- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണവുമായി കാരിയർ എത്തുന്നുണ്ട് എന്നറിഞ്ഞാൽ പുറത്തു വാഹനങ്ങളിൽ കാത്തു നിൽക്കുക ക്വട്ടേഷൻ സംഘങ്ങൾ; കള്ളക്കടത്ത് സ്വർണം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക ഇവരുടെ ചുമതല; അഞ്ച് യുവാക്കൾ അപകടത്തിൽ മരിച്ച ദിവസം വിമാനത്താവള പരിസരത്ത് എത്തിയത് മുപ്പതിൽ അധികം 'സ്വർണ വണ്ടികൾ'
കരിപ്പൂർ: സ്വർണ്ണക്കടത്തിന്റെ രീതികൾ പലപ്പോഴും വ്യത്യസ്തമായ രീതികളാണ് അവലംബിക്കാറ്. എത്രകണ്ട് സുരക്ഷാ നടപടികൾ സ്വീകരിച്ചാലും സ്വർണം ഒഴുകുന്ന വഴികൾ തുടർന്നു പോരുകയാണ്. വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തുന്ന സ്വർണം പലപ്പോഴും വലിയ തോതിലായിരിക്കും. ഇത് ലക്ഷ്വസ്ഥാനത്ത് എത്തിക്കാൻ വേണ്ടി സ്വർണ വണ്ടികൾ തന്നെ കാത്തു നിൽക്കും. സ്വർണം സുരക്ഷിതമായി എത്തിക്കാൻ നിയോഗിക്കപ്പെട്ടവരായിരിക്കും ഇവർ.
അടുത്ത കാലത്തായി കോഴിക്കോട് വിമാനത്താവള പരിസരം 'സ്വർണ വണ്ടികൾ' കയ്യടക്കുന്നതായി പൊലീസിനു തന്നെ വിവരം ലഭിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പോലും വൻതോതിൽ സ്വർണം കടത്തിയതിന്റെ തെളിവായി തന്നെ ഇതിനെ വിലയിരുത്തുന്നുണ്ട്. യാത്രക്കാരന്റെ കൈവശമുള്ള സ്വർണം വിമാനത്താവളത്തിനു പുറത്തെത്തിയാൽ അതു ലക്ഷ്യസ്ഥാനത്തെത്തിക്കാൻ നാലും അഞ്ചും വാഹനങ്ങൾ എത്തുന്നുണ്ട്. കടത്തു സ്വർണത്തിന് സുരക്ഷ നൽകുകയാണ് ഇവരുടെ ലക്ഷ്യമെങ്കിൽ ഈ സ്വർണം തട്ടിക്കൊണ്ടുപോകാൻ മറ്റു വാഹനങ്ങളിൽ എത്തുന്നവരും കൂടിയാകുമ്പോൾ കോഴിക്കോട് വിമാനത്താവള പരിസരം അടുത്തകാലത്തായി 'സ്വർണ വണ്ടികൾ' കയ്യടക്കുന്നതിന്റെ പലതരം കഥകളാണു പൊലീസിനു ലഭിക്കുന്നത്.
തട്ടിക്കൊണ്ടുപോകലും ഒത്തുകളിയുംമൂലം ചില കടത്തുകാർക്കു കിലോക്കണക്കിനു സ്വർണം അടുത്തിടെ നഷ്ടമായെന്ന വിവരവും പൊലീസിനു ലഭിച്ചു. ഇത്തരത്തിൽ സ്വർണം നഷ്ടപ്പെടാതിരിക്കാനാണു വിമാനത്താവളത്തിനു പുറത്തെത്തുന്ന സ്വർണത്തിന് 'അതീവ സുരക്ഷ' നൽകുന്നത്. ഇവരിൽ ഏറെയും ക്വട്ടേഷൻ സംഘങ്ങളാണ്. കോവിഡ് നിയന്ത്രണങ്ങൾമൂലം വിമാനങ്ങളും യാത്രക്കാരും കുറവാണ്. എന്നാൽ, സ്വർണക്കടത്തിനു കുറവുണ്ടായിട്ടില്ല.
രഹസ്യാന്വേഷണ ഏജൻസികൾ മിക്ക ദിവസങ്ങളിലും സ്വർണം പിടികൂടുന്നുണ്ട്. അതേസമയം, പിടിയിലാകാതെ വിമാനത്താവളത്തിനു പുറത്തെത്തിക്കുന്ന സ്വർണം ഏറെയുണ്ട്. ഒരാൾ എത്തിക്കുന്ന സ്വർണത്തിനായി വിവിധ വാഹനങ്ങളിലായി അൻപതോളം പേർ വിമാനത്താവള പരിസരത്ത് എത്തുന്നണ്ടത്രേ. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ രാമനാട്ടുകരയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ 5 യുവാക്കൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സ്വർണക്കടത്തിനും സ്വർണം തട്ടിയെടുക്കാനും വിമാനത്താവളത്തിൽ എത്തുന്ന സംഘങ്ങളിലേക്കു പൊലീസിനെ എത്തിച്ചത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോൾ പൊലീസിന് വ്യക്തമായത് സ്വർണ്ണ വണ്ടികളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
അപകടം നടന്ന ദിവസം മുപ്പതിലധികം വാഹനങ്ങൾ സ്വർണ ആവശ്യത്തിനു വേണ്ടി മാത്രം വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഈ സംഘങ്ങൾ തമ്മിൽ തർക്കവുമുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്നു പുറത്തു പോകുന്ന പ്രധാന വഴികളിൽ മാത്രമല്ല, ഊടുവഴികളിൽപോലും വാഹനവുമായി സംഘങ്ങൾ കാത്തുനിന്നിരുന്നുവെന്ന വിവരം പൊലീസിനു ലഭിച്ചു.നാട്ടുകാരുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളും പിടിയിലായവരിൽനിന്നു ലഭിച്ച വിവരങ്ങളും മറ്റും ഉൾപ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ