കൊച്ചി: സുരക്ഷാ പരിശോധനകൾ എത്രയൊക്കെ ശക്തമാക്കിയാലും വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്തിന് മാത്രം കുറവുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓരോ ദിവസവും കള്ളക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ. സംസ്ഥാനത്തെ പ്രമുഖ ജൂവലറികളിലേക്ക് പോലും കള്ളക്കടത്ത് സ്വർണം എത്തിയെന്ന് വ്യക്തമാകുമ്പോൾ ഈ സംഘത്തിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന് വ്യക്തമാകുകയും ചെയ്യും. ഒരാൾ മാത്രം വിചാരിച്ചാൽ സ്വർണം എളുപ്പത്തിൽ പുറത്തെത്തിക്കാൻ സാധിക്കില്ലെന്നതിന്റെ തെളിവാണ് നെടുമ്പാശ്ശേരിയിലെ സ്വർണ്ണക്കടത്തുകാരൻ നൗഷാദും സംഘവും നടത്തിയ ഇടപാടുകളിൽ നിന്നും വ്യക്തമാക്കുന്നത്.

ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റുമായി സ്വർണം എത്തിക്കുന്നത് കാരിയർമാരാണ്. എവിടെ നിന്നാണോ കയറുന്നത് അവിടത്തെ വിമാനത്താവള അധികൃതരുടെ കണ്ണുവെട്ടിക്കലാണ് ഇവരുടെ കാരിയർമാരുടെ പ്രധാന ദൗത്യം. ഇങ്ങനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സ്വർണം വിമാനത്താവളത്തിന് വെളിയിൽ എത്തിക്കുക എന്നതായിരുന്നു എമിഗ്രേഷൻ വിഭാഗത്തിലെ കോൺസ്റ്റബിളായിരുന്ന ജാബിൻ ബഷീറിന്റെ പ്രധാന ദൗത്യം. ഒറ്റത്തവണ സ്വർണം കടത്തുമ്പോൾ പതിനായിരക്കണക്കിന് രൂപം കൈയിലെത്തും എന്നത് തന്നെയായിരുന്നു ജാബിനെ പ്രലോഭിപ്പിച്ചതും.

എമിഗ്രേഷൻ ഹാളിൽനിന്ന് നേരെ അഞ്ചാം നമ്പർ ശുചിമുറി വഴിയാണ് സ്വർണ്ണക്കടത്തുകാരുടെ ഓപ്പറേഷൻസ് നടക്കുന്നത്. ബിസ്‌കറ്റുകളായി കൊണ്ടുവരുന്ന സ്വർണം ഇവിടെ വച്ച് കാരിയറുടെ പക്കൽനിന്നു വാങ്ങുന്നത് ജാബിനാണ്. വിമാനത്താവളത്തിൽ നിന്നും സ്വർണ്ണവുമായി കാരിയർ പുറപ്പെടുമ്പോൾ തന്നെ ജാബിന് വിവരം ലഭിക്കുമായിരുന്നു. ജാബിൻ ഡ്യൂട്ടിയിലുണ്ട് എന്ന കാരിയർമാരും ഉറപ്പുവരുത്തും. സ്വർണം കാരിയറിൽ നിന്നും വാങ്ങിക്കഴിഞ്ഞാൽ കാരിയർ പോയിക്കഴിഞ്ഞാൽ ബാത്ത് റൂമിൽ ഏസിയുടെ ഗ്രിൽ തുറന്ന് അതിലാണ് കള്ളസ്വർണം ഒളിപ്പിക്കുന്നത്.

പിന്നീട്, സൗകര്യം പോലെയായിരുന്നു ഇയാൾ സ്വർണം പുറത്തെത്തിക്കുന്നത്. ഒറ്റയ്ക്ക് പുറത്തെത്തിച്ചാൽ തന്നെയും ആവശ്യക്കാരുടെ കൈയിലെത്തിക്കുക എന്നത് റിസ്‌കായിരുന്നു. അതുകൊണ്ട് തന്നെ ജാബിൻ പുറത്ത് ആളുള്ളപ്പോൾ മാത്രമാണ് സ്വർണം പുറത്തേക്ക് കൊണ്ടുപോന്നിരുന്നത്. ജാബിൻ അയാളുടെ സൗകര്യം പോലെ അതെടുത്ത് പുറത്തെത്തിക്കുകയും ചെയ്യും. സിഐഎസ്എഫിന്റെ പരിശോധനയുള്ള സമയങ്ങളിൽ മാത്രം തന്റെ വീതിയുള്ള ബെൽറ്റിൽ വച്ചാണ് ഇയാൾ ചരക്ക് പുറത്തെത്തിക്കുന്നത്. പതിനെട്ട് അറകളുള്ള ബെല്റ്റിൽ എന്താണെന്ന് അറിയാതിരിക്കാനായി കുടവയർ പുറത്തു കാണാതിരിക്കാൻ ഉപയോഗിക്കുന്ന ഇൻഷേപ് പോലുള്ള പ്രത്യേക ബെൽറ്റും ഇയാൾ ധരിക്കാറുണ്ടത്രേ.

ഇങ്ങനെ പുറത്തെത്തിക്കുന്ന സ്വർണം വിമാനത്താവളത്തിനടുത്ത് കാറുമായി കാത്തുനിൽക്കുന്ന പിതാവിനേയും സഹോദരനേയും ഏൽപ്പിക്കുകയാണ് പതിവ്. ഇവരാണ് പിന്നീട് ആവശ്യക്കാരുടെ പക്കൽ എത്തിക്കുന്നത്. ജാബിനെ കൂടാതെ മറ്റ് ഉദ്യോഗസ്ഥർക്കും ഇങ്ങനെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്ന അന്വേഷണവും കസ്റ്റംസ് നടത്തുന്നുണ്ട്. സ്വർണ്ണ ബിസ്‌ക്കറ്റാണ് കൂടുതലായും ജാബിൻ വിമാനത്താവളം വഴി കടത്തിയത്. എന്നാൽ, കസ്റ്റംസ് പരിശോധന കർശനമാക്കിയ വേളയിൽ മറ്റ് വഴികളും സ്വർണ്ണക്കടത്തുകാർ പരീക്ഷിച്ചിരുന്നു. ബാഗിലും ഇലക്ട്രോണിക് സാമഗ്രികൾക്ക് ഉള്ളിലും മറ്റുമായി സ്വർണ്ണക്കടത്ത്.

കേസിലെ രണ്ടാം പ്രതിയായ നൗഷാദിന്റെ ബന്ധുവാണു ജാബിൻ. 2013 നവംബർ മുതൽ ഇയാളുടെ സഹായത്തോടെ നൗഷാദ് സ്വർണം കടത്തിയിരുന്നു. ദിവസേന എട്ടു മുതൽ 16 കിലോഗ്രാം വരെ സ്വർണം ഇവർ പുറത്തെത്തിച്ചിരുന്നു എന്നാണു വിവരം. ഏകദേശം 1250 കിലോഗ്രാമോളം സ്വർണമാണ് ഇവർ വഴി പുറത്തെത്തിയതെന്നു കണക്കാക്കുന്നു. ഏഴു കോടിയോളം രൂപ ഇവർ സ്വർണ ഇടപാടിലൂടെ നേടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഒന്നരവർഷം മാത്രം നെടുമ്പാശേരിയിൽ ജോലി ചെയ്ത് ഏതാണ്ട് എട്ടുകോടി രൂപയാണ് ജാബിൻ അനധികൃതമായി സമ്പാദിച്ചത്. കേരളത്തിന് പുറമേ പാക്കിസ്ഥാനിലേക്കും നൗഷാദും സംഘവും സ്വർണം കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഹവാലാ പണമാണ് ഈ ബിസിനസിനായി മുടക്കുന്നതെന്നാണ് വിവരം. നൗഷാദിന്റെ സംഘത്തിലുള്ള മൂവാറ്റുപുഴ സ്വദേശികളായ 4 യുവാക്കളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവർ ഇപ്പോൾ ഗൾഫിലേക്ക് മുങ്ങിയെന്നാണ് വിവരം. മറ്റ് ജോലികളൊന്നുമില്ലാത്ത ഇവരിൽ ചിലർ വർഷത്തിൽ നാലുതവണയെങ്കിലും ഗൾഫിലേക്ക് പോയി വരാറുണ്ട്. ഇതെല്ലാം സ്വർണക്കടത്തിനായി മാത്രമായിരുന്നു എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. എന്തായാലും ജാബിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ ജൂവലറി ഉടമകളുടെ സ്വർണക്കടത്തിലെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

നൗഷാദും ജാബിനും മുഖേന കേരളത്തിലേക്ക് കടത്തിയ കള്ളക്കടത്തു സ്വർണം മുഴുവനും എത്തിയത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്കാണെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കേരളത്തിൽ പ്രശസ്്തിയുടെ ഉന്നതിയിൽ നിൽക്കുന്ന ജൂവലറികൾ ആയതിനാൽ കരുതലോടെയാണ് കസ്റ്റംസിന്റെ നീക്കം. അതേസമയം താൻ വെറും ഏജന്റ് മാത്രമാണെന്നും ഗൾഫിൽനിന്ന് സ്വർണമിറക്കാനുള്ള പണമുൾപ്പെടെ നൽകുന്ന ഇത്തരം ജൂവലറിക്കാരാണെന്നുമാണ് നൗഷാദ് കസ്റ്റ്ംസിനു കൊടുത്ത മൊഴിയിൽ പറയുന്നത്. ഇയാളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എമിഗ്രേഷൻ വിഭാഗത്തിലെ കോൺസ്റ്റബിളായ ജാബിൻ ബഷീറിനേയും സഹോദരനേയും പിതാവിനേയും അറസ്റ്റ് ചെയ്തത്.