തിരുവല്ല: ഓശാന റാസയിലേക്ക് കാർ ഇടിച്ചു കയറ്റിയത് ചോദ്യം ചെയ്തവർക്ക് നേരേ കുരുമുളക് സ്പ്രേ നടത്തിയ ഗുണ്ടാ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ കൊയിലാണ്ടി രാഹുൽ എന്നു വിളിക്കുന്ന രാഹുൽ (27), കുറ്റപ്പുഴ പാപ്പനംവേലിൽ സുബിൻ അലക്സാണ്ടർ (24), കുന്നന്താനം മണക്കാട് വീട്ടിൽ നന്ദു നാരായണൻ (24), എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാവിലെ ഒമ്പത് മണിക്ക് നടന്ന തുകലശേരി സെന്റ് ജോസഫ് പള്ളിയിൽ നടന്ന ഓശാന റാസയ്ക്കയ്ക്കിടെ ആയിരുന്നു സംഭവം. നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, സ്റ്റീഫൻ ജോർജ്, ജോൺ ജോർജ്, ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് ഗുണ്ടാസംഘം കുരുമുളക് സ്പ്രേ ആക്രമണം നടത്തിയത്. ഇവർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ പ്രതികൾ കാറിൽ രക്ഷപെടുകയായിരുന്നു. ഇവർ പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. രാഹുലിന്റെ കുഞ്ഞിന് അസുഖം കൂടിയതിനാൽ മരുന്നു വാങ്ങാനായി പോവുകയായിരുന്നുവെന്നാണ് പ്രതികൾ പറയുന്നത്. റാസയ്ക്ക് സമീപം ചെന്നപ്പോൾ ഒരു മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞുവെന്നും ഇതു ചോദ്യം ചെയ്തപ്പോൾ വാക്കേറ്റമായി.

പ്രതികൾ കാറിലിരുന്നു കൊണ്ടു തന്നെ വെളിയിൽ നിൽക്കുന്നവരുമായി അടിയുണ്ടാക്കാനുള്ള ശ്രമവും നടന്നു. ഈ സമയം പിന്നിലിരുന്നയാളാണ് കുരുമുളക് സ്പ്രേ അടിച്ചത്. പ്രതികൾ ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണെന്നും പറയുന്നു. നാലു പേർ ചേർന്നാണ് ആക്രമിച്ചതെന്ന് പള്ളിക്കമ്മറ്റി ഭാരവാഹികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.