കൊട്ടിഘോഷിച്ചുകൊണ്ടുവന്ന സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റായ ഗൂഗിൾപ്ലസ് എന്തിനാണ് പെട്ടെന്നുതന്നെ ഗൂഗിൾ നിർത്തിയതെന്ന ചോദ്യം വ്യാപകമായി ഉയർന്നിരുന്നു. ഫേസ്‌ബുക്കിനും മറ്റും കിട്ടിയ സ്വീകാര്യത ലഭിക്കാത്തതിനെത്തുടർന്നെന്നായിരുന്നു ഇതിനുണ്ടായ വിലയിരുത്തൽ. എന്നാൽ, അത്രയ്ക്ക് നിസ്സാരമായിരുന്നില്ല കാര്യമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ തുടങ്ങിയ ഗൂഗിൾ പ്ലസ്സിൽനിന്ന് വിവരങ്ങൾ വ്യാപകമായി ചോർന്നതോടെയാണ് ഗൂഗിൾ ഇത് അടച്ചുപൂട്ടിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

2015-നും 2018 മാർച്ചിനുമിടയ്ക്ക് ഗൂഗിൾ പ്ലസ് ഉപയോഗിച്ച ആയിരക്കണക്കിനാളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നി്ട്ടുണ്ടാകാമെന്നാണ് കരുതുന്നത്. എന്നാൽ, ഇക്കാര്യം വെളിപ്പെടുത്താൻ ഗൂഗിൾ തയ്യാറായില്ല. അടുത്തിടെയുണ്ടായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഫേസ്‌ബുക്കിനെ ഉലച്ചതുപോലെ അന്വേഷണവും നിയന്ത്രണങ്ങളും വരുമെന്ന ആശങ്കയിലാണ് വിവരം പുറത്തുവിടേണ്ടെന്ന തീരുമാനത്തിൽ ഗൂഗിൾ എത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാൽ, ഈ വിവരം ചോർന്നതിന് പിന്നാലെ, ഗൂഗിൾ പ്ലസ് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഗൂഗിൾ വ്യക്തമാക്കി. ഏഴുവർഷം മുമ്പാണ് ഗൂഗിൾപ്ലസ് ആരംഭിക്കുന്നത്. മറ്റ് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളുടെയത്ര ജനപ്രീതി നേടാൻ ഇതിന് സാധിച്ചിരുന്നില്ല. ഏതായാലും അടച്ചുപൂട്ടലിന്റെ ഭാഗമായി ജിമെയിലും മറ്റ് ഗൂഗിൾ പ്ലാറ്റ്‌ഫോമുകൾക്കും കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. പ്ലസ്സിനു സംഭവിച്ച വീഴ്ചകൾ ആവർത്തിക്കില്ലെന്നാണ് അവരുടെ വാദം. സുരക്ഷാവിഴ്ചയെത്തുടർന്ന് 4,96,951 ഉപഭോക്താക്കളുടെ പേരുകൾ, ഇമെയിൽ വിലാസം, ജനനത്തീയതി, പ്രൊഫൈൽ ചിത്രങ്ങൾ, തൊഴിൽ, താമസസ്ഥലം തുടങ്ങിയ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്.

ഇക്കൊല്ലമാദ്യം നടത്തിയ പ്രോജക്ട് സ്‌ട്രോബ് എന്ന ഇന്റേണൽ ഓഡിറ്റിലാണ് പ്ലസ്സിലെ സുരക്ഷാവീഴ്ച ഗൂഗിൾ ക്‌ണ്ടെത്തിയത്. ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാൻ സാധിക്കാതിരുന്ന പ്ലസ്സിന് ഇത്തരമൊരു ഭീഷണികൂടിയുണ്ടെന്ന തിരിച്ചറിവിൽ, അതിന്റെ പ്രവർത്തനം തന്നെ നിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് ബെൻ സ്മിത്ത് പറഞ്ഞു. പ്ലസ്സിനുണ്ടായ സുരക്ഷാവീഴ്ചയുടെ വിവരം പുറത്തായതോടെ, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫാബെറ്റിന്റെ ഓഹരികളിൽ 2.2 ശതമാനം ഇടിവുണ്ടായി.