കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സ്വർണ കള്ളക്കടത്തിൽ രണ്ട് സ്വകാര്യ വിമാന കമ്പനികൾക്കും പങ്കെന്നു സൂചന. എയ്‌റോബ്രിജ് ഉപയോഗിക്കാൻ കൂട്ടാക്കാത്ത വിമാനങ്ങൾ കടത്തിനു പ്രേരണയാകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ, സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ ജാബിൻ കെ. ബഷീർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിലെത്തിയതെങ്ങിനെ എന്നതിനെക്കുറിച്ചു ഇന്റലിജന്റ്‌സ് എഡിജിപി എ. ഹേമചന്ദ്രൻ അന്വേഷിക്കാനും ധാരണയായിട്ടുണ്ട്. സംഭവത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വാഴയ്ക്കൻ എംഎൽഎ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നൽകിയ നിവേദനം നൽകിയിരുന്നു ഇതിനെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.

ഉന്നത ബന്ധമാണ് ഇതിനു പുറകിലുള്ളതെന്നും ഒരു മുൻ കേന്ദ്രമന്ത്രിക്കുവരെ കള്ളക്കടത്തിൽ പങ്കുണ്ടെന്ന ആരോപണവും ശക്തമായിട്ടുണ്ട്. അതിനിടെ, സ്വർണക്കടത്തു കേസിൽ പിടിയിലായ ജാബിൻ കെ. ബഷീറിന്റെ വീടുകളിൽ ഇന്നു രാവിലെ വിജിലൻസ് റെയ്ഡ് നടത്തി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ്. വിമാനത്താവളത്തിലെ എമിഗ്രേഷൻ ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന സിവിൽ പൊലീസ് ഓഫീസർ ജാബിൻ കെ. ബഷീർ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി കോടിക്കണക്കിനു രൂപയുടെ വസ്തുവകകൾ വാങ്ങികൂട്ടിയിട്ടുണ്ടെന്നു കസ്റ്റംസ് അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചിരുന്നു.

സ്വർണക്കടത്തു കേസിൽ ജാബിൻ പിടിയിലായതോടെ കൂട്ടത്തോടെ ഒളിവിൽ പോയ കൂട്ടാളികളുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായിരുന്നു. മുഖ്യസൂത്രധാരൻ കുഞ്ഞുമുഹമ്മദിന്റെ മകന്റെ ഫോട്ടോ ഉൾപ്പെടെ അഞ്ചു യുവാക്കളുടെ വാട്‌സ്ആപ് വഴിയും ഫേസ്‌ബുക്കു വഴിയും പ്രചരിക്കുന്നത്. ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു

 

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ നടന്ന സ്വർണക്കള്ളക്കടത്തിലേറെയും രണ്ട് സ്വകാര്യ വിമാനക്കമ്പനികളുടെ വിമാനങ്ങളിലൂടെയാണെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കമ്പനികൾക്കു നേരിട്ട് കടത്തിൽ പങ്കുണ്ടോ എന്ന സംശയത്തിലേക്കു വിരൽ ചൂണ്ടുന്നത്. ഇവ പലപ്പോഴും ഇവിടെയിറങ്ങുമ്പോൾ എയ്‌റോബ്രിജ് ഉപയോഗിക്കാതിരുന്നത് കള്ളക്കടത്തുകാർക്കു സഹായമൊരുക്കുന്നതിനാണെന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്.

ഈ കമ്പനിയുടെ വിമാനങ്ങളിൽ ചിലത് ഇവിടെ നിന്ന് ആഭ്യന്തര സെക്ടറിലേക്ക് തുടർസർവീസുകൾ നടത്തുന്നുണ്ട്. അതിനാലാണ് എയറോബ്രിജ് ഒഴിവാക്കിയിരുന്നതെന്നാണ് ഇവർ അവകാശപ്പെടുന്നത്. ചില സ്വകാര്യ വിമാനക്കമ്പനി ജീവനക്കാരും സ്വർണക്കടത്തുമായി ബന്ധപ്പെട്ടു നേരത്തെ പിടിയിലായിരുന്നു.

എയറോബ്രിജ് ഉപയോഗിക്കതിരുന്നാൽ വിമാനങ്ങളിൽ നിന്നു ബസിലാണു യാത്രക്കാരെ ടെർമിനലിലെത്തിക്കുന്നത്. ഈ ബസുകളുടെ സീറ്റിനടിയിൽ സ്വർണം ഒളിപ്പിച്ചു കടത്തിയിട്ടുണ്ട്. ഇതു പലതവണ കസ്റ്റംസ് പിടികൂടിയിരുന്നു.

അതിനിടെ, സ്വർണക്കടത്തു കേസിലെ പ്രതികൾക്കെതിരെ കൊഫേപോസ ചുമത്താൻ കസ്റ്റംസ് നടപടികളാരംഭിച്ചു. ഇപ്പോൾ അറസ്റ്റിലായ നൗഷാദ്, ജാബിൻ, ഇയാളുടെ സഹോദരൻ നിബിൻ, പിതാവ് ബഷീർ എന്നിവർക്കെതിരെയാണ് കൊഫേപോസ ചുമത്തുക.കൺസർവേഷൻ ഓഫ് ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗ്ലിങ് ആക്ടിവീറ്റീസ് ആക്ട് (കൊഫേപോസ) പ്രകാരം പ്രതികളെ ഒരു വർഷം വരെ വിചാരണ കൂടാതെ ജയിലിലടയ്ക്കാം. സ്വർണക്കടത്തിനും, കുഴൽപണ ഇടപാടുകൾക്കും തീവ്രവാദ ബന്ധങ്ങളുള്ളതായും കസ്റ്റംസ് സംശയിക്കുന്നു. ഒളിവിൽ താമസിക്കുന്നവരിൽ ചിലരാണ് കിഴക്കമ്പലം ജൂവലറി കവർച്ചാ സംഭവത്തിലുൾപ്പെട്ട തീവ്രവാദ സംഘത്തിലെ ചിലർക്കു പണവും സഹായവും എത്തിച്ചു നൽകിയതെന്ന് നേരത്തെ ഇന്റലിജന്റ്‌സിന്റെ റിപ്പോർട്ടും പുറത്തുവന്നിരുന്നു.