കാസർഗോഡ്: സ്വർണ്ണാഭരണ വിതരണക്കാരനെ അടിച്ചു വീഴ്‌ത്തി സ്വർണം കവർന്നത് ഗുണ്ടാസംഘമോ അതോ കവർച്ചക്കാരോ? കർണ്ണാടകത്തിലേയും കേരളത്തിലേയും വിവിധ ജൂവലറികളിൽ സ്വർണ്ണാഭരണം വിതരണം ചെയ്തു തിരിച്ചു പോവുകയായിരുന്ന തൃശൂർ സ്വദേശി ടോണിയെയാണ് കാറിലെത്തിയ സംഘം അടിച്ചു വീഴ്‌ത്തിയത്. സന്ധ്യ മയങ്ങുമ്പോഴേക്കും കാസർഗോഡ് ഗുണ്ടകളും കവർച്ചക്കാരും ഇറങ്ങുന്നത് പതിവായിരിക്കയാണ്. കഴിഞ്ഞ രാത്രി കാസർഗോഡ് കെ.എസ്.ആർ.ടി.സി. ഡിപ്പോക്ക് സമീപം ചേമ്പർ ഓഫ് കോമേഴ്‌സിന് മുന്നിൽ വച്ചാണ് സംഭവം.

ടോണിയുടെ കയ്യിലുണ്ടായിരുന്ന ഒന്നേകാൽ കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ കൊള്ളയടിക്കുകയായിരുന്നു. ചാരനിറമള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘത്തിലെ ഒരാൾ മാത്രമാണ് ടോണിയെ ആക്രമിച്ചു സ്വർണ്ണാഭരണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചതെന്ന് പൊലീസ് പറയുന്നു. ബാഗ് പിടിവിടാതിരിക്കാൻ ടോണി ഏറെ നേരം ശ്രമിച്ചെങ്കിലും തലക്കേറ്റ ക്ഷതത്താൽ അയാൾക്ക് ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. കാറിനു കുറുകെ നിന്ന് തടയാനും ശ്രമിച്ചിരുന്നു. അമിത വേഗതയിൽ കാർ ഓടിച്ച് കവർച്ചക്കാർ രക്ഷപ്പെടുകയായിരുന്നു.

സുള്ള്യക്കടുത്ത പുത്തൂരിലെ സ്വർണ്ണ വിതരണത്തിനു ശേഷം ബാക്കി സ്വർണ്ണവുമായി തൃശ്ശൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിത അക്രമത്തിനും കവർച്ചക്കും ടോണി ഇരയായത്. ഏറെക്കാലമായി ഇയാൾ സ്വർണ്ണാഭരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് കാസർഗോഡും കർണ്ണാടകത്തിന്റെ ഭാഗമായ സുള്ള്യ -പുത്തൂർ മേഖലയിലും പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.
പുത്തൂരിലെ സ്വർണ്ണാഭരണ വിതരണത്തിനു ശേഷം കാസർഗോട്ടേക്ക് മടങ്ങിയ ടോണി കെ.എസ്. ആർ.ടി.സി. സ്റ്റാൻഡിലെത്തുന്ന സമയം കൃത്യമായി അറിയാവുന്ന ആളാണ് ഇതിനു പിറകിലെന്ന് സംശയമുയർന്നിട്ടുണ്ട്. പുത്തൂരിൽ നിന്നും കാസർഗോട്ടേക്ക് ബസ്സ് സർവ്വീസുകൾ കുറവാണ്. അതുകൊണ്ടുതന്നെ ടോണി കയറുന്ന ബസ്സും സമയക്രമവും കൃത്യമായി പുത്തൂരിൽ നിന്നും ചോർന്നിരിക്കാമെന്നാണ് കരുതുന്നത്.

മംഗലാപുരത്തും കാസർഗോഡ് അതിർത്തിയിലും ഗുണ്ടാസംഘങ്ങളെ ഈ സംസ്ഥാനത്തെ പൊലീസുകാർ അമർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ അവരുടെ പ്രവർത്തനം പാണത്തുർ, സുള്ള്യ മേഖലയിൽ വ്യാപിച്ചതായി സൂചനയുണ്ട്. ടോണിയെ ആക്രമിച്ച് സ്വർണ്ണാഭരണം കൊള്ള ചെയ്തതിനു പിറകിൽ സ്വർണം വിതരണം ചെയ്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പങ്കുണ്ടെന്ന സംശയം വർദ്ധിച്ചിരിക്കയാണ്. ഒന്നുകിൽ ഗുണ്ടാസംഘം അല്ലെങ്കിൽ കവർച്ചക്കാർ എന്ന രീതിയിലാണ് അന്വേഷണം നടക്കുന്നത്. പരിക്കേറ്റ ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.