ഗൂഗിളിൽ ലിംഗ സമത്വത്തിന്റെ ആവശ്യമില്ലെന്ന ഗൂഗിളിലെ മുതിർന്ന സോഫ്റ്റ് വെയർ എൻജിനീയറുടെ കുറിപ്പ് വിവാദമാവുന്നു. ലിംഗ/ വർണ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള ഗൂഗിളിന്റെ പദ്ധതികളെ വിമർശിച്ചുകൊണ്ടുള്ള എൻജിനീയറുടെ കുറിപ്പാണ് ഗൂഗിളനകത്ത് തന്നെ വലിയ വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്.

'സാങ്കേതിക രംഗത്ത് സ്ത്രീ സാന്നിധ്യം കുറവാകുന്നതിന് കാരണം ജോലിസ്ഥലത്തെ പക്ഷപാതിത്വമോ വിവേചനമോ അല്ല. ആണും പെണ്ണും തമ്മിലുള്ള ശാരീരിക മാനസിക പ്രത്യേകതകളാണ്. അതിനെ ലിംഗവിവേചനം എന്ന തരത്തിൽ വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം'.' ഗൂഗിൾസ് ഐഡിയോളജിക്കൽ എക്കോ ചേമ്പർ' എന്ന് പേരിട്ടിരിക്കുന്ന കുറിപ്പിൽ അദ്ദേഹം പറയുന്നു.

സ്ത്രീകൾക്ക് നല്ലത് സാമൂഹ്യരംഗത്തോ കലാരംഗത്തോ പ്രവർത്തിക്കുന്നതാണ് സ്ത്രീകൾക്ക് അഭികാമ്യമെന്നും പേരുവെളിപ്പെടുത്താത്ത ഈ ഗൂഗിൾ എൻജിനീയർ അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നുണ്ട്. പത്ത് പേജുകളുള്ള ഈ കുറിപ്പിന്റെ പൂർണരൂപം ഗിസ്മോഡോ ഡോട്ട് കോം പുറത്തുവിട്ടിട്ടുണ്ട്.

സ്ത്രീവിരുദ്ധ പരാമർശങ്ങളടങ്ങിയ കുറിപ്പ് വാർത്തയായതോടെ വലിയ പ്രതിഷേധമാണ് ഈ കുറിപ്പിനെതിരെ ഉയർന്നത്. ഇതേ തുടർന്ന് ഗൂഗിളിന്റെ ഡൈവേഴ്സിറ്റി ഇന്റഗ്രിറ്റി ആൻഡ് ഗവേണൻസിന്റെ പുതിയ മേധാവി ഡാനിയേൽ ബ്രൗൺ വിശദീകരണവുമായി രംഗത്തെത്തി.
'സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഗൂഗിളിൽ എല്ലാവർക്കുമുണ്ട്. എന്നാൽ ലൈംഗികതയെ സംബന്ധിച്ച് തെറ്റായ നിരീക്ഷണമാണ് വിവാദമായ കുറിപ്പിലുള്ളത്.

ഈ കുറിപ്പ് ഒരിക്കലും ഗൂഗിളിന്റെ ഔദ്യോഗിക അഭിപ്രായമോ നിലപാടോ അല്ല. വൈവിധ്യവും ഐക്യവും ഗൂഗിൾ പിന്തുടരുന്ന മൂല്യങ്ങളുടെ പ്രധാന ഘടകങ്ങളാണ്. അത് തന്നെയാണ് സ്ഥാപനത്തിന്റെ വിജയത്തിനാധാരവും. അതുകൊണ്ടു തന്നെ നാനാത്വത്തിനും ഐക്യത്തിനും വേണ്ടി ഗൂഗിൾ നിലകൊള്ളുകയും അത് തുടരുകയും ചെയ്യും'. മദർബോഡ് എന്ന ഓൺലൈൻ മാധ്യമം പുറത്തുവിട്ട ഡാനിയേൽ ബ്രൗണിന്റെ പ്രതികരണ കുറിപ്പിൽ പറയുന്നു.

ഗൂഗിളിൽ ലിംഗവിവേചനം നിലനിൽക്കുന്നുണ്ടെന്നും, ശമ്പളവിതരണത്തിന്റെ കാര്യത്തിൽ സ്ത്രീ പുരുഷ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നും. ഈ വിഷയത്തിൽ ഗൂഗിൾ നിയമലംഘനം നടക്കുന്നുണ്ടെന്നുമുള്ള അമേരിക്കൻ തൊഴിൽ വകുപ്പിന്റെ കണ്ടെത്തൽ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കണ്ടെത്തലുകളെ ഗൂഗിൾ അന്ന് നിഷേധിക്കുകയും ചെയ്തിരുന്നു.