കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി ജീവനക്കാരുടെ സഹായത്തോടെ സ്വർണക്കടത്തുകൊഴുക്കുന്നു. വരും ദിവസങ്ങളിൽ വൻ സ്വർണകടത്തിന് കരിപ്പൂർ വേദിയാകുമെന്നും റവന്യൂ ഇന്റലിജൻസിന് വിവരം ലഭിച്ചു. യാത്രക്കാരുടെ ലഗേജ് നഷ്ടമാകുന്നതിൽ ജീവനക്കാർക്കുള്ള പങ്കു പോലെ സ്വർണക്കടത്തിലും ജീവനക്കാരുടെ പങ്ക് ഇതോടെ വ്യക്തമാക്കുകയാണിത്. എയർപോർട്ട് അഥോറിറ്റിയുടെ കീഴിലുള്ള ജീവനക്കാരുടെ പങ്ക് ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറവാണ്. എന്നാൽ സ്വകാര്യ കമ്പനികളുടെ അധീനതയിലുള്ള ജീവനക്കാർ മുതൽ വിവിധ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കു വരെ പങ്കുണ്ടെന്നാണ് വിവരം.

നാട്ടിലും വിദേശത്തും ബിസിനസുകളുള്ള പ്രമുഖർക്ക് വേണ്ടിയാണ് ഇവരുടെ സ്വർണക്കടത്ത്. കേസും മറ്റു പ്രശ്‌നങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടുത്തുന്നതിനും ഇവരുടെ പങ്കുവലുതാണ്. പിടിച്ചുപറിക്കും മോഷണത്തിനും കരിപ്പൂരിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് നേരത്തെയും വെളിവായിരുന്നു. വിമാനത്താവളത്തിൽ നിന്നും മോഷണം പോകുകയും സാധനങ്ങൾ വിട്ടു നൽകുന്നതിന് വൻതുക ഈടാക്കലും പതിവായി കരിപ്പൂരിൽ നടന്നു വരുന്നുണ്ട്.

ഇത്തരം കുറ്റകൃത്യങ്ങൾ നഗ്നമായി തുടരുമ്പോഴും സ്വർണക്കടത്ത് മാഫിയക്കു മേൽ ചെറുവിരലനക്കാൻ പൊലീസിനോ നിയമത്തിനോ കഴിയുന്നില്ല. ഒരു കിലോയിൽ താഴെ മാത്രമാണ് വൻകിട സ്വർണ മുതലാളിമാർക്കു വേണ്ടിയുള്ള കള്ളത്തടത്തിൽ പിടിക്കപ്പെടുന്നത്. ഇതിനാൽ തന്നെ ഇവർ ജാമ്യത്തിലിറങ്ങി പോകുന്ന അവസ്ഥയാണുള്ളത്. കിലോ കണക്കിനു സ്വർണം കടത്തുമ്പോൾ ഒരു കിലോയിൽ താഴെ മാത്രമാണ് ഇവർ സൂക്ഷിക്കുക. ബാക്കി മറ്റു സ്വാധീനങ്ങൾ ഉപയോഗിച്ച് പുറത്തെത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനായി എയർപോർട്ടിനുള്ളിൽ പ്രത്യേക ലോപി തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാനോ പ്രത്യക്ഷത്തിൽ കുറ്റം ചെയ്തതായി കണ്ടെത്താനോ സാധിക്കുന്നില്ല. എന്നാൽ ഗൾഫിൽ നിന്നും എത്തുന്ന സ്വർണം ക്രിത്യമായി ഇവർ പുറത്തെത്തിക്കുന്നുമുണ്ട്.

വിമാന കമ്പനികളുടെ കരാർ പ്രകാരം സ്വകാര്യ കമ്പനികളാണ് എയർപോർട്ടിന്റെയും യാത്രക്കാരുടെയുമെല്ലാം സുരക്ഷാ ചുമതലയുള്ളത്. യാത്രക്കാരുടെ ലഗേജുകളിലും മറ്റുമായി ഇവർക്കുള്ള സുരക്ഷാ ഉത്തരവാദിത്തം മുതലെടുത്താണ് വൻ സ്വർണവേട്ടയും ലഗേജ് മോഷണവും ഇവർ നടത്തുന്നത്. ലഗേജ് ചുമതലയുള്ള ഇത്തരം സ്വകാര്യ കമ്പനികളിലേക്കും ഇവരുടെ കീഴിലുള്ള ജീവനക്കാരിലേക്കും മാസങ്ങൾക്കു മുമ്പ് അന്വേഷണം എത്തിയിരുന്നു. അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പ്രശ്‌നത്തിന്റെ ഉറവിടം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ അന്വേഷണം പാതിവഴിയിൽ നിലക്കുകയായിരുന്നു.

അതേസമയം അന്വേഷ സംഘത്തിലുണ്ടായ പല ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം ലഭിച്ചതായും അന്വേഷണ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥന് നേരെ ഭീഷണിയുണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തി. എന്നാൽ പുതിയ ഇന്റലിജൻസ് വിവരം അതീവ ഗൗരവത്തോടെയാണ് കസ്റ്റംസും പൊലീസും കാണുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവുമായി പിടികൂടിയ ചിലരിൽ നിന്നും സംശയാസ്പദമായി പിടിക്കപ്പെട്ടവരിൽ നിന്നുമാണ് ഈ വിവരം പ്രധാനമായം ലഭിച്ചത്.

സാധാരണ സ്വർണം പിടികൂടുന്നതിലധികവും ഒരു കിലോയിൽ താഴെയായിരിക്കും. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂർ കൂത്തു പറമ്പ് സ്വദേശി റയീസിൽ നിന്നും മൂന്നര കിലോ സ്വർണമാണ് പിടികൂടിയത്. കൂടുതൽ സ്വർണം ഈ ആഴ്ച കടത്തുമെന്ന വിവരം ഇന്റലിജൻസ് റിപ്പോർട്ട് ശരിവെയ്ക്കുന്നതാണിത്. റയീസിന്റെ കടത്ത് ഇതിനു മുന്നോടിയായണെന്നാണ് നിഗമനം. ഇയാൾ നരിട്ട് സ്വർണം കൈവശം വച്ച് കടത്തുകയായിരുന്നുവത്രെ. എന്നാൽ ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ വിവരം ലഭിച്ചിട്ടുണ്ട്.

സ്വർണ വാഹകരായി ഇരുപത് പേരടങ്ങുന്ന സംഘത്തെ തെരഞ്ഞെടുത്തതായും യുഎഇ, സൗദിഅറേബ്യ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക പരിശീലനത്തോടെ ഇവർ നാട്ടിലേക്ക് പുറപ്പെടാനിരിക്കുകയാണെന്നുമാണ് വിവരം ലഭിച്ചിരിക്കുന്നത്. ജീവനക്കാരുടെ സഹായമില്ലാതെ രണ്ട് കിലോയിൽ അധികം സ്വർണം ഓരോരുത്തരുടെയും കൈവശം ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ നടപടികൾ മുതലെടുത്താണ് സ്വർണക്കടത്ത് സംഘങ്ങൾക്ക് ശക്തിപകർന്നതെന്നാണ് കസ്റ്റംസിന്റെ വാദം.