വിയറബ്ൾ സ്മാർട് ഉപകരണങ്ങളിൽ വിപ്ലവത്തിനൊരുങ്ങുന്ന ഗൂഗിൾ ഗ്ലാസ് നമ്മുടെ സുരക്ഷയ്ക്ക് പുതിയൊരു ഭീഷണിയാകുന്നു. പത്തടി ദൂരത്തു നിന്നുവരെ നമ്മുടെ പിൻ നമ്പർ ഒറ്റ നോട്ടത്തിലൂടെ അടിച്ചുമാറ്റാൻ ഈ ഗ്ലാസിനു കഴിയുമെന്ന ഗവേഷകരുടെ കണ്ടെത്തൽ നമ്മുടെ ഉറക്കം കെടുത്താൻ പോകുന്നു. ടാബ്ലെറ്റുകളിലോ സ്മാർട്ട് ഫോണിലോ വിരലോടിക്കുമ്പോഴുണ്ടാകുന്ന ചലനങ്ങളും നിഴലും അളന്നുമുറിച്ചെടുത്ത് ഡയൽ ചെയ്ത പിൻ കോഡും പാസ്‌വേഡും കണ്ടെത്താൻ കഴിയുന്ന പ്രത്യേക സോഫ്റ്റ്‌വെയർ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നു. ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയോ, വ്യാപാരശാലകളിൽ കാർഡുപയോഗിച്ച് പണമൊടുക്കുകയോ ചെയ്യുമ്പോൾ നൽകുന്ന, നാലക്ക പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പർ ആണ് പിൻ. എന്നാൽ ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ചു മാത്രമല്ല, ഐഫോൺ ഫൈവ്, സാംസങ് സ്മാർട്ട് വാച്ച്, വെബ്കാം എന്നിവയിലും ഈ ടെക്‌നിക് പ്രവർത്തിക്കുമെന്നും അവർ കാണിച്ചു.

യൂണിവേഴ്‌സിറ്റി ഓഫ് മസാചുസെറ്റ്‌സ് ലോവലിലെ പ്രൊഫസർ സിൻവെൻ ഫുവിന്റെ നേതൃത്വത്തിലുള്ള ഈ ഗവേഷണ സംഘം തങ്ങളുടെ സോഫ്റ്റ്‌വെയർ ബ്ലാക്ഹാറ്റ് ഹാക്കേഴ്‌സ് കോൺഫ്രൻസിൽ അവതരിപ്പിക്കാനിരിക്കുകയാണ്. ഗൂഗിൾ ഗ്ലാസ് ഉൾപ്പെടെയുള്ള സ്‌പൈയിങ് ക്യാമറകൾക്ക് മൂന്ന് മീറ്റർ വരെ ദൂരത്തിലുള്ള ടച് സ്‌ക്രീൻ വിരൽ ചലനങ്ങളെ പിടിച്ചെടുക്കാനും 90 ശതമാനം വരെ കൃത്യമായി പാസ്‌വേഡുകളെയും രഹസ്യ പിൻ കോഡുകളേയും തിരിച്ചറിയാനും കഴിയുമെന്ന് അവർ അവകാശപ്പെടുന്നു.

വിരൽതുമ്പിന്റെ ചലനങ്ങൾ പിടിച്ചെടുത്ത് ഡയൽ ചെയ്ത കീകൾ കണ്ടെത്തുന്നതാണ് ഈ വിദ്യ. വിരൽ തുമ്പിനു ചുറ്റുമുള്ള നിഴലിനെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. ഇതിനെ മറ്റു കമ്പ്യൂട്ടർ കാഴ്ചാ സങ്കേതങ്ങളുമുപയോഗിച്ച് വിരലോടിച്ച വഴികൾ അളന്നെടുക്കുന്നു. ഇതുവഴി ഏതാണ്ട് കൃത്യമായ കീകൾ തിരിച്ചറിയാൻ കഴിയുമെന്നാണ് ഗവേഷകരുടെ വാദം. ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ ഇതു പയറ്റാനാകുമെന്നാണ് ഇവർ പറയുന്നത്. അതേസമയം ഈ ഒളിയാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മറ്റൊരു വിദ്യയും ഇവർ തയാറാക്കുന്നുണ്ട്. ഓരോ തവണ ഉപയോഗിക്കുമ്പോഴും കീബോർഡിലെ അക്ഷരസ്ഥാനങ്ങൾ കുഴമറിയുന്ന സുരക്ഷിത കീബോർഡാണിത്. ഓൺലൈൻ ബാങ്കിങ് ഇടപാടുകളിൽ നിലവിൽ ഉപയോഗിക്കുന്ന സങ്കേതമാണിത്.


ആളുകൾ ടൈപ്പ് ചെയ്യുന്നത് ഒളിഞ്ഞു നോക്കി പാസ് വേഡ് മോഷ്ടിക്കുന്നത് പുതിയ സംഭവമല്ല. ഗൂഗിൾ ഗ്ലാസ് നിർമ്മിച്ചിരിക്കുന്നത് സ്വകാര്യത മുന്നിൽ കണ്ടാണ്, എന്നായിരുന്നു പുതിയ ഗവേഷണ ഫലം പുറത്തു വന്നതോടെ ഗൂഗിളിന്റെ പ്രതികരണം. ഐഫോണും മറ്റും കയ്യിലെടുത്തു പിടിച്ചു വിരൽചലനങ്ങൾ നിരീക്ഷിച്ചാൽ ആളുകൾ പെട്ടെന്നു തിരിച്ചറിയുമെന്നും എന്നാൽ കണ്ണടയാവുമ്പോൾ ഇതു ശ്രദ്ധയിൽ പെടുകയില്ലെന്നുമാണ്, ഗവേഷകരുടെ വാദം. എന്നാൽ ക്യാമറ പ്രവർത്തിക്കുമ്പോൾ തന്നെ ഗൂഗിൾ ഗ്ലാസിലെ ഫ്‌ളാഷ് ലൈറ്റ് വർക്ക് ചെയ്യുമെന്നും അതുകൊണ്ടുതന്നെ, ഒളിക്യാമറയായി ഇതിനെ ഉപയോഗിക്കാനാവില്ല എന്നും ഗൂഗിൾ വിശദീകരിക്കുന്നു.

അതേ സമയം കൂടുതൽ മികച്ച ഒപ്റ്റിക്കൽ സൂമുള്ള കാംകോഡർ ഉപയോഗിച്ച് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വരെ ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് 150 അടി ദൂരത്തിലുള്ള പാസ് വേഡ് ഡയലുകൾ പൊക്കിയെടുത്ത് ഞെട്ടിപ്പിച്ചിരിക്കുകയാണ് ഗവേഷകർ.