ഗൗരവമായി എടുത്തിട്ടുണ്ട്.

കിഴക്കേകല്ലട ചിറ്റുമലയിൽ സഹോദരി അടുത്തിടെ നിർമ്മിച്ച ആഡംബര ഭവനത്തിന് പിന്നിലും മനുവിന്റെ സഹായമുള്ളതായി അന്വേഷണ സംഘം കരുതുന്നുണ്ട്. മനുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ഉദ്യോഗസ്ഥർ പണമിടപാടുകളെപ്പറ്റി വിശദമായി അന്വേഷിച്ചുവരികയാണ്. കിഴക്കേകല്ലടയിലേത് കൂടാതെ മറ്റ് സ്ഥലങ്ങളിലും ഇയാൾ വീടോ വസ്തുക്കളോ മറ്റ് സ്വത്തുക്കളോ സമ്പാദിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ രണ്ട് എസ്‌ഐമാരടക്കം നാലു പേർക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഇ വി മനുവിനു പുറമെ ഇമിഗ്രേഷൻ എസ്‌ഐ ആർ കൃഷ്ണകുമാർ, സ്വർണം വിമാനത്തിൽ കൊണ്ടു വന്ന ഇജാസ്, വിമാനത്താവളത്തിനു പുറത്ത് സ്വർണം ഏറ്റുവാങ്ങാൻ കാത്തു നിന്ന ട്രാവൽ ഏജൻസി ഉടമ റഷീദ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. 27 വരെ റിമാൻഡ് ചെയ്ത ഇവരുടെ ജാമ്യാപേക്ഷ 20ന് പരിഗണിക്കും. ഒരു മാസത്തിനിടയിൽ മൂന്നു തവണ ഇവർ കള്ളക്കടത്തിന് ഒത്താശ ചെയ്തതായാണു പ്രാഥമിക വിവരം. ഒരു കിലോഗ്രാം സ്വർണം കടത്തുമ്പോൾ 20,000 രൂപയാണത്രേ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പടി. ഏകദേശം 12 കിലോഗ്രാം സ്വർണം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രതികൾ കടത്തി.

എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച എത്തിയ ഇജാസി (19)ന്റെ ലാപ്‌ടോപ് ബാഗിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണു പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കു വെളിച്ചത്തു വന്നത്.

ഇതിനിടെ ചില ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മദ്യം പുറത്തു കടത്തുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. മദ്യം വാങ്ങാത്ത യാത്രക്കാരെ പരിശോധന നടത്തുമ്പോൾ ഇക്കാര്യം ചോദിച്ചറിഞ്ഞ്, അവരെക്കൊണ്ട് മദ്യം വാങ്ങി പുറത്തു കാത്തു നിൽക്കുന്നയാൾക്ക് കൈമാറുകയാണ് പതിവ്. പിടിയിലായ റഷീദാണ് മദ്യവിൽപ്പനയുടെയും സൂത്രധാരൻ.