കൊച്ചി: ബന്ധുവായ പൊലീസുകാരൻ ജാബിൻ കെ. ബഷീറിനു നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ സെക്യൂരിറ്റി അസിസ്റ്റന്റായി ഡപ്യൂട്ടേഷൻ തരപ്പെടുത്തി കൊടുക്കാൻ അധോലോകബന്ധമുള്ള നൗഷാദ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും സഹായം തേടിയരുന്നതായി സൂചന. പ്രമുഖ രാഷ്ട്രീയക്കാരും ഇതിനായി നൗഷാദിനെ സഹായിച്ചിട്ടുണ്ടെന്നാണ് സൂചന. പൊലീസ് കുപ്പായത്തിൽ നൗഷാദിന്റെ ഏജന്റുമാർ ഇനിയും നെടുമ്പാശ്ശേരിയിൽ ഉണ്ടാകാമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലും ഇത്തരം ഏജന്റുമാരെ നൗഷാദ് നിയോഗിച്ചിട്ടുണ്ടോ എന്ന സംശയവും വ്യാപകമാണ്. ഈ സാഹചര്യത്തിൽ നെടുമ്പാശ്ശേരി സ്വർണ്ണക്കടത്തിലെ അന്വേഷണം മറ്റ് വിമാനത്താവളങ്ങളിലേക്ക് വ്യാപിക്കും.

ജാബിനെ നെടുമ്പാശ്ശേരിയിൽ ജോലിക്ക് നിയോഗിക്കുമ്പോൾ സ്വർണക്കടത്തുകാരൻ പെരുമറ്റം സ്വദേശി പി.എ. നൗഷാദ് മനസ്സിൽ കണ്ടത് കോടികളുടെ കള്ളക്കച്ചവടമായിരുന്നു. ജാബിൻ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ 2012 ഫെബ്രുവരി മുതൽ 2015 ഏപ്രിൽവരെ സേവനം നടത്തിയതിനിടെ നൗഷാദ് നികുതി വെട്ടിച്ചു കടത്തിയത് 2300 കിലോഗ്രാം സ്വർണം. 2010ലാണ് ജാബിൻ പൊലീസിൽ ചേരുന്നത്. പരിശീലനം പൂർത്തിയാക്കിയ ഉടൻ നെടുമ്പാശ്ശേരിയിൽ എത്തുകയും ചെയ്തു. എമിഗ്രേഷൻ വിഭാഗത്തിലെത്താൻ ജാബിനെ ഉന്നതർ സഹായിച്ചിട്ടുണ്ടെന്നും വ്യക്തമാണ്. നൗഷാദിന് വേണ്ടി പലരും ശുപാർശ നൽകി. എന്നാൽ സ്വർണ്ണക്കടത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിട്ടും ഈ തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല.

ജൂനിയറായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സുപ്രധാനമായ എമിഗ്രേഷൻ വിഭാഗത്തിൽ വളരെ പെട്ടെന്ന് എത്തിക്കണമെങ്കിൽ പിന്നിൽ വളരെ വലിയ സ്വാധീനവും പണമൊഴുക്കും ഉന്നതങ്ങളിലെ കൂട്ടുകച്ചവടവും ഉണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ആരും തയ്യാറല്ല എന്നതാണ് യാഥാർത്ഥ്യം. കൂടാതെ കള്ള സ്വർണ കച്ചവടത്തിൽ മൂവാറ്റുപുഴയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപന ഉടമയുമുണ്ടെന്നാണ് വിവരങ്ങൾ. വർഷങ്ങളായി കുഴൽപ്പണത്തിന്റെയും കള്ള സ്വർണത്തിന്റെയും ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വിവരങ്ങളുണ്ടെങ്കിലും അന്വേഷണമൊന്നുമുണ്ടാവാറില്ല. ഇവരുടെ കൂടെയുണ്ടെന്നു കരുതുന്ന രണ്ട് പ്രധാന കൂട്ടു കച്ചവടക്കാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

നെടുമ്പാശ്ശേരിയിലെ ജോലിക്കിടെ ജാബിൻ രണ്ടു വർഷം കൊണ്ടു സമ്പാദിച്ച 12 കോടി രൂപയുടെ സ്വത്ത് കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്തു കൊണ്ടുമാത്രം ഇത്രയും പണം സമ്പാദിക്കാൻ കഴിയില്ലെന്ന വാദവും ശക്തമാണ്. കള്ളക്കടത്ത് സ്വർണത്തിന് ഒരു കിലോഗ്രാമിന് ഒരു ലക്ഷം രൂപ വീതമാണ് റാക്കറ്റിനു ലഭിക്കുന്നത്. ഇതിന്റെ ലാഭവിഹിതം കൊണ്ടുമാത്രം ജാബിനും കുടുംബത്തിനും ഇത്രയും സ്വത്ത് സമ്പാദിക്കാൻ കഴിയില്ലെന്നു കസ്റ്റംസിനും ബോധ്യപ്പെട്ടിട്ടുണ്ട്.കേരളാ പൊലീസിലെ സാധാരണ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ജാബിന് തൃശൂർ പൊലീസ് ക്യാംപിലെ പരിശീലനം പൂർത്തിയാക്കി ആറു മാസത്തിനകം നെടുമ്പാശേരിയിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ ഡപ്യൂട്ടേഷൻ ലഭിച്ചതും കസ്റ്റംസിനെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ഈ തലത്തിലേക്ക് അന്വേഷണം നടത്താനുള്ള അധികാരം കസ്റ്റംസിനില്ല. അതുകൊണ്ട് തന്നെ കള്ളക്കടത്തുകാരെ സഹായിച്ച ഉന്നതർ രക്ഷപ്പെടാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. നൗഷാദിന്റെ ആസ്തിയുടെ യാഥാർത്ഥ്യം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.

ജാബിൻ 2010ൽ പൊലീസ് പരിശീലനത്തിനു ചേരുമ്പോൾ പിതാവ് എ.കെ. ബഷീറിന്റെ റേഷൻകടയിൽ നിന്നുള്ള വരമാനവും തടിമില്ലിലെ ജോലിക്കു ജാബിനു ലഭിച്ചിരുന്ന ശമ്പളവും അടക്കം 13,000 രൂപയായിരുന്നു ഇവരുടെ മാസവരുമാനം. ഇപ്പോൾ കസ്റ്റംസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ കണക്കെടുപ്പിൽ മൂവാറ്റുപുഴ പട്ടണത്തിൽ മാത്രം ഈ കുടുംബത്തിനു 12 കോടി രൂപയുടെ സ്വത്തുണ്ട്. രണ്ടു കോടി രൂപ വിലവരുന്ന രണ്ടു വീട്, ഒന്നേകാൽ കോടി രൂപ വിലവരുന്ന കുടിയിൽ ഏജൻസിസ് ഗോഡൗണും പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളും, രണ്ടര കോടി വിലമതിക്കുന്ന കുടിയിൽ ഷോപ്പിങ് കോംപ്ലക്‌സ്, ആനിക്കാട് ചിറപ്പടിയിലെ 50 സെന്റ് ഭൂമി, സെന്റിനു മൂന്നു ലക്ഷം രൂപ പ്രകാരം കോതമംഗലത്ത് 40 സെന്റ് ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകിയത്, മുവാറ്റുപുഴ നഗരത്തിൽ ഉയരുന്ന എട്ടു കോടി വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിലെ ബെനാമി നിക്ഷേപം എന്നിവയൊക്കെയാണു രണ്ടുവർഷം കൊണ്ട് ജാബിൻ സമ്പാദിച്ചു കൂട്ടിയത്.

കസ്റ്റംസ് കണ്ടെത്തിയ 2300 കിലോഗ്രാം സ്വർണക്കടത്തിൽ 1500 കിലോഗ്രം വരെ കടത്തിയ വിവരം നൗഷാദിന്റെ കുറ്റസമ്മത മൊഴികളിലുണ്ട്. നൗഷാദിന്റെ കുഴൽപ്പണ ഇടപാടിലും ജാബിൻ പങ്കാളിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പരസ്പരം തിരിച്ചറിയാത്ത 52 പേരടങ്ങുന്ന സംഘമാണു നൗഷാദിന്റെ കള്ളക്കടത്ത് റാക്കറ്റ്. ഇതിലെ 33 പേരെ കംസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം ഇതിനകം അറസ്റ്റ് ചെയ്തു. നൗഷാദ് അറസ്റ്റിലായതോടെ ഇവരുടെ പക്കലുണ്ടായിരുന്ന കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം ജാബിന്റെ നേതൃത്വത്തിൽ ഒളിപ്പിച്ചതായും കസ്റ്റംസിനു വിവരം ലഭിച്ചു. പണം മണ്ണിൽ കുഴിച്ചിടാനുള്ള സാധ്യത മുന്നിൽകണ്ട് ജാബിന്റെ വീടും പരിസരവും കസ്റ്റംസ് അരിച്ചു പെറുക്കി. കള്ളക്കടത്തു സ്വർണം വാങ്ങി ആഭരണങ്ങളാക്കി വിറ്റഴിച്ച ജൂവലറി ഉടമകളേയും ചോദ്യം ചെയ്യും.

ബഷീറും കുടുംബവും സ്വർണ കള്ളക്കടത്തിലെ പ്രധാനികളാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു ആദ്യമെല്ലാം മൂവാറ്റുപുഴക്കാർക്ക്. മൂവാറ്റുപുഴ കാവുങ്കര ചന്തയിൽ വർഷങ്ങളായി ഒരു സാധാരണ റേഷൻകട നടത്തിവരുന്നവരാണ് ജാബിന്റെ കുടുംബം. പൊലീസിൽ ജോലി കിട്ടിയ ജാബിൻ നെടുമ്പാശ്ശേരിയിൽ എമിഗ്രേഷൻ വിഭാഗത്തിൽ ഡെപ്യൂട്ടേഷൻ തരപ്പെടുത്തി എത്തിയതോടെ സ്ഥിതി മാറി. റേഷൻ കടയ്ക്കു പുറമെ കാവുങ്കരയിലെ ഒരു വാടക മുറിയിൽ ബഷീറിന്റെ നേതൃത്വത്തിൽ കച്ചവടം തുടങ്ങി. കുറച്ചുനാൾക്കകം 90 ലക്ഷത്തോളം രൂപയ്ക്ക് ഒരു മുറി സ്വന്തമാക്കി, ഡിസ്‌പോസിബിൾ സാധനങ്ങൾ വിൽക്കുന്ന കുടിയിൽ ഏജൻസീസ് തുറന്നു. ഇതിനിടയിൽത്തന്നെയാണ് കീച്ചേരിപ്പടി വൺവേ ജംഗ്ഷനിൽ വ്യാപാര സമുച്ചയം വാങ്ങുന്നത്. ഇതു കൂടാതെ മൂവാറ്റുപുഴ ഇ ഇ സി മാർക്കറ്റ് റോഡിനു സമീപം ലക്ഷങ്ങൾ വിലമതിക്കുന്ന 40 സെന്റോളം സ്ഥലം വാങ്ങാൻ അഡ്വാൻസും നൽകി. ആവോലി പഞ്ചായത്തിലെ ആനിക്കാട് തുടങ്ങി പലയിടത്തും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

രണ്ട് വർഷം മുൻപ് പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്നപ്പോൾ ബഷീറിനെ സഹായിക്കാൻ പണം സമാഹരിക്കേണ്ടി വന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്ന് കാവുങ്കര നിവാസികൾ ഓർമിക്കുന്നു. റേഷൻ കട നടത്തിപ്പിൽ മാന്യതയും സഹായ മനസ്സും കാണിച്ചിരുന്ന ബഷീറിനെക്കറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമില്ലായിരുന്നു എന്നതും പ്രത്യേകതയാണ്. ബഷീറിന്റെ സഹോദരങ്ങൾ ഇന്നും തീർത്തും സാധാരണ നിലയിലാണ് ജീവിക്കുന്നത്. റേഷൻ കട നടത്തിപ്പ് കുറച്ചുനാൾ മുമ്പാണ് സഹോദരനെ ഏല്പിച്ചത്.