പുലി വരുന്നു.. പുലിയെന്ന് പറഞ്ഞ് മലയാളികൾ ഗൂഗിൾ മലയാളം ട്രാൻസ്ലേറ്ററിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു. ഒടുവിൽ പുലി വന്നു. പക്ഷേ, അൽപ്പം ശൗര്യം കുറവാണെന്ന് മാത്രം. പറഞ്ഞുവരുന്നത് ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ കാര്യമാണ്. ഗൂഗിൾ ട്രാൻസ്ലേറ്ററിൽ മലയാളം ഉൾപ്പെടുത്തിയെങ്കിലും കാര്യം നടക്കണമെങ്കിൽ ഡിക്ഷ്ണറി കൈയിൽ കരുതണം. ചില വാചകങ്ങളുടെ ഉത്തരം തേടിയാൽ തലതല്ലി ചിരിക്കാനുള്ള വകുപ്പും കിട്ടും. കാരണം തേങ്ങാക്കുലയുടെ ഇംഗ്ലീഷ് ട്രാസ്ലേറ്റിൽ കാണിക്കുക മർർഡർ ഓഫ് കോക്കനെട്ട് എന്നാണ്. കൂടാതെ ഉപ്പുമാവിന്റെ ഇംഗ്ലീഷ് സാൾട്ട് മാംഗോ ട്രീയും. ടിന്റുമോൻ ജോക്‌സിന് പകരം ഇനി മലയാളികൾക്ക് ട്രാൻസ്ലേറ്റ് മതിയെന്നാണ് പൊതുവിലുള് പറച്ചിലിപ്പോൾ.

അർത്ഥം അറിയാൻ ഒരു വാക്കോ വാചകമോ ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ നോക്കിയാൽ നൽകിയ പലതിനും വാക്കുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഗൂഗിൾ നൽകുന്നത്. സാൾട്ട് മാംഗോ ട്രീ തന്നെ ഉദാഹരണം. മോഹൻലാലിന്റെ ഹിറ്റ് ഡയലോഗിനെയാണ് ഗൂഗിൽ തിരഞ്ഞെടുത്തത്. സിപിഐ(എം) എന്നാൽ പിണറായി എന്നും മദ്യനയം എന്നാൽ വി എം സുധീരനെന്നും ട്രാൻസ്ലേറ്റ് ഉത്തരം പറയും.

ഇനി വി എസ് എന്ന് ടൈപ്പ് ചെയ്താലോ ഉടൻ ഉത്തരം വരികയായി ബോട്ടം എന്ന ഇംഗ്ലീഷ് വാക്ക്. വി എസ് സിപിഎമ്മിൽ അടിത്തട്ടിലാണ് എന്നാണോ ഗൂഗിൾ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. കേരളാ ഈസ് മൈ സ്‌റ്റേറ്റ് എന്നു നൽകിയാൽ കേരളം എന്റെ സ്ഥിതി എന്നാണ് ഗൂഗിളിന്റെ ഉത്തരം. പോടാ കുരങ്ങാ എന്നാൽ റിയലി ക്യൂട്ട് എന്നും ഗൂഗിൾ ഉത്തരം നൽകും. നിനക്ക് വട്ടാണോ എന്ന് ചോദിച്ചാൽ ഗസ് യു എന്നും ഹിയർ വി ഓൾ ആർ ഫൈൻ എന്നതിന് ഇവിടെ എല്ലാവരും ഗദ്ദ എന്നുമൊക്കെയാണ് ഗൂഗിളിന്റെ തമാശ നിറഞ്ഞ വിവർത്തനങ്ങൾ.

നേരത്തെ വിവർത്തകർ ചേർത്ത വാക്കുകളാണ് അർത്ഥമായി വരുന്നത്. മെഷീൻ ട്രാൻസ്‌ലേഷന് പരിമിതിയുണ്ടെന്നുമാണ് ഗൂഗിളിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം മുതലാണ് ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ മലയാളം ലഭ്യമായി തുടങ്ങിയത്. മലയാളം ഉൾപ്പെടെ പത്തു ഭാഷകൾ കൂടിയാണ് ഗൂഗിൾട്രാൻസ്ലേറ്റിൽ പുതുതായി ഉൾപ്പെടുത്തിയ്ത. 90 ഭാഷകളാണ് ഗൂഗിൾ ട്രാൻസ്ലേറ്റിലുള്ളത്. ഇതിലേക്ക് കൂടുതൽ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടുത്താൻ ശ്രമിച്ചുവരികയാണ് ഗൂഗിൾ.

ഇതോടെ ലോകത്ത് ഇരുപത് കോടി ആളുകൾക്ക് മറ്റുഭാഷകളിൽ നിന്ന് മാതൃഭാഷയിലേക്കും തിരിച്ചും വിവർത്തനം നടത്താവുന്നതാണ്. ഇപ്പോഴത്തെ പിഴവുകൾ പരിഹരിച്ച് അർത്ഥം ശരിയാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ് ഗൂഗിൾ.