കൽപ്പറ്റ: സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പൊലീസിനെ വെല്ലുവിളിച്ച ഗുണ്ട, നെല്ലായി പന്തല്ലൂർ മച്ചിങ്ങൽ വീട്ടിൽ ഷൈജു (പല്ലൻ ഷൈജു-43) പിടിയിൽ. വയനാട്ടിൽ നിന്നാണ് ഇയാളെ കോട്ടക്കൽ പൊലീസ് പിടികൂടിയത്. നിരവധി കേസുകളി പ്രതിയായ ഷൈജു സാമൂഹിക മാധ്യമങ്ങളിൽ കൂടി പൊലീസിനെ വെല്ലുവിളിച്ചിരുന്നു.

വയനാട്ടിലെ റിസോർട്ടിൽ നിന്ന് ഇന്ന് പുലർച്ചെ ആണ് ഇയാൾ പിടിയിലായത്. മലപ്പുറം എസ് പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘം റിസോർട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.

തൃശ്ശൂർ കൊടകര സ്വദേശിയായിരുന്ന പല്ലൻ ഷൈജുവിനെ കഴിഞ്ഞ മാസം ഗുണ്ടാ നിയമപ്രകാരം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കാൻ സാധിക്കില്ല. ജില്ലയിൽ പ്രവേശിച്ചു എന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാം. ഇതിന് പിന്നാലെ 'താൻ കടലിലാണ് ഉള്ളത്. അതിർത്തികളിൽ താൻ ഉണ്ട്' എന്ന് പറഞ്ഞ് ഇയാൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.

തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ ഗുണ്ടാസംഘ നേതാവായ ഷൈജു പിന്നീട് കുഴൽപ്പണം തട്ടുന്ന സംഘത്തിന്റെ നേതാവായി മാറി. തൃശ്ശൂരിൽനിന്ന് പന്തല്ലൂരിലേക്ക് വർഷങ്ങൾക്കു മുൻപ് താമസംമാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ജില്ലയിൽ തന്നെ നിരവധി വീടുകളിൽ കയറി ആക്രമിച്ചതിന്റെ പേരിലുള്ള കേസുകളിലും, കൊലപാതക ശ്രമ കേസുകളിലും പ്രതിയാണ് പല്ലൻ ഷൈജു.